കാതുകുത്തിന്‍റെ വൈദ്യശാസ്ത്രം

ആയുർവേദത്തിൽ കാതുകുത്ത് അറിയപ്പെടുന്നത് “കർണവേധനം” എന്ന പേരിലാണ്. ഇത് 16 സംസ്കാരങ്ങളിൽ (ഷോഡശ സംസ്കാരം) ഒന്നായി കരുതപ്പെടുന്നു. സംസ്കാരം എന്ന പദം അർത്ഥമാക്കുന്നത് ശുദ്ധീകരിക്കുക, ഏറ്റവും മികച്ചതാക്കി മാറ്റുക എന്നെല്ലാമാണ്. ഒരു കുഞ്ഞ് ജനിക്കുന്ന നിമിഷം മുതല്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതുവരെയുള്ള കാലഘട്ടത്തില്‍ കുഞ്ഞിന്‍റെ ശാരീരികവും മാനസികവുമായ വളര്‍ച്ച ശരിയായ ദിശയില്‍ നടക്കുവാന്‍ വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങളാണ് ഷോഡശ സംസ്കാരം.

എപ്പോള്‍ കാതുകുത്താം?

വാഗ്ഭടാചാര്യന്‍റെ അഭിപ്രായത്തിൽ കുഞ്ഞ് ജനിച്ച് ആറാമത്തെയോ ഏഴാമത്തെയോ എട്ടാമത്തെയോ മാസമാണ് കർണവേധന സംസ്കാരത്തിന് അനുയോജ്യം. സുശ്രുതാചാര്യന്‍റെ അഭിപ്രായത്തിൽ ആറാമത്തെയോ ഏഴാമത്തെയോ മാസങ്ങളില്‍ കാതുകുത്താം. ഹേമന്ത (early winter)  ശിശിരം (late winter) കാലങ്ങളിൽ ശുക്ലപക്ഷത്തില്‍ രാവിലെ നല്ല സമയം നോക്കി കുഞ്ഞിന് മറ്റു രോഗങ്ങൾ ഇല്ലാതിരിക്കെ കാതുകുത്താം.

എവിടെയായിട്ടാണ് കാതുകുത്തേണ്ടത്?

സാമ്പ്രദായികമായി ആൺകുട്ടികൾക്ക് വലത്തേ ചെവിയിലും പെൺകുട്ടികൾക്ക് ഇടത്തേ ചെവിയിലുമാണ് ആദ്യം കാതുകുന്നുന്നത്. 

പരിചയസമ്പന്നനായ വൈദ്യന് കാതുവള്ളി സൂര്യപ്രകാശത്തിനു (മറ്റ് ശക്തിയുള്ള പ്രകാശ സ്രോതസ്സുമാവാം) നേരേ പിടിച്ചാല്‍ രക്ത കുഴലുകൾ (blood vessels) അധികം ഇല്ലാത്ത, കാതുകുത്തുവാന്‍ ഉത്തമമായ സ്ഥലം കണ്ടെത്തുവാന്‍ സാധിക്കും. ആയുര്‍വേദത്തില്‍ ഇതിനെ “ദൈവകൃത ഛിദ്രം" എന്നാണ് വിളിക്കുന്നത്. അതായത് ‘ദൈവം ഇട്ട് വച്ചിരിക്കുന്ന ദ്വാരം' എന്നര്‍ത്ഥം. പ്രകാശത്തില്‍ നോക്കുമ്പോള്‍ ഈ ഭാഗത്തിന് കോലരക്കിന്‍ ചാറിന്‍റെ നിറമായിരിക്കും (ഇളം ചുവപ്പെന്നോ pinkish എന്നോ പറയാം).  ഇവിടെ കൃത്യമായി കാതു കുത്തിയാല്‍ വേദന അനുഭവപ്പെടുകയില്ല. മാത്രവുമല്ല, ദ്വാരം പഴുക്കാതെയും അടയാതെയും ഇരിക്കുന്നു. 

കാതുകുത്തുന്ന പ്രക്രിയ എപ്രകാരമാണ്?

ആദ്യം കുഞ്ഞിന് വിശപ്പ്‌ മാറ്റി കളിപ്പാട്ടങ്ങളും മറ്റും നല്‍കി സന്തോഷത്തോടെ ഇരുത്തണം.

അമ്മയുടെയോ അച്ഛന്റെയോ മടിയില്‍ (കുട്ടിയുടെ അപ്പോഴത്തെ താല്‍പ്പര്യത്തിന് മുന്‍ഗണന) കുഞ്ഞിനെ ഇരുത്താം. കുഞ്ഞ് തല വെട്ടിക്കാത്ത വിധം രക്ഷകര്‍ത്താവ് നെറ്റിയില്‍ പിടിക്കണം. കൈകാലുകള്‍ ഇളക്കാതെയും ശ്രദ്ധിക്കണം.

