ആരോഗ്യപരമായ ആർത്തവത്തിന് ചില എളുപ്പവഴികള്‍

"ആ ദിവസങ്ങളില്‍ ".. പതിഞ്ഞ സ്വരത്തിൽ ദൃശ്യമാധ്യമത്തിലൂടെ  നാം നിത്യവും കേട്ടു പരിചിതമായതാണത് !  ...

"നിനക്കപ്പോൾ പിരീഡ്സല്ലേ!?'' "എന്തു ചെയ്യും? അത് എല്ലാമാസവും വരുന്നതല്ലേ!''

വർഷങ്ങളായി  വിവിധയിനം പാഡുകളുടെ പരസ്യങ്ങളിലൂടെ പരിചിതമായ വാചകശകലങ്ങളാണിവ. അതെ, "ആ ദിവസങ്ങളും ജീവിതചര്യയും'' നമുക്ക് ഒന്നു വിശകലനം ചെയ്യാം.  

ഇന്നത്തെ കാലത്ത് ആരും ഉന്നയിക്കാവുന്ന ഒരു ചോദ്യമുണ്ട്. ആർത്തവക്കാലത്തോടനുബന്ധിച്ച് എന്തെങ്കിലും കരുതലെടുക്കേണ്ടതുണ്ടോ? അതിനെപ്പററി നമ്മൾ യഥാർത്ഥത്തിൽ ബോധവാൻമാരാണോ? ഏറി വരുന്ന ആർത്തവപ്രശ്നങ്ങളുടെ കണക്ക് 'നമ്മള്‍ ബോധവാൻമാരല്ലാ' എന്ന ഉത്തരമാണ് നൽകുന്നത്.

സാധാരണയായി, ഏകദേശം 11 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ എല്ലാ മാസവും ഉണ്ടാകുന്നതാണ് ആർത്തവസ്രാവം. ഈ രക്തസ്രാവം സാധാരണ നാലഞ്ചു ദിവസങ്ങളോളം നീണ്ടു നിൽക്കുന്നു. കഴിക്കുന്ന ആഹാരം, കായികാധ്വാനം, മാനസികാവസ്ഥ തുടങ്ങിയവയെല്ലാം ആർത്തവസ്രാവത്തെ ബാധിക്കാം. അതുകൊണ്ട് സാമാന്യമായി ആർത്തവകാലത്ത്  എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്?

ത്തവകാലത്തെ ആഹാരകാര്യങ്ങള്‍

എരിവ്, പുളി, ഉപ്പ് ഇവയുടെ അമിത ഉപയോഗം ആർത്തവസ്രാവം വർദ്ധിക്കാൻ കാരണമാകാം. അതിനാൽ അവ പരമാവധി കുറയ്ക്കുക.

മലശോധന സുഗമമാക്കുന്നതിനു ഉപകരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ശീലമാക്കുക. കടല, പരിപ്പ്, ഗ്രീൻപീസ്, വൻപയർ പോലുള്ളവ പരമാവധി കുറയ്ക്കുക. വയറു വേദനയും മറ്റും അനുഭവപ്പെടുന്നവർക്ക്  ഈ ദിവസങ്ങളിൽ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

ആദ്യ ദിവസങ്ങളിൽ വേദനയും മറ്റും കൊണ്ട് ആഹാരം തീരെ കഴിക്കാതിരിക്കുന്ന രീതി പെൺകുട്ടികളിൽ കാണാറുണ്ട്. ആ ശീലം ഒഴിവാക്കുക.

യവം, മലർ, പൊടിയരി അങ്ങനെ ഏതെങ്കിലും കൊണ്ടുണ്ടാക്കിയ കഞ്ഞി, മാതളനാരങ്ങ തുടങ്ങിയവ ഒക്കെ കഴിക്കാം.

ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കാൻ ഉപയോഗിക്കാം. വയറുവേദന അനുഭവപ്പെടുന്നവർക്ക് അത് കുറയാൻ സഹായിക്കും.

ശരീരത്തിൽ അമിതമായ ചൂടും അതുപോലെ അമിത രക്തസ്രാവവും ഉള്ളവർ മല്ലി, കരിങ്ങാലി തുടങ്ങിയവയിലേതെങ്കിലുമിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നന്നാവും.

നന്നേ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ പാൽ കുടിക്കാവുന്നതാണ്.

ത്തവകാലത്തെ ചര്യകള്‍

ആർത്തവദിവസങ്ങളിൽ  ആയാസം പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. ചാടുക, ഓടുക, നൃത്തം ചെയ്യുക,  കോണിപ്പടികൾ വളരെയധികം പ്രാവശ്യം വേഗത്തിൽ കയറിയിറങ്ങുക തുടങ്ങിയ കാര്യങ്ങൾ കുറയ്ക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ അത് രക്തസ്രാവം അധികമാകാൻ കാരണമായേക്കാം.

