ഉളുക്ക് 

"അത്  ഉളുക്കിയതോ മറ്റോ ആവും " - ആ പറച്ചിലിൽ തന്നെ ഒരു ലാഘവം നമുക്ക് അനുഭവപ്പെടുന്നുണ്ട്. കയ്യോ കാലോ ഉളുക്കി എന്ന് കേൾക്കുമ്പോൾ അത് അത്ര ഗൗരവമായി കണക്കിലെടുക്കില്ല നമ്മളിൽ ഭൂരിഭാഗവും. അതേസമയം കയ്യോ കാലോ ഒടിഞ്ഞു എന്ന് കേട്ടാൽ? പറഞ്ഞു വന്നത്  എന്തെന്നാൽ എല്ലുകളിലും സന്ധികളിലുമൊക്കെ ഉണ്ടാകുന്ന ഒടിവ്, സന്ധിമോക്ഷം അഥവാ സ്ഥാനച്യുതി എന്നിവയെപ്പോലെ തന്നെ ഗൗരവകരമായി കൈകാര്യം ചെയ്യേണ്ട ഒരു അവസ്ഥയാണ് ഉളുക്ക് എന്നുള്ളത്. 

എന്താണ്  ഉളുക്ക്?

ഒരു അസ്ഥിബന്ധത്തിന്, അതായത് എല്ലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്നായുവിന് സംഭവിക്കുന്ന ഭാഗികമായ പൊട്ടൽ അഥവാ കീറലിനെയാണ് ഉളുക്ക് എന്ന് പറയുന്നത്.

ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ 'സ്പ്രെയിൻ'  (sprain) എന്നും 'പാർഷ്യൽ ലിഗമെന്റ് ടിയർ (partial ligament tear) എന്നുമൊക്കെ പറയുന്നു. തീവ്രതയനുസരിച്ച്  ഇതിനെ മൂന്നു ഗ്രേഡുകളായി തിരിച്ചിരിക്കുന്നു.

ഉളുക്ക് ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ 

സന്ധികളെ അതിൻ്റെ കഴിവിൻ്റെ പരിധിക്കപ്പുറം വലിച്ചുനീട്ടപ്പെടുമ്പോളാണ് ഉളുക്ക് ഉണ്ടാകാറുള്ളത്. കഠിനമായ വ്യായാമങ്ങൾ, കായികാഭ്യാസങ്ങൾ, വീഴ്ചകൾ, അഭിഘാതങ്ങൾ എന്നിവ ഉളുക്കിന് കാരണമാകുന്നു.

ലക്ഷണങ്ങൾ 

  • തീവ്രമായ വേദന 
  • നീര്  / വീക്കം
  • ചതവ് 
  • ഉളുക്ക് ഉണ്ടായ സന്ധി ചലിപ്പിക്കാൻ ശേഷിക്കുറവ്,  ചലിപ്പിക്കുമ്പോൾ വേദന കൂടുക
  • സന്ധി സ്വയമേവ അയഞ്ഞു പോകുന്നതായി തോന്നുക

ഉളുക്കാന്‍ സാധ്യത കൂടുതലുള്ള സന്ധികൾ

  • കണങ്കാൽ
  • കാൽമുട്ട് 
  • കൈവിരൽ 
  • കണങ്കൈ 
  • കാൽവിരൽ
  • നട്ടെല്ല് 

ഏതൊരു സന്ധിയിലും സംഭവിക്കാവുന്നതാണെങ്കിലും ഉളുക്ക് ഏറ്റവും അധികം കാണപ്പെടുന്നത് കണങ്കാലിലാണ്. അതുതന്നെ രണ്ട് തരത്തിൽ ഉണ്ടാകാറുണ്ട്  - ഒന്ന് സന്ധി ഉളളിലേക്ക് തിരിയുമ്പോഴും (ഇൻവേർഷൻ),   മറ്റേത്  പുറത്തേക്ക് തിരിയുമ്പോഴും (ഇവേർഷൻ). 90 % ഉളുക്കും രണ്ടാമത്തെ വിഭാഗത്തിലാണ് കാണപ്പെടുന്നത്. 

ഉളുക്ക് എങ്ങനെ തിരിച്ചറിയാം?

