പുഴുപ്പല്ലിനു വിടചൊല്ലാം

ആ…!!! ആപ്പിൾ കടിച്ച ഉടനെ നായകൻ ഒച്ചവെച്ചു, ആപ്പിൾ ശ്രദ്ധിച്ചപ്പോഴോ അതിൽ പല്ലിന്റെ അടയാളത്തിൽ രക്തക്കറ. എല്ലാ കാലങ്ങളിലെയും ടൂത്ത്‌പേസ്റ്റ് പരസ്യങ്ങളുടെ ഏകദേശ ചിത്രം ഇങ്ങനെ ഒക്കെയാണ്. പിന്നീട് ഡോക്ടർ ആയും റിപോർട്ടറായും പ്രത്യക്ഷപ്പെടുന്ന മുൻനിര നായിക-നായകൻമാരുടെ ചോദ്യമായി, പ്രശ്നത്തിനുള്ള  പ്രതിവിധിയും. പരസ്യങ്ങളുടെ കഥ അവിടെ അവസാനിക്കുന്നു, എന്നാൽ നമ്മുടെ പല്ലുകളുടെ അവസ്ഥയോ?! എത്രയെല്ലാം ടൂത്ത്‌പേസ്റ്റുകൾ മാറി മാറി പരീക്ഷിച്ചിട്ടും രണ്ടുനേരം പല്ലു തേച്ചിട്ടു പോലും പല്ലിന്റെ അവസ്ഥയിൽ യാതൊരു മാറ്റവും പ്രകടമായി കാണാനില്ല. ഇപ്പോഴും നമ്മളിൽ പലരും ഡെന്റിസ്റ്റുകളുടെ അപ്പോയ്ൻമെന്റിനായി കാത്തിരിപ്പു തുടർന്നു കൊണ്ടേ ഇരിക്കുകയാണ്. ചെറിയ പ്രായത്തിൽ തന്നെ കേടായ പല്ലടക്കാനും, റൂട്ട് കനാൽ ചികിത്സകൾക്കും, കേടായ  പല്ലുപറിച്ചു കളയാനും പോകാത്ത എത്രപേർ നമുക്കിടയിൽ കാണും, അങ്ങിനെയെങ്കിൽ എവിടെയാണ് നമുക്ക് തെറ്റുപറ്റിയത്?

പൽപൊടിയും, മാവിലയും, ഉമിക്കരിയുമെല്ലാം ഉപയോഗിച്ച് വളരെ ശ്രദ്ധയോടെ ദന്തസംരക്ഷണം ചെയ്തു കൊണ്ടിരുന്ന ഒരു തലമുറയെ അറിയാനായി നമുക്ക്  അത്ര പുറകിലേക്കു ഓർമ്മകൾ കൊണ്ടു പോകേണ്ടി വരില്ല എന്നതാണ് സത്യം. പിന്നീട് ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത്‌പേസ്റ്റുകളിൽ തുടങ്ങി, ഉപ്പും, ആക്ടിവേറ്റഡ് ചാർക്കോളും വരെ എത്തി നിൽക്കുന്ന ടൂത്ത്‌പേസ്റ്റ് കമ്പനികൾ, അടുത്തിടെ ആയുർവേദ സംരക്ഷണവും ഉറപ്പാക്കി തുടങ്ങി. അങ്ങിനെയെങ്കിൽ ഈ വിഷയത്തിൽ ആധുനിക ശാസ്ത്ര ഗവേഷണങ്ങൾ ഇനിയും നടത്തേണ്ടത് അത്യാവശ്യമാണെന്നല്ലേ ഇവ സൂചിപ്പിക്കുന്നത്. എന്തിനു ഇനിയും കാത്തിരിക്കണം! ആയുർവേദ ശാസ്ത്രം  പുഴുപ്പല്ലിനെക്കുറിച്ചും ദന്തസംരക്ഷണ രീതികളെ കുറിച്ചും  വിവരിച്ചിരിക്കുന്ന വഴികളിലൂടെ നമുക്കൊന്ന് സഞ്ചരിച്ചു നോക്കാം.

