Lifestyle

Smoking Makes You Sick..Very Sick


പുകവലി: ഇത് നിങ്ങളെ ആക്കും വലിയ രോഗി


ഒരു ഒ. പി. രംഗം

ഡോക്ടർ: എന്താ വയ്യായ്ക?

രോഗി: വല്ലാത്ത കാലു വേദനയും, ഇടയ്ക്കിടയ്ക്ക്  കുത്തിക്കുത്തി ഒരു ചുമയും

(അയാൾ പറയാൻ വാ തുറന്നപ്പോൾ തന്നെ സിഗരറ്റിൻ്റെ ദുർഗന്ധം ഡോക്ടറുടെ മൂക്കിലേക്ക് ഇരമ്പി കയറി)

ഡോക്ടർ: (അപ്പൊ തന്നെ തമാശയായി പറഞ്ഞു) പുകവലിക്കുന്നവർക്ക് ഇവിടുന്ന് മരുന്നില്ലാട്ടോ. 

രോഗി: ഡോക്ടറെ, കുറെ ശ്രമിച്ചതാ നിർത്താൻ. പക്ഷേ പറ്റുന്നില്ല. വെറുതെ ഇരിക്കുമ്പോൾ ഒന്ന് വലിക്കാൻ തോന്നും. എങ്ങനെയെങ്കിലും ഒന്ന് നിർത്താനുള്ള വഴി പറഞ്ഞു തരുമോ ഡോക്ടർ...

(ഇതിനുള്ള ഉത്തരം വേണ്ടവർ തുടർന്ന് വായിക്കുക)

മിക്കവാറും പുകയില ഉപയോഗിക്കുന്ന പലർക്കും അവ ഉപേക്ഷിക്കണമെന്ന് ചെറുതായെങ്കിലും ആഗ്രഹമുള്ളവർ ആയിരിക്കും. പക്ഷേ എങ്ങനെ നിർത്തണമെന്നറിയാത്തതിനാലോ തനിക്ക് നിർത്താൻ സാധിക്കില്ലെന്ന് മനസ്സുകൊണ്ട് തോന്നുന്നതോ ആണ് ഇവയോട് പൂർണ്ണമായും NO പറയാൻ കഴിയാത്തത്. 

പുകയില എന്ന മരണത്തിലേക്കുള്ള താക്കോൽ

ഏതാണ്ട് 400 വർഷങ്ങൾക്ക് മുമ്പ് പോർച്ചുഗീസുകാരാണ് ഇന്ത്യയിലേക്ക് പുകയില കൊണ്ടുവന്നത്. ലോകത്താകമാനം പുകയിലയുടെ ഉപയോഗം കാരണം 6 മില്യൺ ജനങ്ങളാണ് ഓരോ വർഷവും മരണത്തിലേക്ക് നയിക്കപ്പെടുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടോടുകൂടി  ഇത് ഒരു ബില്യൻ വരെ വർദ്ധിക്കാം എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ വർഷവും പുകയിലയുടെ നേരിട്ടുള്ള ഉപയോഗം മൂലം ലക്ഷക്കണക്കിന് ജനങ്ങൾ മരണപ്പെടുന്നു എന്ന് മാത്രമല്ല പുകയിലയുമായി സമ്പർക്കം പുലർത്തുന്നവരിൽ നിന്നും ദോഷഫലം കിട്ടുന്നതുകൊണ്ട് മറ്റുള്ളവരും മരണത്തിലേക്ക് നയിക്കപ്പെടുന്നു എന്നതാണ് ഖേദകരം.

പുകയിലയുടെ കെമിസ്ട്രി

നിക്കോട്ടിൻ , ഹൈഡ്രജൻ സയനൈഡ്, ഫോർമാൽഡിഹൈഡ്, ലെഡ്, ആർസനിക്, അമോണിയ, യുറേനിയം പോലുള്ള റേഡിയോ ആക്ടീവ് ഘടകങ്ങൾ, ബെൻസീൻ, കാർബൺ മോണോക്സൈഡ്, ടാർ, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ എന്നിവയുൾപ്പെടെ  4000 ൽ അധികം വിഷ പദാർത്ഥങ്ങൾ ഇതിൻ്റെ പുകയിൽ അടങ്ങിയിരിക്കുന്നു.

ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന  ലഹരി വസ്തുവാണ് നിക്കോട്ടിൻ എന്ന ആൽക്കലോയിഡ്. ഇതാണ് ആസക്തിയിലേക്ക് നയിക്കുന്നത്. പുകയില ചെടിയുടെ വേരിലാണ് നിക്കോട്ടിൻ ഉണ്ടാകുന്നത്, എങ്കിലും 60 ശതമാനത്തോളം സംഭരിക്കപ്പെടുന്നത് ഇലകളിലാണ്.

