സ്പെഷ്യല്‍ കെയർ‍ നൽകാം, നമ്മുടെ Specially-Abled കുരുന്നുകള്‍ക്ക്

കോവിഡ്-19 രോഗ വ്യാപന പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യമെമ്പാടും നടപ്പിലാക്കിവരുന്ന ലോക്ക്ഡൗണിൽ ഏവരും വീടുകളിൽനിതാന്തജാഗ്രതയിലാണല്ലോ. സോഷ്യൽ മീഡിയയിലൂടെയും, ആരോഗ്യപ്രവർത്തകർ നൽകുന്നനിർദേശങ്ങളിലൂടെയും പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും എല്ലാവരും അകമഴിഞ്ഞ ശ്രദ്ധയിലാണ്. 

ചില വീടുകളിലെങ്കിലും പ്രത്യേക പരിഗണനയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾ നമ്മളോടൊപ്പം ഈ പ്രതിസന്ധികളിലൂടെയെല്ലാം കടന്നു പോവുന്നുണ്ട്. കൊറോണ എന്തെന്നറിയാത്ത അവനവന്‍റെ ആവശ്യങ്ങൾ‍ പോലും തുറന്നു പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്ത ‘specially abled’ കുട്ടികൾ. ഓട്ടിസം, ADHD എന്നി രോഗബാധിതരായി നിരവധി കുട്ടികൾ‍ ഇന്ത്യയിൽ പല ഗ്രാമങ്ങളിലായി വളരുന്നുണ്ട്. പൊതുവേ ആശയ വിനിമയങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഇവരോട്, നൽകുന്ന നിർദേശങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതിനും അനുസരിപ്പിക്കുന്നതിനും രക്ഷിതാക്കൾ‍ ഒരുപാടു പ്രയാസങ്ങളനുഭവിക്കാറുണ്ട്. ഇത്തരക്കാരുടെ താൽപ്പര്യങ്ങൾ പോലും വിഭിന്നമാണ്. 

  • ഇടയ്ക്കിടെയുള്ള കൈകഴുകൽ, സാമുഹിക അകലം പാലിക്കൽ ഇവയെല്ലാം പലർക്കും ബാലികേറാമലയാണ്. ഇവരുടെ താത്പര്യങ്ങൽ കണ്ടറിഞ്ഞ്, ശ്രദ്ധയാകർഷിക്കുന്ന കളികളിലൂടെയൊ മറ്റോ അണുനാശകമാർഗങ്ങൾ‍ അവലംബിക്കുന്നതാണ് ഉത്തമം. ഒപ്പം രക്ഷിതാക്കളുടെ നല്ല നിരീക്ഷണവും ആവശ്യമാണ്‌. 
  • വീടിനുള്ളിൽ നിർബന്ധിച്ചിരുത്തുന്നതിനേക്കാൾ‍ മുതിർന്നവരുടെ നിരീക്ഷണത്തിൽ അതിർത്തിക്കുള്ളിലെ വീടിന്‍റെ ചുറ്റുവട്ടം ഇവർക്ക് സഞ്ചാരയോഗ്യമാക്കാം. ഇവരുടെ ശ്രദ്ധയും ഇഷ്ടവും പിടിച്ചുപറ്റാൻ കഴിയുന്ന ആക്റ്റിവിറ്റികളും, കളികളും മാറി മാറി ചെയ്യിക്കുന്നത് നന്നാവും. 
  • Specially abled കുട്ടികൾക്കെല്ലാം അവരുടെ വിവിധ കർമ്മങ്ങളുടെ വികാസത്തിനായ് ഭിന്നമായ തെറാപ്പികൾ നടക്കുന്നുണ്ടാവും. ആ സമയത്താണ് കൊറോണ ഭീതിയും ലോക് ഡൌണും എല്ലാം അവിചാരിതമായി കടന്നുവരുന്നത്‌. വീട്ടിൽ നിന്നിറങ്ങാന്‍ പ്രയാസമാണെങ്കിലും കുട്ടികൾക്ക് തെറാപ്പികൾ ചെയ്യിക്കുന്നവരുമായും ചികിത്സിക്കുന്ന ഡോക്ടർമാരുമായും ഫോൺ വഴിയെങ്കിലും ബന്ധപ്പെട്ട് സംശയനിവാരണം ചെയ്യുന്നതും അനുബന്ധ ബുദ്ധിമുട്ടുകൾ പങ്കുവെക്കുന്നതും നല്ലതാണ്. ഇതിനു രക്ഷിതാക്കളും തെറാപ്പിസ്റ്റുകളും ഡോക്ടറും തയ്യാറാകണം.