വൈദ്യന്‍ ഇടത്തെ കൈവിരലുകള്‍ കൊണ്ട് കീഴ്ക്കാത് വലിച്ചുപിടിച്ച്‌ വലത്തെ കൈയ്യില്‍ സൂചി കാതുവള്ളിക്ക് ലംബമായി (perpendicular) പിടിച്ച് ദൃഢമായി വിറയ്ക്കാതെ ഒറ്റത്തവണയില്‍ വേണം കതുകുത്തുവാന്‍. 

മേല്‍പ്പറഞ്ഞ രീതിയില്‍ യാഥാസ്ഥാനത്താണ് കാതുകുത്തിയതെങ്കില്‍ വേദന അറിയണം എന്നുകൂടിയില്ല (വളരെ കുറച്ചേ വേദനിക്കൂ എന്നും ആ വേദന ഉടനെ ശമിക്കുമെന്നും സാരം). അതോടൊപ്പംതന്നെ, രക്തസ്രാവവും നീര്‍ക്കീട്ടും നന്നേ കുറവായിരിക്കും.

പണ്ടുകാലങ്ങളില്‍ സ്വര്‍ണ്ണനിര്‍മ്മിതമായ നേര്‍ത്ത സൂചിയാണ് ഉപയോഗിക്കാറ്. ഇത് വൃത്തിയാക്കി തീയില്‍ പഴുപ്പിച്ച് ചൂടാറ്റിയതിന് ശേഷമാണ് ഉപയോഗിക്കുന്നത്. തടിച്ച കീഴ്കാത് ഉള്ള കുഞ്ഞുങ്ങള്‍ക്ക്‌ "ആര ശസ്ത്രം" ഉപയോഗിക്കാന്‍ പറയുന്നു. ഈ സമ്പ്രദായം ഇപ്പോഴും തുടരുന്നുണ്ടെങ്കിലും. സ്റ്റേയിന്‍ലെസ്സ് സ്റ്റീല്‍ സൂചി, ear piercing gun തുടങ്ങിയവയും നവീനമായ sterilization രീതികളും ഇപ്പോള്‍ ഉപയോഗിക്കാറുണ്ട്.

കാതുകുത്തിന് ശേഷം ചെയ്യേണ്ടതെന്തൊക്കേ? 

  • കാതു കുത്തിയ ശേഷം പച്ചെണ്ണ കൊണ്ട്  നനക്കുന്നു. കാച്ചാത്ത unprocessed എണ്ണയാണ് പച്ചെണ്ണ. വാതഹരം ആയതിനാല്‍ എള്ള് എണ്ണയാണ് ഏറ്റവും നല്ലത്)
  • പച്ചെണ്ണയില്‍ തന്നെ മുക്കിയ നേരിയ ചരട് ദ്വാരത്തില്‍ തിരുകി വയ്ക്കുന്നു. 
  • മൂന്ന് ദിവസം കൂടുമ്പോള്‍, മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍, വലുപ്പം കൂടുതലുള്ള ചരട് തിരുകി ദ്വാരം വലുതാക്കാം. 
  • പൂര്‍ണ്ണമായി ഉണക്ക് ആവുന്നതുവരെ അവിടെ നിത്യവും പുക കൊള്ളിക്കുന്നതും, മൃദുവായി അഭ്യംഗം ചെയ്യുന്നതും നല്ലതാണ്.
  • കുഞ്ഞിന് എളുപ്പം ദഹിക്കുന്നതും പോഷക സമ്പന്നവും എന്നാല്‍ ഉള്‍പ്പഴുപ്പ് ഉണ്ടാക്കാത്തതുമായ ഭക്ഷണം നല്‍കാം.
  • കുട്ടികള്‍ കാതുകുത്തിയ ഇടം തൊടാതെയും മാന്താതെയും അവിടെ തിരുകിയ ചരട് വലിക്കാതെയും പ്രത്യേകം ശ്രദ്ധിക്കണം.

കാതില്‍ അണിയുന്ന ആഭരണങ്ങളിലെ രത്നങ്ങള്‍ക്കും മറ്റും പ്രത്യേകമായ രോഗഹരണ ശേഷിയും 'രക്ഷോഘ്ന' ഗുണങ്ങളും (രോഗപ്രതിരോധം എന്ന് വ്യാഘാനിക്കാം) ഉണ്ടെന്നു ആയുര്‍വേദ ഗ്രന്ഥങ്ങള്‍ പറയുന്നു.

കാതുകുത്ത്  ശരിയാകാതെ വരുന്ന സമയത്ത് ഇരട്ടിമധുരം, ആവണക്കിന്‍ വേര്, യവം, എന്നിവ കൽക രൂപത്തിൽ (അരച്ചു പേയ്സ്റ്റു രൂപത്തില്‍) പുരട്ടുവാനും വാതവ്യാധികളെ അതിന്‍റെതായ രീതിയിൽ ചികിത്സിക്കാനും പറയപ്പെടുന്നു.