ബീഡി, ചവച്ചു ഉപയോഗിക്കുന്ന പുകയില, സിഗരറ്റ് ഇവയിൽ യഥാക്രമം ഏകദേശം 21.79%, 21.70%,17.67% നിക്കോട്ടിൻ അടങ്ങിയിരിക്കുന്നു. ഒരു സിഗരറ്റിൽ 8-20 മില്ലിഗ്രാം നിക്കോട്ടിൻ അടങ്ങിയിട്ടുണ്ട് (ബ്രാൻഡിനെ ആശ്രയിച്ച്), പക്ഷേ ഏകദേശം 1 മില്ലിഗ്രാം നിക്കോട്ടിൻ ആണ് പുകവലിക്കാരൻ്റെ ശരീരത്തിലേക്കെത്തുന്നത്. 

കാർബൺ മോണോക്സൈഡ് രക്തത്തിലെ ഓക്സിജൻ അളവ് കുറയ്ക്കുകയും ശ്വസന സംബന്ധമായ അസുഖങ്ങൾ വരുന്നതിനു കാരണമാവുകയും ചെയ്യുന്നു.

ബെൻസോപിറൈൻ അടങ്ങിയിട്ടുള്ള  ടാർ ക്യാൻസർ ഉണ്ടാകുന്നതിന് പ്രധാന കാരണമാണ്

ഉപയോഗം പലവിധം

ഇന്ത്യയിൽ 15 വയസ്സിനും അതിനുമുകളിലും പ്രായമുള്ള ജനസംഖ്യയുടെ 57% (അതായത്, 500 ദശലക്ഷം) ജനങ്ങൾ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ പുകയില ഉപയോഗിക്കുന്നുവെന്ന് കണക്കാക്കപ്പെടുന്നു. സിഗരറ്റ്, ബീഡി, ഹുക്ക, ദോഖ, ഗുഡ്ക, സ്നസ്, മാവ, പാൻമസാല, ഖൈനി, എന്നിവയെല്ലാം പുകയിലയുടെ വിവിധ രൂപങ്ങളാണ്. സിഗരറ്റ് ഉപയോഗം ആണ് ഏറ്റവും  കൂടുതലായി കണ്ടുവരുന്നത്. സിഗരറ്റിനെ അപേക്ഷിച്ച് ബീഡി, ചവയ്ക്കുന്ന രൂപത്തിലുള്ള പുകയില (പാൻ മസാലകൾ) എന്നിവയിൽ ഉയർന്ന അളവിൽ നിക്കോട്ടിൻ അടങ്ങിയിട്ടുണ്ടെന്ന് ഇപ്പോഴത്തെ പഠന ഫലങ്ങൾ വെളിപ്പെടുത്തുന്നു.

പുകയിലയുടെ ഔഷധ ഗുണങ്ങൾ

പുകയില (Nicotiana tabacum) എന്ന സസൃം Solanacea കുടുംബത്തിൽപ്പെട്ടതാണ്. ഇതിനെ കുറിച്ച് ആയുർവേദ ഗ്രന്ഥങ്ങളിൽ സൂചനയുണ്ട്. പുകയില കടു (എരിവ്), തിക്ത (കൈപ്പ്) രസ പ്രധാനമായതും കഷായ (ചവര്‍പ്പ്) മധുര അനുരസത്തോടെ കൂടിയതുമാണ്. ഗുണത്തിൽ  ലഘു-തീക്ഷ്ണമാണ്, വീര്യത്തിൽ ഉഷ്ണവും (ചൂട്),  വിപാകത്തിൽ കടുവും (ദഹനശേഷം ശരീരത്തില്‍ എരിവ് രസത്തിന്‍റെ സ്വഭാവങ്ങള്‍ ഉളവാക്കുന്നത്) മദകാരി (മദം-intoxication ഉണ്ടാക്കുന്ന) പ്രഭാവത്തോടു കൂടിയതും,  കർമ്മത്തിൽ കഫ - വാത ശമനവും പിത്ത വർദ്ധകവുമാണ്.