            ഇത് ചൂടുകാലം കൂടിയാണ്. പൊതുവേ ഉദരസംബന്ധമായതും മൂത്രാശയ സംബന്ധമായതുമായ ആരോഗ്യ പ്രതിസന്ധികൾക്ക് പേരുകേട്ട കാലം. ഓട്ടിസം, ADHD പ്രയാസങ്ങളുള്ള കുട്ടികളെ സംബന്ധിച്ചു ഉദരാരോഗ്യം പ്രധാനമാണ്. വയറിന്‍റെ പ്രവർത്തനവും തലച്ചോറിന്‍റെ പ്രവർത്തനവും തമ്മിലുള്ള ബന്ധം ഇന്ന് ഒട്ടുമിക്കവരും അറിയുന്നതാണ്. ലോക്ക് ഡൌൺ‍ പശ്ചാത്തലത്തിൽ രുചിക്ക് പ്രാമുഖ്യം നൽകി വീടുകളിൽ പാകംചെയ്യുന്ന പല ആഹാര വിഭവങ്ങളും ഇത്തരം കുട്ടികൾക്ക് അനുകൂലമാവാത്തതാവാം. കുട്ടികൾ കാൺകെ ഇത്തരം ആഹാരം മറ്റുള്ളവർ കഴിക്കുന്നതും പാകം ചെയ്യുന്നതും ഇവരുടെ വാശിയിലും ഭക്ഷണ ക്രമീകരണത്തിലുള്ള പിഴവിലുമാണ് കലാശിക്കുക. 

  • എണ്ണയിൽ വറുത്ത പലഹാരങ്ങൾ, ബേക്കറിപലഹാരങ്ങൾ, തൈര്, മാംസാഹാരങ്ങൾ എന്നിവയും ഗോതമ്പ് പലഹാരങ്ങളും ഇത്തരം കുട്ടികൾക്ക് നൽകാതിരിക്കുന്നതാണ് ഉത്തമം. 
  • ഇലക്കറികളും, ധാന്യങ്ങളും, പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തുന്നത് ദഹനം സുഗമമാകുന്നതിനും വിശപ്പ്‌ നഷ്ടമാവാതെ സൂക്ഷിക്കുന്നതിനും സഹായകമാവും. 
  • മത്സ്യം കഴിക്കുന്ന കുട്ടികളാണെങ്കിൽ ലഭ്യമാവുന്ന മത്സ്യത്തിന്‍റെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടതാണ്. രാസപദാർഥങ്ങൾ ഇട്ടുവച്ച മത്സ്യങ്ങൾ എളുപ്പത്തിൽ ഉദരപ്രശ്നങ്ങളുണ്ടാക്കാം. 
  • പുളിയുള്ളവ ഒഴികെയുള്ള പഴവർഗങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. സമയം തെറ്റിയുള്ള ആഹാരരീതി നിർബന്ധമായുംഒഴിവാക്കുക. വേണ്ടത്ര വെള്ളം കുടിക്കുന്നില്ലേ എന്നും രക്ഷിതാക്കൾ‍ ഉറപ്പുവരുതേണ്ടാതാണ്. 

പലപ്പോഴും ദഹന വൈകല്യങ്ങളായ വിശപ്പില്ലായ്മ, മലബന്ധം, കൃമിശല്യം, ചർദ്ദി എന്നിവ ഇത്തരം കുട്ടികളിലെ മാനസിക വളർച്ചാ-വികാസ നിരക്ക് കുറയ്ക്കുന്നതിനും അനുബന്ധമായ രോഗ ലക്ഷണങ്ങൾ‍ കൂടുതലായ് പ്രകടിപ്പിക്കുന്നതിനും കാരണമായി കാണാറുണ്ട്. ചുരുക്കി പറഞ്ഞാൽ ഈ ലോക്ക് ഡൌൺ കാലം specially abled കുട്ടികൾക്ക് നൽകി വരുന്ന ചികിത്സയിലും ജീവിത ശൈലി ചിട്ടയിലും സ്പെഷ്യൽ കെയറും കരുതലും നൽകേണ്ട കാലമാണ്.About author

Dr. Rahul R.

Medical Officer Spandanam Project, AC Shanmughadas Memorial Ayurvedic Child and Adolescent Care Center Purakkattiri, Kozhikkode., rahulaksharam88@gmail.com


Scroll to Top