ആയുർവേദത്തിൽ ശാലാക്യതന്ത്രം എന്ന ഊർധ്വാങ്ഗ (കഴുത്തിന് മുകളിലുള്ള) രോഗ ചികിത്സ വിഭാഗത്തിലാണ് വിവിധ തരം മുഖ(വായ), ദന്ത രോഗങ്ങളുo അവയുടെ ചികിത്സകളും ഉൾപ്പെട്ടിരിക്കുന്നത്. അതിൽ തന്നെ ദന്തരോഗങ്ങളിൽ പെട്ട ഒന്നാണ് കൃമിദന്തം അഥവാ പുഴുപ്പല്ല്. കുട്ടികളിലും മുതിർന്നവരിലും വളരെ സാധാരണമായി കാണുന്ന ഒരു ദന്ത രോഗാവസ്ഥ.

എങ്ങിനെയാണ് പുഴുപ്പല്ല് ഉണ്ടാകുക? 

നമ്മുടെ ശരീരത്തെ ആരോഗ്യത്തോടെ കൊണ്ടുപോകുന്നത് വാതം- പിത്തം– കഫം എന്ന മൂന്നു ദോഷങ്ങളുടെ(Three vital forces of the body) ശരിയായ പ്രവർത്തനങ്ങളാണ്. എവിടെ അതിൽ ഒരു താളപ്പിഴ വരുന്നോ അപ്പോൾ രോഗങ്ങൾ ഉത്ഭവിച്ചു തുടങ്ങും. പല്ലിനെ സംബന്ധിച്ചിടത്തോളം വായ, കഫ ദോഷം കൂടുതൽ ഉള്ള സ്ഥാനമാണ്. എന്നാൽ ദന്തം അസ്ഥിയുടെ ഉപധാതുവായോ((ഉപോത്പന്നം എന്ന് സാമാന്യേന മനസ്സിലാക്കാം), അസ്ഥിയായി തന്നെയോ പറയുന്നതിനാൽ  വാതദോഷ പ്രധാനവുമാണ്. നമ്മൾ ദൈനംദിനം കഴിക്കുന്ന ആഹാരങ്ങളുടെ ഫലമായോ, പുറത്തുനിന്നുള്ളതോ, വായിനകത്തു തന്നെയോ പല്ലിനും മോണയിലും  ഏൽക്കുന്ന ചതവുകൾ മൂലമോ, പാരമ്പര്യമായോ, പല രോഗങ്ങളുടെ  ഫലമായോ ദോഷങ്ങൾ ദുഷിക്കുകയും അവ രക്തത്തിലുടെ ദന്തത്തിൽ സ്ഥിതിചെയ്യുന്നതായ വാതത്തെ ദുഷിപ്പിച്ചു പല്ലിനുള്ളിലെ മജ്ജയെ ശോഷിപ്പിക്കുന്നു, അങ്ങനെ അവിടെ കാലക്രമേണ സുഷിരമുണ്ടാവുകയും ആ സുഷിരത്തിൽ നമ്മൾ കഴിക്കുന്ന ആഹാരം നിറഞ്ഞു അതിന്റെ ഫലമായി കൃമി വരികയും വീണ്ടും പല്ലിന്റെ അവസ്ഥ മോശമായി വരികയും ചെയ്യുന്നു. 

എങ്ങിനുള്ള ആഹാരവിഹാരങ്ങളാണ് ഇതിനു കാരണം? 

 • അസ്ഥിക്ക് പോഷകം കൊടുക്കാത്ത, എണ്ണയിൽ വറുത്തതും, ദഹിക്കാൻ ബുദ്ധിമുട്ടുള്ളതും ആയ ഭക്ഷണങ്ങൾ, ഉഴുന്ന് മുതലായവ കൂടുതൽ അടങ്ങിയ ഭക്ഷണം, മധുരം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവയും ഇപ്പോൾ ലഭിക്കുന്ന sugar added carbonated drinks മുതലായവയും പുഴുപ്പല്ലിനുള്ള പ്രധാന കാരണങ്ങൾ ആണ്.
 • രണ്ടു നേരം വൃത്തിയായി പല്ലുതേക്കായ്ക, തുടർച്ചയായി രാസപദാർത്ഥങ്ങളുമായി പല്ലിനു സമ്പർക്കം വരിക തുടങ്ങിയവയെല്ലാം പല്ലു കേടിനുള്ള കാരണങ്ങൾ ആണ്.
 • കൂടാതെ അനീമിയ, അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗാവസ്ഥകളിലും പല്ലുകൾ വേഗത്തിൽ കേടുവരുന്നതായി പറയുന്നു.
 • ഗർഭാവസ്ഥയിൽ അമ്മയുടെ പോഷകക്കുറവ് അമ്മയുടെയും കുഞ്ഞിന്റെയും എല്ലിനെയും പല്ലിനെയും സാരമായി ബാധിക്കും.

