ലോക്ക് ഡൗൺ കാലത്തെ  ആരോഗ്യ ചിന്തകൾ 14

എള്ളോളമല്ല എള്ളിന്‍റെ ഗുണങ്ങൾ. ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന ഒട്ടനവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ളതാണ് എള്ള്.

കാൽസ്യം അധികമായി അടങ്ങിയിരിക്കുന്നതിനാൽ എള്ള് കഴിക്കുന്നത്  എല്ലിന്‍റെയും പല്ലിന്‍റെയും ബലം വർധിപ്പിക്കുന്നു. എല്ലു തേയ്മാനം വരാതിരിക്കാൻ സഹായിക്കും. വിറ്റാമിൻ -ഇ യുടെ കലവറയാണ് എള്ള്. പ്രോട്ടീൻ ധാരാളമായി ഉള്ളതുകൊണ്ട് കുട്ടികളുടെ ആഹാരത്തിൽ എള്ള്  ഉൾപ്പെടുത്തണം. ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. ഇതിലുള്ള 'sesamin', 'sesamolin' എന്നീ രാസഘടകങ്ങള്‍ കൊളസ്ട്രോൾ കുറയ്ക്കാൻ ഉപകരിക്കും. 

എള്ളെണ്ണ തേക്കുന്നത് മുടിയുടെ കറുപ്പുനിറം കൂട്ടാനും മുടി വളരാനും നല്ലതാണ്. സ്ത്രീകള്‍ എള്ള് നിത്യവും സേവിക്കുന്നത് ആർത്തവക്രമക്കേടുകൾ പരിഹരിക്കാനും ആർത്തവസമയത്തെ വേദന കുറയ്ക്കാനും സഹായിക്കും. 

എണ്ണകളിൽ ഏറ്റവും ശ്രേഷ്ഠമായി ആയുർവ്വേദം പറയുന്നത് എള്ളെണ്ണയാണ്. എന്നിരുന്നാലും ഗർഭിണികൾ‌ എള്ള് അധികമായി ഉപയോഗിക്കുന്നത് അഭികാമ്യമല്ല. 

എള്ള് കൊണ്ടു ഉണ്ടാക്കാവുന്ന രുചികരമായ ഒരു വിഭവം പരിചയപ്പെടുത്താം:

എള്ള് കൊഴുക്കട്ട 

ചേരുവകള്‍

  1. കറുത്ത എള്ള്- 1/2 കപ്പ് 
  2. ശർക്കര ചീകിയത്- 1/2 കപ്പ് 
  3. അരിപ്പൊടി- 1/2 കപ്പ് 
  4. തേങ്ങാപ്പീര- 1/2 കപ്പ് 
  5. ഏലക്ക- 2-3 എണ്ണം 
  6. നെയ്യ് - 100 gm 
  7. ഉപ്പ് - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

എള്ള് വറുത്തു മിക്സിയിൽ പൊടിച്ചെടുക്കുക. ഇതിലേക്ക് ശർക്കര, തേങ്ങാപ്പീര, ഏലക്ക ചതച്ചത് എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്യുക. 

അരിപ്പൊടി തിളച്ച വെള്ളത്തിൽ നെയ്യും ചേർത്ത് കുഴച്ചു മാവ് തയ്യാറാക്കി ഉണ്ടകളുണ്ടാക്കി എള്ളിന്‍റെ മിശ്രിതം ഉള്ളിൽ വച്ച് പൊതിഞ്ഞു ആവിയിൽ വേവിച്ചെടുക്കുക.

എള്ള് കൊഴുക്കട്ട തയ്യാര്‍.


About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top