കാതുകുത്തുന്നത് ശരിയായില്ലെങ്കില്‍ എന്തു സംഭവിക്കും?

കാതുകുത്തുന്ന സ്ഥലം മാറി പോയാൽ താഴെ പറയുന്ന ഏതെങ്കിലുമോ എല്ലാമോ കണ്ടേക്കാം:

  • അധികമായ വേദന
  • നില്‍ക്കാതെ രക്തം വരിക
  • നീര് കെട്ടുക 
  • പനി
  • ശരീരം മുഴുവൻ ചൂട്
  • മുറിവ് ഉണങ്ങാതെ ഇരിക്കുക
  • പലവിധമുള്ള വാത വ്യാധികൾ

കാതുകുത്തലിന്‍റെ ഒരു വിശകലനം

കുഞ്ഞിന്‍റെ ശരീരത്തിനെ പരിരക്ഷിക്കുന്നതിന് (protection) വേണ്ടിയും ഒരു അലങ്കാരം (ornament) എന്ന നിലയിലും കർണവേധനം ചെയ്യാവുന്നതാണ് എന്നാണ് സുശ്രുതാചാര്യന്‍ പറയുന്നത്. ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോൾ മനസ്സിലാവുന്നത് ഹേമന്ത -ശിശിര ഋതുക്കളിൽ നൈസര്‍ഗികമായി ശരീരബലം വര്‍ദ്ധിച്ചുനില്‍ക്കുന്ന കാലഘട്ടമായതിനാൽ കർണവേധനത്തിന്‍റെതായ ഒരു ബുദ്ധിമുട്ടും കുഞ്ഞിന് ഉണ്ടാവുന്നില്ല. 

മാത്രമല്ല, ആറു മാസം കഴിയുമ്പോൾ മുലപ്പാൽ കൊടുക്കുന്നതിൽ നിന്നും മാറി മറ്റു കുറുക്കുകളിലേക്ക്  പോവുമ്പോൾ കുഞ്ഞിന്‍റെ രോഗപ്രതിരോധശേഷി (specific immunity) കുറയുന്നു. അതിനാൽ ഒരു specific immuno-modulation ഇവിടെ ഏറെ ഗുണം ചെയ്യും. കാതുകുത്തുമ്പോള്‍ ഉണ്ടാക്കുന്ന മുറിവ് ശരീരത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ചൊടിപ്പിക്കുകയും അതിലൂടെ ഒരു പ്രതിരോധ പ്രതികരണം (cell mediated immune response) കുഞ്ഞിൽ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന്‍റെ പ്രതിരോധശക്തി വർദ്ധിപ്പിക്കുകയും ഭാവിയിൽ ഉണ്ടാവാൻ സാധ്യതയുള്ള പല രോഗങ്ങളെയും പ്രതിരോധിക്കുകയും ചെയ്യുന്നു എന്നുവേണം കരുതാന്‍.

ജീവ വ്യവസ്ഥകള്‍ക്ക് സ്ഥിരത വരുന്നതോടുകൂടി കുഞ്ഞിന്‍റെ ശരീരം വളര്‍ച്ചയിലേക്ക് ഊന്നല്‍ കൊടുക്കുന്നു. ഏകദേശം  ആറാമത്തെ മാസത്തോടുകൂടി ഈ  വളർച്ചയും വികാസവും ( Growth and Development) ത്വരിതമാകുന്നു. ഈ സമയത്തിനകം കാതിന്‍റെ ഘടനാപരമായ  വളർച്ച അതിന്‍റെ പൂർണതയില്‍ എത്തുന്നു. മുറിവ് ഉണങ്ങുന്നതിന് (wound healing) ഏറ്റവും അനുകൂലമാക്കുന്നതും ഈ സമയതോടുകൂടിയാണ്. ഈ കാരണങ്ങള്‍ കൊണ്ടെല്ലാം ആണ് പെണ്ണ് വ്യത്യാസമില്ലാതെ ഇമ്മ്യൂണിറ്റിക്ക് ഒരു കിക്ക്-സ്റ്റാര്‍ട്ട്‌ എന്ന നിലയിൽ കാതുകുത്ത്‌ ഒരു അഭികാമ്യമായ കര്‍മ്മമാകുന്നു.

ഈ ഒരു വീക്ഷണകോണില്‍ കാതുകുത്ത്‌ കേവലം ഒരു ചടങ്ങ് മാത്രമല്ല, ആ കുഞ്ഞിന്‍റെ  ആരോഗ്യപൂര്‍ണ്ണമായ ഭാവിക്കുള്ള ഒരു അലങ്കാരം കൂടിയാണ്.


About author

Dr. Manu Mohan S.

MD (Ay)- Kaumarbrithya GAVC Trivandrum drmanu.mohan5@gmail.com


Scroll to Top