ടെന്നീസ് എൽബോ or  Lateral Epicondilitis (സ്നായുഗത വാതം)

കൈമുട്ടിൻ്റെ  മുകൾഭാഗത്തും, കൈമുട്ടിൻ്റെ  മടക്കിനു തൊട്ടുതാഴെയും ഉണ്ടാകുന്ന ശക്തമായ വേദനയെ ആണ് ടെന്നീസ് എൽബോ എന്ന പേരിൽ പൊതുവേ അറിയപ്പെടുന്നത്.

മൂന്ന് അസ്ഥികൾ ചേർന്ന ഒരു സന്ധിയാണ് എൽബൊ ജോയിൻറ്. ഹ്യൂമറസ്, റേഡിയസ്, അൽന എന്നിവയാണ് ആ അസ്ഥികൾ. ഈ മൂന്ന് അസ്ഥികളെ യോജിപ്പിച്ചു നിർത്തുന്നത്  അതിനു ചുറ്റും കാണുന്ന മസിലുകളും ലിഗമെൻറുകളും ടെൻഡനുകളും ആണ്.

അതിൽ ഹ്യൂമറസിൻറെ ഇരുവശങ്ങളിലുമായി കാണപ്പെടുന്ന മുഴ പോലെയുള്ള ഭാഗമാണ് എപ്പികോണ്ടൈൽ. അതിൽ അകവശത്തുള്ളതിനെ മീഡിയൽ  എപ്പികോണ്ടൈൽ എന്നും പുറം ഭാഗത്തുള്ളതിനെ ലാറ്ററൽ എപ്പികോണ്ടൈൽ എന്നും അറിയപ്പെടുന്നു.

ടെന്നീസ് എൽബോ അഥവാ ലാറ്ററൽ എപ്പികോണ്ടൈലൈറ്റിസ്, കൈമുട്ടിലെ ഇടതു ഭാഗത്തുള്ള പേശികളും ലിഗമെൻറുകളും സ്നായുക്കളും ഉൾപ്പെടുന്ന ഭാഗത്ത് വരുന്ന നീർക്കെട്ടും വേദനയും ആണ്. കൈമുട്ടിലെ പേശികൾ കൈത്തണ്ടയിലൂടെ കൈക്കുഴയിലേക്കും   കൈവിരലുകളിലേക്കും നീളുന്നു. കൈത്തണ്ടയിലെ സ്നായുക്കൾ (പ്രധാനമായും എക്സ്ടെൻസർ  കാർപി റേഡിയാലിസ്  ബ്രേവിസ്) ഇതിനോടു ചേർന്നു നിൽക്കുന്നതിനാൽ  അമിത ഉപയോഗം മൂലം വരുന്ന ചതവുകളും നീർക്കെട്ടുകളും ഈ സ്നായുക്കളിലും സന്ധികളിലും വേദനയോ പുകച്ചിലോ  തരിപ്പോ നീരോ ഉണ്ടാകാൻ കാരണമാകുന്നു.

ആയുർവേദ കാഴ്ചപ്പാട്

അസുഖത്തിൻറെ ലക്ഷണവും സ്വഭാവവുമനുസരിച്ച്  ആയുർവേദത്തിൽ ടെന്നീസ് എൽബോ എന്ന അസുഖത്തെ സ്നായുഗത വാതം എന്ന് വ്യാഖ്യാനിക്കാം. ആയുർവേദത്തിൽ ഇത് ഒരു വാതവ്യാധി ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൈകൾ ഉപയോഗിച്ച് നിരന്തരമായി വിശ്രമമില്ലാതെ കാഠിന്യമുള്ള ജോലികൾ ചെയ്യുന്നത് വഴിയോ,  കൈകൾക്കുണ്ടാകുന്ന എന്തെങ്കിലും തരത്തിലുള്ള പരിക്കുകളെ തുടർന്നോ  നമ്മുടെ ശരീരത്തിലെ കൂർപര സന്ധിയിൽ (Elbow joint )പിത്തദോഷം ദുഷിക്കുകയും തുടർന്ന് വാത ദോഷം കോപിക്കുകയും ചെയ്യുമ്പോൾ കൈമുട്ടിലുള്ള സ്നായു(Tendons/കൈമുട്ടുകളെ ബന്ധിപ്പിക്കുന്ന നേർത്ത ചരട്) ക്കളിൽ നീർക്കെട്ട് ഉണ്ടാകുകയും ശൂല (pain), സ്തംഭ(stiffness), ശോഫം(swelling), ദാഹ(burning sensation) എന്നീ ലക്ഷണങ്ങൾ കാണപ്പെടുകയും ചെയ്യുന്നു..