ഈ ചികിത്സാവിഭാഗത്തിൽ പ്രഗത്ഭരായവർക്ക് ലക്ഷണങ്ങൾ അറിഞ്ഞും ദേഹപരിശോധനയിലൂടെയും രോഗനിർണ്ണയം നടത്താൻ സാധിക്കുന്നതാണ്. എല്ലൊടിവ് പോലെയുള്ള സംശയങ്ങൾ ഒഴിവാക്കുന്നതിനായി എക്സ് -റേ, എം.ആർ.ഐ എന്നിവ പ്രയോജനപ്പെടുത്താറുമുണ്ട്.

ഉളുക്കിന്‍റെ സങ്കീർണ്ണതകൾ

  • സന്ധിമോക്ഷം (dislocation)
  • സമീപത്തുള്ള രക്തക്കുഴലുകൾക്കുണ്ടാകുന്ന ക്ഷതം
  • പൂർണ്ണമായും സ്നായുവിന് പൊട്ടൽ (tendon rupture- പൂർണ്ണമായും പൊട്ടൽ സംഭവിച്ചാൽ അസ്ഥിഭംഗത്തേക്കാൾ പ്രയാസമാണ്. ഇതിന് പലപ്പോഴും ശസ്ത്രക്രിയ ആവശ്യം വരികയും ഭേദപ്പെടാൻ ഒരു വർഷത്തിലധികം കാലതാമസം ഉണ്ടാകുകയും ചെയ്യുന്നു.)

ആയുർവേദ കാഴ്ചപ്പാട് 

ആയുർവേദ സംഹിതകൾ ഈ അവസ്ഥയിൽ ശീതപ്രയോഗങ്ങൾ (തണുപ്പിക്കുന്ന മരുന്നുകളും ക്രിയകളും) ആണ് നിർദ്ദേശിച്ചിരിക്കുന്നത്. ശീതപരിഷേകം, പ്രദേഹം, ബന്ധനം എന്നിവയൊക്കെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു (തണുപ്പിക്കുന്ന മരുന്നുകള്‍ കൊണ്ട് കഴകല്‍, പുരട്ടല്‍, കെട്ടല്‍ എന്നീ പ്രയോഗങ്ങള്‍ ആണിവ) . ഉഷ്ണപ്രയോഗം പാകം (പഴുപ്പ്) ഉണ്ടാക്കാനുള്ള സാധ്യതയെ വിശദീകരിച്ചുകൊണ്ട് അവ ഒഴിവാക്കാനുളള ഉപദേശം നൽകുന്നുണ്ടെങ്കിലും, ഉളുക്കിന്‍റെ ഘട്ടമനുസരിച്ച്  സ്നേഹ-സ്വേദകർമ്മങ്ങൾ (എണ്ണ മുതലായവ ഉപയോഗിക്കല്‍, വിയര്‍പ്പിക്കല്‍) ചെയ്യാവുന്നതാണ്.

ചികിത്സാ വിധികൾ 

ഉളുക്ക് സംഭവിച്ച ശരീരഭാഗത്തെ ആശ്രയിച്ച് ചികിത്സയിൽ വ്യത്യാസം ഉണ്ടാകാം. എങ്കിലും പ്രാഥമിക ശുശ്രൂഷ എന്ന നിലയിൽ വളരെ ഫലപ്രദമായ ഒന്നാണ് 'PRICE' പ്രോട്ടോക്കോൾ. 

- Protection- പ്രൊട്ടക്ഷൻ അഥവാ സംരക്ഷണം 

ഉളുക്ക് ഉണ്ടായ ഭാഗത്തെ സംരക്ഷിക്കുക. കൂടുതൽ ക്ഷതമേൽക്കാതെ ശ്രദ്ധിക്കുക. 

- Rest- റെസ്റ്റ് അഥവാ വിശ്രമം 

ഉളുക്ക് സംഭവിച്ച സന്ധി വീണ്ടും ചലിപ്പിക്കാതിരിക്കുക. ഭാഗികമായി പൊട്ടൽ സംഭവിച്ച ഭാഗത്ത് പൂർണ്ണമായും പൊട്ടൽ ഉണ്ടാകാതിരിക്കാൻ ഇത് ഉപകാരപ്രദമാകും. 

- Ice- ഐസ് അഥവാ ശീതപ്രയോഗം

 ഐസ് കഷണം ഒരു തുണിയിൽ പൊതിഞ്ഞ്  ഉളുക്ക് ബാധിച്ച ഭാഗത്ത് കുറച്ചു നേരം വയ്ക്കുക. വീക്കവും വേദനയും കുറയ്ക്കാൻ ഇത് സഹായകമാകും. ഐസ് തുടർച്ചയായി വയ്ക്കുന്നത് ഒഴിവാക്കുക.