ഇങ്ങനെ കേടാകുന്ന പല്ലുകൾ മൂലം ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ എന്തെല്ലാമാണ്? 

1. പെട്ടന്നു കാരണമില്ലാതെ വന്നു പോകുന്ന പല്ലു വേദന

2. നിറവ്യത്യാസം

3. നീര്

4. രക്തമോ പഴുപ്പോ ശ്രവിക്കുക

5. പല്ലിനു ഇളക്കം

6. പല്ലു പൂർണമായി നശിച്ചു പോകുക.

ഈ ഓരോ അവസ്ഥകളിലും രോഗകാരണം കണ്ടുപിടിച്ചു എത്രയും വേഗം തന്നെ വൈദ്യ നിർദേശപ്രകാരം ചികിത്സ ചെയ്യേണ്ടതാണ്.

എന്തെല്ലാമാണ് ആയുർവേദം പറയുന്ന ചികിത്സാ രീതികൾ?

 • പല്ലു വേദന കുറക്കാനും അതു മൂലമുണ്ടാകുന്ന നീര് കുറക്കാനും ഗുളികകളും കഷായങ്ങളും ചൂർണങ്ങളും വായിൽ കവിൾ കൊള്ളാനുള്ള ഔഷധങ്ങളും അവസ്ഥയനുസരിച്ചു വൈദ്യനിർദേശ പ്രകാരം സേവിക്കണം.
 • മറ്റു രോഗങ്ങളുടെ കാരണമായി വരുകയാണെങ്കിൽ ആ രോഗത്തിനുള്ള വ്യക്തമായ ചികിത്സയും ഒപ്പം ദന്തസംരക്ഷണവും.
 • രോഗാവസ്ഥ മൂർച്ഛിച്ച അവസ്ഥയിൽ പല്ലു എടുത്തു കളയുക.

 ഇതിൽ അവസ്ഥയനുസരിച്ചു ആയുർവേദ വൈദ്യന്മാരാലും ഡെന്റിസ്റ്റുകൾ വഴിയും ചികിത്സ തേടാവുന്നതാണ്.

എങ്ങനെ ഈ അവസ്ഥയെ മറികടക്കാം?!

 • മധുരമധികമടങ്ങിയ ആഹാരപദാർഥങ്ങൾ കുറക്കാം.
 •  അസ്ഥിക്ക് ബലം നൽകുന്നതായ പാലും നെയ്യും സ്ഥിരമായി ഭക്ഷണങ്ങളിൽ ഉറപ്പുവരുത്താം.
 • ഭക്ഷണത്തിൽ എള്ള്, ചെന്നെല്ലരി, റാഗി, മുട്ട തുടങ്ങിയവ ഉൾപ്പെടുത്താം
 • ത്രിഫല ചൂർണം തിളപ്പിച്ച വെള്ളം കൊണ്ട് വായ കഴിക്കുന്നത് ശീലമാക്കാം.
 • നിത്യവും അല്പം എള്ള് തണുത്തവെള്ളത്തിനൊപ്പം കഴിക്കുന്നത് പല്ലിനുള്ള ഉത്തമ രസായനമാണ്.
 • കുട്ടികളിലും മുതിർന്നവരിലും രണ്ടു നേരം ബ്രഷിങ് ഉറപ്പുവരുത്താം.