കാരണങ്ങൾ

കൈമുട്ടു ഉപയോഗിച്ച്  വിശ്രമമില്ലാതെ ജോലി ചെയ്യുന്നവർ, കയ്യിൽ ഭാരം ഉയർത്തുന്നവർ, ക്രിക്കറ്റ്, ടെന്നീസ്, ബാഡ്മിൻറൺ തുടങ്ങി ബാറ്റ് ഉപയോഗിച്ച് കളിക്കുന്ന കായിക താരങ്ങൾ, തേയില തോട്ടത്തിൽ ജോലി ചെയ്യുന്നവർ, പ്ലംബിംഗ്  കാർപെൻറർ ജോലി ചെയ്യുന്നവർ, വീട്ടമ്മമാർ, ഇറച്ചി വെട്ടുകാർ തുടങ്ങി കൈമുട്ടിന് ആയാസമുള്ള ജോലികൾ ചെയ്യുന്ന ആർക്കും കൈമുട്ടിലെ സന്ധികൾക്കോ പേശികൾക്കോ നീർക്കെട്ട് ഉണ്ടാകുന്നതു വഴി ഈ രോഗം വരാൻ സാധ്യതയുണ്ട്.

വിറ്റാമിൻ ഡി യുടെ കുറവ്, വാത രോഗങ്ങൾ (soft tissue rheumatism) തുടങ്ങിയവയും  ടെന്നീസ് എൽബോയ്ക്ക് കാരണമാകാറുണ്ട്

ലക്ഷണങ്ങൾ

കൈമുട്ടിന്റെ മുകൾഭാഗത്തും കൈമുട്ടിന്റെ മടക്കിനു തൊട്ടുതാഴെയുമുണ്ടാകുന്ന ശക്‌തമായ വേദന, കൈമുട്ടു മുതൽ കൈക്കുഴ വരെയുള്ള ഭാഗം വരെ നീളുന്ന വേദന,കൈമുട്ടിന്റെ പുറം ഭാഗത്തായി ഉണ്ടാകുന്ന നീർക്കെട്ടും ചൂടും,  കൈ നിവർത്തിപ്പിടിക്കുമ്പോളും കൈ മുഷ്ടി ചുരുട്ടുമ്പോളും കൈമുട്ടിൽ ഉണ്ടാകുന്ന വേദന, മുട്ടിലോ കൈക്കുഴയിലോ കൈവിരലുകളിലോ ഉണ്ടാകുന്ന തരിപ്പ്, കൈമുട്ട് വേണ്ടവിധത്തിൽ ചലിപ്പിക്കാൻ കഴിയാതെ വരിക തുടങ്ങിയവയാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

രോഗാവസ്ഥ കൂടുന്നതിനനുസരിച്ച് തുണി പിഴിയാനും   ഭാരം കുറഞ്ഞ വസ്തുക്കൾ എടുക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

പ്രതിരോധ മാർഗങ്ങൾ

കളിയോ ജോലിയോ തുടങ്ങുന്നതിനു മുമ്പായി കൈമുട്ടിലെ പേശികൾക്ക് ശരിയായ രീതിയിൽ അയവു കിട്ടത്തക്ക വിധത്തിൽ ഉള്ള വ്യായാമങ്ങൾ ചെയ്യുക, കൈമുട്ടുകളടെ തുടർച്ചയായ ഉപയോഗത്തിനു മുമ്പ് പതിനഞ്ചു മിനിട്ടെങ്കിലും പേശികളുടെ വികാസവും സങ്കോചവും നടത്തുക. അതായതു കൈ പല പ്രാവശ്യം മടക്കുകയും നിവർത്തുകകയും ചെയ്യുക. 