- Compression- കംപ്രഷൻ അഥവാ ബന്ധനം

സന്ധിയുടെ ചലനം ഒഴിവാക്കുന്നതിനും സന്ധിസ്ഥൈര്യം ഉണ്ടാകുന്നതിനും ഇത് സഹായകമാകും. ബന്ധനം ചെയ്യുമ്പോൾ ഒരുപാട് ഇറുകാതിരിക്കാനും ഒരുപാട് അയഞ്ഞു പോകാതെയും ശ്രദ്ധിക്കേണ്ടതാണ്. 

- Elevation- എലവേഷൻ അഥവാ ഉയർത്തി വയ്ക്കുക 

ഉളുക്ക് സംഭവിച്ച ഭാഗം ഉയർത്തി വയ്ക്കുക. നീര് ഉണ്ടാകാതിരിക്കാനും രക്തയോട്ടം നിയന്ത്രിക്കാനും ഇത് സഹായകമാകും.

പ്രഥമഘട്ടത്തിൽ ഒഴിവാക്കേണ്ടതെന്തെല്ലാം

× ഉളുക്ക് സംഭവിച്ച ഭാഗത്ത് പുറമേ നിന്നുള്ള സമ്മർദ്ദം ഒഴിവാക്കുക

× അമിതമായി ചലിപ്പിക്കാതിരിക്കുക 

× താഴേക്ക് തൂക്കിയിടാതെയിരിക്കുക

× എണ്ണയിട്ട് തടവാതിരിക്കുക

× ചൂട് വയ്ക്കാതിരിക്കുക

× തിരുമ്മാതിരിക്കുക

ഉളുക്ക് പറ്റിയ ഭാഗത്ത് നീലനിറത്തിൽ വീക്കം കാണപ്പെട്ടാൽ, അതിൽ നിന്നും മനസ്സിലാക്കേണ്ടതെന്തെന്നാൽ രക്തക്കുഴലുകൾക്ക് ക്ഷതം ഉണ്ടായി അവയിൽ നിന്നുളള രക്തം മറ്റു കോശങ്ങളിലേക്ക് പ്രവേശിക്കുന്നു എന്നതാണ്. ഇത് അപകടകരമായ അവസ്ഥയായതിനാൽ നിർബന്ധമായും മേൽപ്പറഞ്ഞവ ശ്രദ്ധിക്കേണ്ടതാണ്. 

ഔഷധ പ്രയോഗങ്ങൾ 

  • വാതഹരവും (വാത ദോഷത്തെ കുറയ്ക്കുന്ന) രക്തപ്രസാദകവും (രക്തത്തിന്‍റെ ഗുണ-കര്‍മ്മങ്ങളെ മെച്ചപ്പെടുത്തുന്ന ) ആയ മരുന്നുകളാണ് വൈദ്യന്‍ പൊതുവേ ഉളുക്കിനു ഉപയോഗിക്കുന്നത്. 
  • ചിറ്റരത്ത, ചിറ്റമൃത്, കുറുന്തോട്ടി, ചങ്ങലംപരണ്ട, ഗുൽഗുലു എന്നിവ ചേർന്ന ഔഷധങ്ങൾ ഫലപ്രദമാണ്.
  • മഞ്ചട്ടി, രക്തചന്ദനം, ഇരട്ടിമധുരം തുടങ്ങിയവ ചേർന്ന ലേപം പുരട്ടുന്നതും ഗുണകരമാണ്.

ആയുര്‍വേദത്തിലെ പ്രത്യേക ഔഷധങ്ങള്‍

  • കറുത്തവട്ട്, നാഗരാദി ചൂർണം, ജടാമയാദി ചൂർണം എന്നിവകൊണ്ടും ലേപം ചെയ്യാവുന്നതാണ്. മുട്ടയുടെ വെള്ള, മുരിങ്ങയിലയുടെ ചാറ് എന്നിവ ലേപം തയ്യാറാക്കാൻ ഉപയോഗിക്കാം. 
  • വാതഹരങ്ങളായ തൈലങ്ങൾ പഞ്ഞിയിൽ നനച്ച് വയ്ക്കാവുന്നതാണ്.
  • മുറിവെണ്ണ, ലികുചതൈലം, കായതിരുമേനി, പിണ്ഡതൈലം എന്നിവ ഉപയോഗിക്കാവുന്നതാണ്.
  • ന്യഗ്രോധാദി, പഞ്ചമൂലി എന്നീ കഷായങ്ങൾ കൊണ്ട് പരിഷേകം ചെയ്യാവുന്നതാണ്.
  • ധന്വന്തരം കഷായം, മുസ്താദി മർമ്മ കഷായം, വിദാര്യാദി കഷായം, ബലാതൈലം, ലാക്ഷാദി ക്ഷീരം, ലാക്ഷാദി ഗുഗ്ഗുലു, ഗുഗ്ഗുലുതിക്തക ഘൃതം എന്നിവയും അവസ്ഥയനുസരിച്ച് ഉപയോഗിക്കുന്നത് ഫലപ്രദമാണ്. 