പ്രായോഗിക ചികിത്സയിൽ പുകയിലയുടെ ഉപയോഗം കുറവാണ്. വാതസംബന്ധമായ വേദന, മൂത്രാശയ ശോധനം, കൃമി, പല്ലുവേദന, ചൊറിച്ചിൽ എന്നിവയിൽ ഗുണപ്രദമാണ്.   കാഞ്ഞിര വിഷത്തിൽ മറുമരുന്നായി  ഉപയോഗിക്കാറുണ്ട്. വിഷാദ രോഗത്തിൽ ഫലപ്രദമാണ്. ഇവയെല്ലാം തന്നെ വളരെ ശ്രദ്ധയോടുകൂടി വൈദ്യനിർദേശപ്രകാരം കൈകാര്യം ചെയ്യേണ്ടതാണ്. 

പുകവലിയുടെ ദൂഷ്യഫലങ്ങൾ

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ  തലച്ചോറിൽ‍ എത്തുന്ന നിക്കോട്ടിൻ നാഡീവ്യൂഹത്തെ ഉത്തേജിപ്പിച്ച് കൂടുതൽ‍ ഉന്മേഷവാന്മാരാക്കും. എന്നാൽ കുറച്ച്  നേരത്തിനുള്ളിൽ നിക്കോട്ടിൻ്റെ ഫലം കുറയുകയും ഏറെ ക്ഷീണം അനുഭവപ്പെടുയും ചെയ്യും. തുടർന്ന്  പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനശേഷി തന്നെ കുറയ്ക്കുന്നു. പൊതുവിൽ കോശങ്ങളുടെ ശരിയായ പ്രവർത്തനങ്ങളെ ബാധിച്ച്  വിവിധയിനം കാൻസർ മുതലായ മാരകരോഗങ്ങൾക്ക് കാരണമാകുന്നു.

ശ്വസനേന്ദ്രിയം

ഹാനികരമായ പദാർഥങ്ങൾ‍ ശ്വാസകോശത്തിൻ്റെ  ശക്തി ക്ഷയിപ്പിച്ച് ശ്വാസകോശത്തിന്‍റെ ശേഷിയെ ഇല്ലാതാക്കും. ശ്വാസകോശാണുബാധ, ഫ്ളൂ, മാരകമായ ശ്വാസകോശ കാൻസർ എന്നിവ പിടിപെടാനുള്ള സാധ്യതയും വളരെ ഏറെയാണ്.

ഹൃദയധമനികൾ

ശരീരത്തിനുള്ളിൽ‍ കടക്കുന്ന നിക്കോട്ടിൻ‍ രക്തത്തിൻ്റെ ഒഴുക്കിനെ തടയുന്നതോടൊപ്പം രക്തസമ്മർദം വർധിപ്പിക്കും. ഇത് ശരീരത്തിന് ആവശ്യമില്ലാത്ത കൊഴുപ്പ് അടിഞ്ഞു കൂടാൻ‍ ഇടയാക്കും.  അങ്ങനെ രക്തയോട്ടത്തെ തടസ്സമുണ്ടായി ഹൃദയാഘാതവും പക്ഷാഘാതവും വരാം. 

ദഹനപ്രക്രിയ

വായ സംബന്ധമായ അസുഖങ്ങൾ ഇത്തരക്കാരിൽ വളരെ കൂടുതലാണ്. പല്ലുകളുടെ ബലം കുറയുന്നതിനാൽ അവയ്ക്ക് ക്ഷതം സംഭവിക്കുന്നു. കുടലിലെയും മറ്റും തൊലികൾക്ക് നാശം സംഭവിച്ചു തുടങ്ങുകയും ക്യാൻസർ മുതലായവ ഉണ്ടാവുന്നതിന് വഴി തെളിയിക്കുന്നു.

പ്രത്യുത്പാദനം

പുകവലി ശീലമാക്കിയിട്ടുളള സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്പാദന ശേഷി കുറയുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ത്വക്ക്, മുടി, നഖങ്ങൾ‍ 

നിരന്തരം സിഗററ്റ് പിടിക്കുന്നത് മൂലം നഖങ്ങൾക്കിടയിൽ‍ മഞ്ഞ നിറത്തിലുളള കറ രൂപപ്പെടാൻ ഇടയാകും. കൂടാതെ തൊലി വരണ്ട് പോകുന്നതിനും, മുടി പൊട്ടി പോകുന്നതിനും കാരണമാകുന്നു.