എരിവ്, പുളി , എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ,കൊഴുപ്പ് അടങ്ങിയ ഭക്ഷണം,സംസ്കരിച്ച ധാന്യങ്ങൾ തുടങ്ങിയവയുടെ അമിത ഉപയോഗം കുറയ്ക്കുക. മദ്യം ,പുകവലി  ഉപേക്ഷിക്കുക, വിശ്രമമില്ലാതെ ജോലി ചെയ്യുക , അമിതഭാരം ഉയർത്തുക  തുടങ്ങിയ ജോലികൾ പരിമിതപ്പെടുത്തുക..

പച്ചക്കറികൾ, ഇലക്കറികൾ, കുരുവില്ലാത്ത പഴങ്ങൾ, പഴവർഗങ്ങൾ, 
ഏത്തപ്പഴം, ശരീരത്തിലെ ടിഷ്യുവിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന 
കൊളാജൻ അടങ്ങിയ എല്ലിൻ സൂപ്പ് എന്നിവ കൂടുതൽ കഴിക്കുക.

എക്സ്റേ, രക്തപരിശോധന, എംആർഐ അൾട്രാസൗണ്ട് സ്കാനിങ് തുടങ്ങിയ പരിശോധനകളിലൂടേയും  ഒരു ഡോക്ടറുടെ സഹായത്തോടെയും ടെന്നീസ് എൽബോ പ്രശ്നം തിരിച്ചറിയാം. 

പരിഹാരമാർഗങ്ങൾ

കൈക്ക് ആവശ്യത്തിന് വിശ്രമം നൽകുക

കൈയുടെ പേശികള്‍ക്ക് ബലം കൂട്ടുവാനായി മഞ്ഞനിറത്തിലുള്ള ഫിംഗര്‍ എക്‌സര്‍സൈസ് ബോള്‍ ഉപയാഗിക്കുക. 

വേദനയുള്ള കൈയുടെ കൈക്കുഴ   പരമാവധി താഴേക്ക് മടക്കുകയും, നിവർ‍ത്തുകയും ചെയ്യുക 

കട്ടിയുള്ള ഒരു റബർ  ബാന്‍ഡ് എടുത്ത് രണ്ട് കയ്യിലേയും ഓരോരോ വിരലുകള്‍ കൊണ്ട് ഇരുവശങ്ങളിലേക്കും വലിക്കുക. അത്തരത്തി‍ 5 വിരലുകളും ചെയ്യുക 

നഖങ്ങൾക്കു അരുകിലായി 5 വിരലുകൾക്കും   പുറത്തു കൂടി റബർ ‍ ബാന്‍ഡ് വച്ച് വിരലുകൾ ‍ നിവർത്തുക. 

ചൂടും തണുപ്പും മാറി മാറി പ്രയോഗിക്കുക. പെട്ടെന്നുണ്ടായ വേദനയ്ക്ക് ഐസ് പാക്ക് വെക്കുക. ഫിസിയോതെറാപ്പി , അൾട്രാസൗണ്ട്  തെറാപ്പി, ടെന്നീസ് എൽബോ ബ്രെയ്സ്, ടെൻസ് എന്നിവയുടെ പ്രയോഗങ്ങൾ പരീക്ഷിക്കാവുന്നതാണ്.

ലോക്കൽ സ്റ്റിറോയ്ഡ് ഇൻജക്ഷൻ, പി ആർ പി ഇഞ്ചക്ഷൻ തുടങ്ങിയവ  ഉപയോഗിച്ച് വിജയിച്ചില്ലെങ്കിൽ ശസ്ത്രക്രിയ ചെയ്യുക എന്ന രീതിയാണ്   ആധുനിക ചികിത്സാ വിഭാഗം ഈ അസുഖത്തിൽ സ്വീകരിക്കാറുള്ളത്.