ശ്രദ്ധയിൽ പെടുന്ന മറ്റൊരു കാര്യം മൂത്രം പിടിച്ചുവയ്ക്കുന്ന ശീലമാണ്. ഇത്  പ്രത്യേകിച്ചും വിദ്യാർഥിനികളിൽ സാധാരണയായി കണ്ടുവരുന്നു. അത് തീർത്തും ഒഴിവാക്കേണ്ടതാണ്.

കൂടുതൽ നേരവും ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്ക്  ഒന്ന് എഴുന്നേറ്റ് നടക്കുന്നത് നന്നാവും.

ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് ശരിയായിട്ടുള്ള ആർത്തവപ്രവൃത്തിയെ സഹായിക്കും.

വ്യക്തിശുചിത്വം പരമപ്രധാനം

ആർത്തവകാലത്ത് ശുചിത്വം പാലിക്കുന്ന കാര്യത്തിൽ നല്ല ശ്രദ്ധ വേണം. അല്ലാത്തപക്ഷം യോനിഭാഗത്ത് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുളിക്കാനും യോനിഭാഗം കഴുകി വൃത്തിയാക്കുന്നതിനും ചെറുചൂടുള്ള വെള്ളം ഉപയോഗിക്കാവുന്നതാണ്.  അടിവസ്ത്രങ്ങൾ വൃത്തിയായി കഴുകി നല്ലവണ്ണം ഉണങ്ങിയതിനു ശേഷം മാത്രം ഉപയോഗിക്കുക. അവ കഴുകുന്നതിന് ചൂടുവെള്ളം ഉപയോഗിക്കുന്നത് നിരന്തരമായ ഉണ്ടാകുന്ന അണുബാധ തടയാൻ സഹായിക്കും. അതുപോലെ, ആർത്തവക്കാലത്ത്  ലൈംഗിക ബന്ധം ഒഴിവാക്കുന്നതാണ് നല്ലത്.

സാധാരണ ദിനങ്ങളിലേ തയ്യാറെടുക്കാം

ഇന്ന് ആർത്തവപ്രശ്നങ്ങൾ ധാരാളമായി കണ്ടുവരുന്നുണ്ട്. ഇവ കുറയ്ക്കാൻ ആർത്തവകാലത്തല്ലാതെയും ഒട്ടേറെ കാര്യങ്ങളിൽ നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അനാരോഗ്യകരമായ ജീവിതശൈലി പലപ്പോഴും ആർത്തവക്രമക്കേടുകൾക്ക് കാരണമാകുന്നു. എങ്ങനെ നമുക്കത് ആരോഗ്യകരമാക്കാം?

ഭക്ഷണകാര്യത്തിൽ ആദ്യം ശ്രദ്ധിക്കേണ്ടത് വിശപ്പിനനുസരിച്ച് മാത്രം കഴിച്ചു ശീലിക്കുക എന്നുള്ളതാണ്.

അച്ചാറുകൾ, വറുത്തതും പൊരിച്ചതും ആയ ഭക്ഷണ പദാർത്ഥങ്ങൾ, ബേക്കറി സാധനങ്ങൾ മുതലായവ പരമാവധി കുറയ്ക്കുക.

കൃത്രിമമായ വർണ്ണ-രുചിക്കൂട്ടുകളടങ്ങിയ ഭക്ഷണ സാധനങ്ങൾ, തലേന്നുള്ള ഭക്ഷണം വീണ്ടും ചൂടാക്കി ഉപയോഗിക്കുക തുടങ്ങിയവ ഒഴിവാക്കുക.

"ആവശ്യത്തിന്"  എന്ന് നമ്മൾ കരുതുന്ന എരിവ്- പുളിയുടെ ഉപയോഗം യഥാർത്ഥത്തിൽ ആവശ്യത്തിലേറെയായി മാറുന്നു പലപ്പോഴും. ആർത്തവപ്രശ്നങ്ങളടക്കം അതുണ്ടാക്കുന്ന ശാരീരികാസ്വസ്ഥതകളെപ്പറ്റി നമ്മളാരും ബോധവാൻമാരല്ല എന്നതാണ് സത്യം. ഒട്ടുമിക്ക അടുക്കളകളിലും ഈ വിഷയത്തിൽ ഒരു മാറ്റം വരുത്തേണ്ടതിൻ്റെ ആവശ്യമുണ്ട്.