എങ്ങനെ നിയന്ത്രിക്കാം

  •  പുകയിലയുടെ ദോഷഫലങ്ങളെക്കുറിച്ച്  കൃത്യമായ ധാരണ ഉണ്ടായിരിക്കുക.
  • പ്രേരണ നൽകുന്ന സമയവും സന്ദർഭവും കണ്ടെത്തുക. വിവിധ കാരണങ്ങൾ കണ്ടെത്തി പുക വലിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ‍ ചില പ്രത്യേക സമയങ്ങളിൽ മാത്രം പുകവലിക്കുന്നവരും കുറവല്ല. പുകവലിക്കാൻ പ്രേരണ നൽകുന്ന സമയവും സന്ദർഭവും കണ്ടെത്തിക്കഴിഞ്ഞാൽ  ഈ സമയമെത്തുമ്പോൾ പുകവലിക്ക് പകരം ഒരു ചായയോ കാപ്പിയോ അല്ലെങ്കിൽ ചെറിയ മധുരമോ, മിഠായിയോ, കൂട്ടുകാരുമൊത്ത് ഉണ്ടാവുകയോ, ഒക്കെ ചെയ്യാം. ഇത് പുകവലിക്കാനുള്ള ഉൾപ്രേരണയെ ഇല്ലാതാക്കും.
  • എന്തിനും ഏതിനും ഒരു കാരണവും സന്ദർഭവും അനിവാര്യമാണ്. അതുപോലെ തന്നെയാണ് പുകവലി നിർത്താനുള്ള കാര്യത്തിലും. ഇതിനായി സന്ദർഭം തീരുമാനിക്കുക.
  • പുകവലി നിർത്താനുള്ള തീരുമാനം എടുത്തു കഴിഞ്ഞാൽ എല്ലാവരെയും അറിയിക്കുക. അങ്ങനെയാകുമ്പോൾ അത് തെറ്റിക്കുമ്പോൾ നമ്മുടെ ഉള്ളിൽ പശ്ചാത്താപം തോന്നും. 

ആയുർവേദത്തിലൂടെയുള്ള പുകയില ഉപയോഗ നിയന്ത്രണം

  • ചുക്ക്, മുളക്, തിപ്പലി, കടുക്ക, നെല്ലിക്ക, താന്നിക്ക തുടങ്ങിയ ഔഷധങ്ങൾ ഉള്ളിൽ കഴിക്കുന്നതിനും കവിൾ കൊള്ളുന്നതിനും മറ്റും വൈദ്യനിർദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.
  • ആന്തരിക ശോധനത്തിന് വയറിളക്കുകയോ ചർദ്ദിപ്പിക്കുകയോ ചെയ്യാം. ഇതിനായി എണ്ണയോ നെയ്യോ ചേർത്ത് അതാത് അവസ്ഥകൾക്ക് അനുസൃതമായ മരുന്നുകൾ ഉപയോഗിക്കാവുന്നതാണ്.
  • താംബൂലചർവണം: വായയ്ക്ക് രുചിയും വെടിപ്പും സൗരഭ്യവും ആഗ്രഹിക്കുന്നവർ വെറ്റില, അടയ്ക്ക, കർപ്പൂരം, കരിങ്ങാലി, ജാതിക്ക, പട്ട, തക്കോലം, കുരുമുളക്, ഇവ  ചേർത്ത്  ഉപയോഗിക്കാം. ക്ഷീണം, ക്ഷതം, കണ്ണുകൾക്ക് കലക്കം, കരുകരുപ്പ്, മോഹാലസ്യം, മദം, എന്നിവ ഉള്ളവർക്കും നല്ലതല്ല.
  • ധൂമപാനം: ഇത് ആയുര്‍വേദത്തിലെ ഒരു ചികിത്സാ പ്രക്രിയയാണ്. പേര് പോലെ തന്നെ ധൂമത്തെ (പുക) പാനം ചെയ്യുക അല്ലെങ്കിൽ കഴിക്കുക എന്ന അർത്ഥത്തിൽ തന്നെയാണ്. ധൂമപാനം. പുകവലിക്കുന്നത് മൂക്കു കൊണ്ടായാലും വായ കൊണ്ടായാലും വിടേണ്ടത് വായിൽ കൂടെ തന്നെ ആയിരിക്കണം. മൂക്കിൽകൂടി ആയാൽ കണ്ണിന് കേട് ഉണ്ടാകും. എന്നിരുന്നാലും കരുതലോടെ ചെയ്യേണ്ടതാണ്. ഇത് പുകവലിയെ സാധൂകരിക്കുന്ന ഒന്നല്ല. ധൂമപാനം അധികമായോ സമയം തെറ്റിയോ ഉപയോഗിക്കാതെ  എപ്പോൾ, എങ്ങനെ,  ഏത് അവസ്ഥയിൽ ഏത് ഔഷധം ഉപയോഗിച്ച് ചെയ്യണമെന്ന് കൃത്യമായി അറിഞ്ഞു ചെയ്യേണ്ടതാണ്. ഗുഗ്ഗുലു, അകിൽ, രാമച്ചം,  കുന്തിരിക്കം,  മനയോല, അരിതാരം, നെയ്യ്, കൊട്ടം, ഗന്ധ ദ്രവ്യങ്ങൾ, ത്രിഫലത്തോട്, വേല്ലാദി ഗണം എന്നിങ്ങനെ ഒട്ടേറെ മരുന്നുകൾ രോഗിയുടെയും രോഗത്തിൻ്റെയും അവസ്ഥയ്ക്കനുസരിച്ച് ഇതിനായി ഉപയോഗിക്കുന്നു. 