മറ്റെല്ലാ വഴികളും അടയുമ്പോഴാണ് ഈ അസുഖത്തിന് ശസ്ത്രക്രിയ നിർ‍ദ്ദേശിക്കപ്പെടുക. കൈമുട്ട് തുറന്നുള്ള ശസ്ത്രക്രിയയ്ക്കു പുറമേ താക്കോല്‍ദ്വാര ശസ്ത്രക്രിയയും ഇപ്പോൾ ചെയ്തു വരുന്നുണ്ട്.

ആയുർവേദ ശാസ്ത്ര പ്രകാരം  ശസ്ത്രക്രിയ കൂടാതെ തന്നെ ,  അകത്തു  കഴിക്കുന്നതും ശരീരത്തിൻറെ പുറമേ ചെയ്യുന്നതുമായ മരുന്നുകളും ചികിത്സകളും കൊണ്ട്  ഈ അസുഖത്തെ പൂർണ്ണമായും ചികിത്സിച്ച് മാറ്റാവുന്നതാണ്. രോഗത്തിൻറെ കാഠിന്യം അനുസരിച്ചു അനുബന്ധ രോഗങ്ങളുടെ അവസ്ഥകൾ അനുസരിച്ചും മൂന്ന് മുതൽ ആറ് മാസം വരെ വിശ്രമവും ചികിത്സയും ആവശ്യമായി വരാം.

ആയുർവേദ ചികിത്സാരീതികൾ

അധികരിച്ച ദോഷങ്ങളെ  സാധാരണ നിലയിൽ എത്തിക്കുക, സന്ധിയിലും സ്നായുവിലും പേശിയിലും ബാധിച്ച നീർക്കെട്ട് , തേയ്മാനങ്ങൾ എന്നിവ   സാധാരണ ഗതിയിൽ കൊണ്ടുവരുക, രക്തചംക്രമണം ശരിയായ രീതിയിൽ ആക്കുക, തുടർന്ന് അവയെ ശക്തിപ്പെടുത്താനുള്ള രസായനഔഷധ പ്രയോഗങ്ങൾ ചെയ്യുക എന്നതാണ് ആയുർവേദത്തിൻറെ ചികിത്സാതത്വം.

വേദനയും നീർക്കെട്ടും കുറയ്ക്കുന്നതോടൊപ്പം രക്തചംക്രമണം കൂട്ടി അസുഖത്തെ 
വേരോടെ പിഴുതു കളയാൻ ഉള്ള ആയുർവേദ മരുന്നുകളും ബാഹ്യ ചികിത്സകളും 
അവസ്ഥാനുസരണം പ്രയോഗിക്കാൻ ആയുർവേദം നിർദേശിക്കുന്നു. തുടർന്ന് രസായന 
ചികിത്സകൾ ചെയ്തു രോഗം വീണ്ടും വരാതിരിക്കാനുള്ള ചികിത്സകളും ചെയ്യുന്നു

ബാഹ്യചികിത്സകൾ

1. കൈക്ക് മതിയായ വിശ്രമം അനുവദിക്കുക

2. യുക്തമായ തൈലം ചൂടാക്കി മിതമായി ഉഴിഞ്ഞ് ധാര ചെയ്യുക 

3. യുക്തമായ ചൂർണ്ണം ഉപയോഗിച്ച് ചൂടോടെ ലേപനം/ബാൻഡേജ് ചെയ്യുക

4. സ്വേദന ചികിത്സ അഥവാ ചൂട് പിടിക്കൽ/വിയർപ്പിക്കൽ

4. പിചു അഥവാ ചൂടുള്ള എണ്ണ പഞ്ഞിയിൽ ആക്കി നിർത്തൽ

5. ചൂർണ്ണ  പിണ്ഡസ്വേദംഅഥവാ പൊടിക്കിഴി

6. പത്രപിണ്ഡസ്വേദംഅഥവാ ഇലക്കിഴി

7. ധാന്യാമ്ളധാര

8. ഷാഷ്ഠിക പിണ്ഡ സ്വേദം അഥവാ ഞവരക്കിഴി

9. പിഴിച്ചിൽ

10. അഗ്നി കർമ്മം.. പഞ്ചലോഹ ശലാക ചൂടാക്കി വേദനയുള്ള ഭാഗത്ത് വെക്കുന്ന ചികിത്സ..