അതുപോലെ തന്നെ, അസമയത്തുള്ള ആഹാരരീതിയും സ്ത്രീകളിൽ പ്രത്യേകിച്ചും വീട്ടമ്മമാരിൽ സർവസാധാരണമാണ്. വിശക്കുമ്പോൾ തന്നെ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.

പൊതുവിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ആഹാര- ഔഷധങ്ങൾ സ്വീകരിക്കുക. ദഹന വ്യവസ്ഥ തകരാറാകാതെ നോക്കുക.

ശാരീരികാധ്വാനത്തിനും പ്രാധാന്യം ഉണ്ട്. കായിക വ്യായാമം എന്ന നിലയിൽ പലപ്പോഴും വീട്ടുജോലികൾ മതിയാവാതെ വരും. അത്തരം സാഹചര്യങ്ങളിൽ ആർത്തവപ്രശ്നങ്ങളടക്കം പല ആരോഗ്യ പ്രശ്നങ്ങളും വന്നു പെട്ടേക്കാം. അതിനാൽ ശരീരബലത്തിനനുസരിച്ച് ചിട്ടയായി വ്യായാമം ചെയ്യാൻ ശ്രമിക്കുക. നടത്തം, നൃത്താഭ്യാസം, ബാഡ്മിൻ്റൺ കളി എന്നിവയിലേതെങ്കിലും ഒക്കെ ചെയ്യാവുന്നതാണ്. ശ്വസന വ്യായാമങ്ങൾ/ പ്രാണായാമം പോലുള്ളവയും അനുവർത്തിക്കാവുന്നതാണ്.

നിത്യവും മലശോധന കിട്ടാത്ത ധാരാളം സ്ത്രീകളെ കാണാറുണ്ട്. ആഹാരകാര്യത്തിലും മറ്റും വേണ്ടവിധത്തിലുള്ള മാറ്റങ്ങളുണ്ടാക്കി സുഗമമായ മലശോധന ഉറപ്പു വരുത്തുക. പഴങ്ങളും നാരടങ്ങിയ മറ്റ്  ഭക്ഷണ പദാർത്ഥങ്ങളും  ഉൾപ്പെടുത്തുക. ആവശ്യത്തിന് വെള്ളം കുടിക്കുക.

മൂത്രം പിടിച്ചു വയ്ക്കുന്ന ശീലവും  പെൺകുട്ടികളിൽ വളരെ കൂടുതലാണ്. സ്കൂൾ - കോളേജ് വിദ്യാഭ്യാസക്കാലത്തുടനീളം ഈ രീതി തുടരുന്നതായും കാണാം. ഇത് ഒഴിവാക്കേണ്ടത് ആരോഗ്യപരിപാലനത്തിന് അത്യന്താപേക്ഷിതമാണ്. ആർത്തവസമയത്ത് കാണുന്ന അമിതമായ വയറുവേദന പോലുള്ള ബുദ്ധിമുട്ടുകൾ കുറയാൻ അത് സഹായകമാകുകയും ചെയ്യും.  

മാനസിക പിരിമുറുക്കവും പലപ്പോഴും ആർത്തവക്രമക്കേടുകളുണ്ടാക്കാൻ കാരണമായേക്കാം. ഒരു കാര്യത്തെപ്പറ്റിയും അമിതമായി ചിന്തിക്കാതിരിക്കുക. വായന, സംഗീതം, നൃത്തം, കൃഷി, തയ്യൽ, ചിത്രരചന എന്നിങ്ങനെ അവനവന് താത്പര്യമുള്ള ഏതെങ്കിലും വിഷയത്തിൽ ഏർപ്പെട്ട് മാനസികോല്ലാസം കണ്ടെത്താൻ ശ്രമിക്കുക.

സ്ത്രീകളുടെ കാര്യത്തിൽ, പൊതുവിലുള്ള ശാരീരിക - മാനസിക ആരോഗ്യം ആർത്തവപ്രവൃത്തിയിൽ  പെട്ടെന്നു തന്നെ പ്രതിഫലിച്ചേക്കാം. അതുകൊണ്ട്,ശരിയായ ഭക്ഷണരീതിയിലൂടെയും  ജീവിത ശൈലിയിലൂടെയും ആരോഗ്യപാലനത്തിനായി എപ്പോഴും ശ്രമിച്ചു കൊണ്ടേയിരിക്കുക.


About author

Dr. Jeena Aravind U.

Associate Professor & HOD, Department of Prasooti-Streeroga, Ashtamgam Ayurveda Chikitsalayam & Vidyapeedham, Vavannoor, Palakkad. jeena.sachu@gmail.com


Scroll to Top