ഉളുക്കിന്‍റെ സ്വഭാവം, രോഗിയുടെ അവസ്ഥ മരുന്നിന്‍റെ വീര്യം ഇവയൊക്കെ കണക്കിലെടുത്ത് ചെയ്യേണ്ടാതായതിനാല്‍ ഒരു ആയുര്‍വേദ ഡോക്ടര്‍ തന്നെ ഈ മരുന്നുകള്‍ പ്രയോഗിക്കേണ്ടതാണ്.

ശീലിക്കേണ്ടവയും ഒഴിവാക്കേണ്ടവയും 

സന്ധി യോജിക്കാൻ സഹായിക്കുന്ന വിധത്തിലുള്ളവയും പുഷ്ടികരങ്ങളും മധുരരസപ്രധാനമുളളതുമായ ഭക്ഷണങ്ങൾ, പാൽ, നെയ്യ്, മാംസരസം തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. 

ഉപ്പ്, എരിവ്, പുളി, രൂക്ഷമായ ഭക്ഷണങ്ങൾ മുതലായവ ഒഴിവാക്കേണ്ടതാണ്. വേദന വര്‍ദ്ധിക്കുവാനും പഴുപ്പ് ഉണ്ടാവാനും സന്ധി പൂര്‍വസ്ഥിതിയില്‍ ആകുന്നത് വൈകുവാനും ഈ രസങ്ങള്‍ കാരണമായേക്കാം.

ചികിത്സയ്ക്ക് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

രോഗിക്ക് ക്ഷീണമുണ്ടാകാതിരിക്കാൻ ശരീരപോഷണത്തിനുതകുന്ന അന്നപാനങ്ങൾ നൽകണം. സന്ധികളെ ദൃഢപ്പെടുത്തുന്നതിനും സ്നായുവിനെ ബലപ്പെടുത്തുന്നതിനും വിവിധ തരത്തിലുള്ള ബൃംഹണചികിത്സകൾ (പുഷ്ടിപ്പെടുത്തുന്നതും ബലപ്പെടുത്തുന്നതും ആയവ) തുടരേണ്ടതായുണ്ട്. കെട്ടിവെയ്ക്കുന്നത് തുടരുന്നത് ചലനം നിയന്ത്രിക്കാനും സന്ധിക്ക് ആശ്രയം നൽകുന്നതിനും സഹായകമാകും. മൃദുവായ സ്ട്രെച്ചിംഗ് (stretching) വ്യായാമങ്ങളും ചെയ്യാവുന്നതാണ്. ഇങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ ഉളുക്ക് സംഭവിച്ച സന്ധിയെ ഘടനയിലും പ്രവർത്തനത്തിലും, അതിന്‍റെ സാധാരണ ഗതിയിലേക്ക് കൊണ്ടുവരാൻ സാധിക്കും.

ഉളുക്ക് എന്നത് ദൈനംദിന ജീവിതത്തിൽ വളരെ സാധാരണമായി സംഭവിക്കാൻ സാധ്യതയുള്ള ഒന്നാണ്. സമയോചിതമായ വൈദ്യസഹായത്താൽ ഭേദപ്പെടുത്താൻ കഴിയുന്ന ഈ അവസ്ഥയെ, തെറ്റായ ചെയ്തികളിലൂടെ സങ്കീർണ്ണതകളിലേക്ക് നയിക്കാനും അധികം സമയം വേണ്ട. അതുകൊണ്ട് തന്നെ ഇത് അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് അവശ്യമാണ്.


About author

Dr. Pooja Rajendran

P G Scholar, Dept.of Shalyatantra S D M College of Ayurveda,Udupi pooja.rajendran@gmail.com


Scroll to Top