അകത്തു കഴിക്കാൻ ഉള്ള മരുന്നുകൾ

രാസ്നാസപ്തകം കഷായം, കോകിലാക്ഷം കഷായം, പ്രസാരണ്യാദി കഷായം, രാസ്നാപഞ്ചകം കഷായം, ഗുൽഗുലുതിക്തകം കഷായം, ചെറിയ രാസ്നാദി കഷായം, വലിയ രാസ്നാദി കഷായം, അമൃതോത്തരം കഷായം, പുനർന്നവാദി കഷായം, മുസ്താദി മർമ്മകഷായം ,അഷ്ടവർഗ്ഗം കഷായം, ധന്വന്തരം കഷായം തുടങ്ങിയ കഷായങ്ങളും ബലാരിഷ്ടം, പുനർന്നവാസവം, നിംബാമൃതാസവം അമൃതാരിഷ്ടം തുടങ്ങിയ അരിഷ്ടങ്ങളും യോഗരാജ ഗുൽഗുലു, കൈശോരഗുൽഗുലു, ചന്ദ്രപ്രഭാ ഗുളിക തുടങ്ങിയ ഗുളികകളും ഗുൽഗുലു പഞ്ചപല ചൂർണം, ഷഡ്ധരണ ചൂർണ്ണം  തുടങ്ങിയ ചൂർണ്ണങ്ങളും ക്ഷീരബല 101 ആവർത്തി, ധന്വന്തരം 101 ആവർത്തി, ബലാതൈലം, ഗന്ധതൈലം, മഹാരാജ പ്രസാരണി തൈലം തുടങ്ങിയ തൈലങ്ങളും അവസ്ഥയ്ക്കനുസരിച്ച് അകത്ത് കഴിക്കാൻ  നിർദ്ദേശിക്കാറുണ്ട്.

മുറിവെണ്ണ, കാരസ്കര തൈലം, കൊട്ടംചുക്കാദി തൈലം, വലിയ നാരായണ തൈലം, 
ധന്വന്തരം തൈലം, കർപ്പൂരാദി തൈലം, കാർപ്പാസാസ്ഥ്യാദി തൈലം 
തുടങ്ങിയവ പുറമേയും ഉപയോഗിക്കാനും നിർദേശിക്കാറുണ്ട്

ഗൃഹവൈദ്യം

1. എരുക്കില, ആവണക്കില, വാതംകൊല്ലിയില തുടങ്ങിയ ഇലകൾ തൈലത്തിൽ ചൂടാക്കി വേദനയുള്ള ഭാഗത്ത് 5 മുതൽ 10 വരെ മിനിട്ടുകൾ കെട്ടിവയ്ക്കുക ചൂടു കൂടാതിരിക്കാൻ ശ്രദ്ധിക്കണം

2. കാഞ്ഞിരക്കായ ഇട്ടുചൂടാക്കിയ തൈലം പുറമേ പുരട്ടുക

3. കല്ലുപ്പ്, കടുക്, ചതകുപ്പ തുടങ്ങിയവ കിഴികെട്ടി  ചൂട് പിടിക്കുക

4. മഞ്ഞൾ, ഉലുവ ,വെളുത്തുള്ളി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

5. ഇഞ്ചി ചായ കുടിക്കുന്നത് ശീലമാക്കുക


About author

Dr. Sujith V. M.

Chief Physician, Deseeya Ayurveda Pharmacy sujithvm@gmail.com


Scroll to Top