    [ധൂമാപാനത്തെ പറ്റി കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം]

പുകയില ഉപയോഗ നിയന്ത്രണത്തിൽ യോഗയുടെ പ്രാധാന്യം

പുകയിലയുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് മിക്കവാറും ആളുകൾ ഇവ ഉപയോഗിക്കുന്നത്. ദോഷഫലങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി വിജ്ഞാന തലത്തിലേക്ക് ഉയർത്തി അവയെ  പ്രതിരോധിക്കുവാനുള്ള ശക്തി വർദ്ധിപ്പിച്ച് മനസ്സിനും ശരീരത്തിനും സ്ഥിരത ഉണ്ടാക്കുവാൻ യോഗ ഒരു വ്യക്തിയെ സഹായിക്കുന്നു. പ്രധാനമായും ശരീരത്തെ ശുദ്ധമാക്കുന്ന ഷട് ക്രിയകളിൽ ഒന്നായ നേതി, വ്യക്തിയുടെ അവസ്ഥയ്ക്ക് അനുസരിച്ചുള്ള യോഗാസനങ്ങൾ, പ്രാണായാമം (ഭസ്ത്രിക), ധ്യാനം ഇവ ദിനചര്യയുടെ  ഭാഗമാക്കി കൃത്യമായി പരിശീലിക്കാവുന്നതാണ്.

വിമുക്തി ക്ലിനിക്കുകൾ

പുകവലി  അടക്കമുള്ള ലഹരി ഉപയോഗം ഒഴിവാക്കുന്നതിന് വേണ്ടി  കേരളസർക്കാർ - ആരോഗ്യവകുപ്പും എക്‌സൈസ് വകുപ്പും ചേർന്ന് സംസ്ഥാനമാകെ വിമുക്തി ക്ലിനിക്കുകൾ നടത്തുന്നുണ്ട്. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും മരുന്നുകളും വഴി സുരക്ഷിതമായും ഫലപ്രദമായും ലഹരി ഉപയോഗം നിർത്താനുള്ള സഹായം ഈ ക്ലിനിക്കുകളിൽ നിന്ന് ലഭിക്കും. 

ലോക പുകയില നിരോധന ദിനം

പുകയില ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപരമായ അപകടസാധ്യതകൾ ഉയർത്തിക്കാട്ടുന്നതിനും, പുകവലി കുറയ്ക്കുന്നതിനും, മറ്റ് പുകയില ഉൽപന്നങ്ങളുടെ ഉപയോഗം ഒഴിവാക്കുന്നതിനും  സഹായിക്കുന്ന നയങ്ങൾ നടപ്പിലാക്കാൻ സർക്കാരുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  മെയ് 31 ന് ലോകാരോഗ്യ സംഘടന (WHO)  ലോക പുകയില നിരോധന ദിനമായി ആചരിക്കുന്നു.  "വ്യവസായ കൃത്രിമത്വത്തിൽ നിന്ന് യുവാക്കളെ സംരക്ഷിക്കുക, പുകയില-നിക്കോട്ടിൻ ഉപയോഗത്തിൽ നിന്ന് അവരെ പ്രതിരോധിക്കുക” എന്നിവയിൽ ഊന്നി നിന്നുകൊണ്ട് യുവതലമുറയുടെ സംരക്ഷണമാണ് ഈ വർഷത്തെ പ്രമേയം. പുകയില വിമുക്തമായ ആയ ഒരു നാട് ആവട്ടെ ഇത്തവണത്തെ പുകയില വിരുദ്ധ ദിനത്തിൽ നമ്മുടെ ലക്ഷ്യം.About author

Dr. Daya C.

MD (Swasthavritta & Yoga) Yoga Specialist "Spandanam Project" AC Shanmughadas Memorial Ayurvedic Child and Adolescent Care Center Purakkattiri Kozhikkode dayac86@gmail.com


Scroll to Top