ദന്ത ശുചീകരണത്തിനു ഉപയോഗിക്കുന്ന ദ്രവ്യത്തിലും കാര്യമുണ്ട്. ടൂത്ത്പേസ്റ്റ് സെലക്ട്‌ ചെയ്യുമ്പോൾ  ശ്രദ്ധിക്കുക. ഒരു നേരമെങ്കിലും നിർബന്ധമായും  പൽപ്പൊടി ഉപയോഗിചുള്ള ബ്രഷിങ് ശീലമാക്കുക. കുട്ടികളെ ഈ കാര്യങ്ങൾ ചെറുപ്രായത്തിലേ തന്നെ ശീലിപ്പിക്കുക. ആയുർവേദം പറയുന്ന ദന്തധാവന ദ്രവ്യങ്ങൾ കയ്പ്, ചവർപ്,  എരിവ് അടങ്ങിയവയാണ്. എന്തെന്നാൽ ഇവ കഫത്തെ കുറയ്ക്കുന്നതും, കൃമിയെ നശിപ്പിക്കുകയും ചെയ്യുന്ന രസങ്ങളാണ്. ഉമിക്കിരി പോലുള്ളവ ക്ഷാരഗണത്തിൽ പെടുന്നതും നല്ലൊരു കൃമിഹര ദ്രവ്യവും ആണ്.

അങ്ങനെ നമ്മൾ കൃമിയെ തുരത്താനായി ബ്രഷിങ് ചെയ്തു. പക്ഷെ ഇതുകൊണ്ട് പൂർത്തിയായില്ല, ഇതൊരു വൃത്തിയാക്കൽ മാത്രമേ ആയുള്ളൂ എന്നതാണ് രസകരമായ കാര്യം.

 ഇനി നല്ല ബലവും ആരോഗ്യവും പല്ലിനു വരണം എങ്കിൽ അതിനു ബ്രഷിങ് മാത്രമല്ല സഹായകമാകുക, മറിച്ചു ഗണ്ഡൂഷം ആണ് നാം ശീലിക്കേണ്ടത്. വായ് നിറയെ ഔഷധ ദ്രവ്യം  നിറച്ച് അനക്കാനാവാത്തത്ര രീതിയിൽ നിർത്തുന്നതാണ് ഗണ്ഡൂഷം.

 നിങ്ങൾക്കു പല്ലുപുളിപ്പും, വേദനയും, പല്ലിനു ബലക്കുറവും അനുഭവപ്പെടുന്നുണ്ടോ?  ഈ ചോദ്യം ഒരു ടൂത്ത്‌പേസ്റ്റ് പരസ്യത്തിന്റെതല്ല മറിച്ച്‌ ചരക സംഹിതയിലെ ഗണ്ഡൂഷ ധാരണത്തിന്റെ ഫലശ്രുതിയിൽ  നിന്നെടുത്തതാണ്! ഇത്രവ്യക്തമായി ആയുർവേദത്തിൽ പറയുന്ന കാര്യം പ്രചരിപ്പിക്കാതെ വീണ്ടും ടൂത്തപേസ്റ്റ് പരസ്യങ്ങളിൽ മാത്രം ഉടക്കി നിൽക്കുന്ന ദന്തസംരക്ഷണത്തിനുമേൽ നമുക്ക് ഒരു മാറ്റം കൊണ്ടുവന്നു ലോകത്തിനു മാതൃകയാവുക എന്നതു അത്ര ഭാരപ്പെട്ട പണിയൊന്നുമല്ല. പല്ലിനു രോഗാവസ്ഥകൾ കണ്ടുതുടങ്ങാത്തവരും ചെറിയ വ്യത്യാസങ്ങൾ കണ്ടു തുടങ്ങിയവരും  എന്നും പല്ലു തേച്ചതിനു ശേഷം അല്പം എള്ളെണ്ണ വായിൽ കൊണ്ടാൽ തന്നെ പല്ലുമായി ബന്ധപ്പെട്ട ഒരുവിധം അസുഖങ്ങളെയെല്ലാം നമുക്ക് ഒഴിവാക്കായി സാധിക്കും എന്നതു തീർച്ച.

പകരം വയ്കാനാവാത്തൊരു മേഖലതന്നെയാണ് ഡെന്റിസ്റ്ററി. അവരുടെ സേവനങ്ങളോടൊപ്പം തന്നെ ആയുർവേദ ശാസ്ത്രമനുസരിച്ചുള്ള ദന്തസംരക്ഷണം കുടിയാകുമ്പോൾ ഉറപ്പായും നമുക്കും ചിരിക്കാം; ഒട്ടും ഭയമില്ലാതെ…!!!


About author

Dr. Sharika Vipin

CRAV scholar under Dr. Ravishankar Pervaje Sushruta Ayurveda Hospital Puttur, D.K , sharikavipin@gmail.com


Scroll to Top