നവധാന്യങ്ങൾ

നവധാന്യങ്ങൾ സമ്പത്തും ഐശ്വര്യവും കൊണ്ടുവരും എന്നാണ് വിശ്വാസം. വൈദിക - താന്ത്രിക-മാന്ത്രിക കർമ്മങ്ങളിലെ ഉപയോഗത്തിലുപരി ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിലും ആരോഗ്യം നിലനിർത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്നവയാണ് നവധാന്യങ്ങൾ. ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, എണ്ണവിത്തുകൾ എന്നിവയടങ്ങിയ ഒരു സവിശേഷ ധാന്യ കൂട്ടാണ് നവധാന്യങ്ങൾ.

ഏതൊക്കെയാണ് നവ ധാന്യങ്ങൾ?

 1. നെല്ല് (Rice)
 2. ഗോതമ്പ് (wheat)
 3. ചെറുപയർ (moong beans)
 4. കടല (Bengal gram) ചണമ്പയർ അഥവാ 
 5. മമ്പയർ (lens Culinaris)
 6. അവര അഥവാ തുവര ( Red gram )
 7. എള്ള് ( Black Sesame) 
 8. ഉഴുന്ന് (Black gram )
 9. മുതിര (horse gram ) എന്നിവയാണവ.

ഇവയോരോന്നിന്‍റെയും ഗുണങ്ങൾ ഒന്നു നോക്കാം

നെല്ലരി

ഒരു നേരമെങ്കിലും ഇത്തിരി അരിഭക്ഷണം കഴിക്കാതെ ജീവിക്കാനാവില്ല എന്ന് കരുതുന്ന ആളുകളുണ്ട്. ചോറൂണ് മുതൽ തുടങ്ങുന്ന ഈ ശീലം നമ്മളോടൊപ്പം വളരുന്നു. രസത്തിലും പാകത്തിലും മധുരമാണെങ്കിലും ചെറിയൊരു ചവർപ്പ് അനുരസമായിട്ടുണ്ട് അരിയ്ക്ക്. തവിട് നീക്കം ചെയ്യാത്ത അരിയിലാണ് ഇത് പ്രകടമായി അനുഭവപ്പെടുന്നത്.' പേർളിംഗ് ' എന്ന പ്രക്രിയയിലൂടെ തവിട് നീക്കം ചെയ്ത അരിയാണ്  വൈറ്റ് റൈസ്.നമുക്ക് കൂടുതൽ ലഭ്യമാകുന്നത് അതാണ്. അരി ദീർഘകാലം കേടുകൂടാതെ ഇരിക്കുന്നതിനും പാചക സമയം കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ തവിട് കളയാത്ത അരിയാണ് ആരോഗ്യത്തിന് ഗുണപ്രദം.ഇരുമ്പ്, കാൽസ്യം, സിങ്ക്, ബി വൈറ്റമിനുകൾ തുടങ്ങി 15 ഓളം ഘടകങ്ങൾ തവിടിൽ അടങ്ങിയിരിക്കുന്നു .ഇതിൽ അടങ്ങിയിരിക്കുന്ന സെലീനിയം തൈറോയിഡിന്റെ പ്രവർത്തനത്തിന് അത്യാവശ്യമാണ്. മികച്ച ധാരണാശക്തിയ്ക്കും പ്രത്യുല്പാദനത്തിനും സെലീനിയം സഹായിക്കുന്നു .1 കപ്പ് ചോറിൽ 242 കലോറി ഊർജ്ജവും 53 ഗ്രാം കാർബോഹൈഡ്രേറ്റും 4 ഗ്രാം പ്രോട്ടീനും അടങ്ങുമ്പോൾ തവിടോടുകൂടിയ അരിയിൽ 49 ഗ്രാം കാർബോഹൈഡ്രേറ്റും 5 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നു. വൈറ്റ് റൈസിന്റെ ഗ്ലൈസീമിക് ഇൻഡക്സ് ( ഒരു മണിക്കൂറിൽ രക്തത്തിൽ കലരുന്ന പഞ്ചസാരയുടെ അളവ് )73 ആണെങ്കിൽ ബ്രൗൺ റൈസിന്റേത് 68 മാത്രമാണ്. പ്രമേഹ രോഗികൾ കുറഞ്ഞ അളവിൽ തവിടോടുകൂടിയ അരി കഴിക്കുന്നത് ഗോതമ്പിനേക്കാൾ ഗുണപ്രദമാണ്.

ഗോതമ്പ്

മധുരവും ശീതവുമാണ്. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളതും വാത പിത്ത ശമനവുമാണ്. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനസംബന്ധമായ രോഗങ്ങൾ അകറ്റുന്നു. തവിടോടുകൂടിയ ഗോതമ്പിലെ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ വയർ നിറഞ്ഞിരിക്കുന്നതു പോലെയുള്ള പ്രതീതി ഉണ്ടാക്കുന്നതിനാൽ പെട്ടെന്ന് വിശപ്പ് തോന്നുകയില്ല.

ചെറുപയർ

പയർ വർഗ്ഗങ്ങളിൽ ഏറ്റവും ശ്രേഷ്ഠവും ഏത് രോഗാവസ്ഥയിലും ദോഷരഹിതമായി ഉപയോഗിക്കാവുന്നതുമാണ് ചെറുപയർ.നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹരോഗികൾക്ക്  ദഹനപ്രശ്നങ്ങൾ കുറയുകയും കൊളസ്ട്രോൾ, അമിതവണ്ണം ഇവ വരാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കടല

മാംസ്യം ,ഫോസ്ഫറസ്, ഇരുമ്പ് ഇവയാൽ സമൃദ്ധമാണ് കടല. വാതത്തെ വർദ്ധിപ്പിക്കുന്നതാണെങ്കിലും ശരിയായ ഉപയോഗത്തിലൂടെ അതിനെ മറികടക്കാം. 

തുവര

ഇന്ത്യയിൽ ജന്മം കൊണ്ട പയർവർഗ്ഗമാണ് തുവര .ശരീരത്തിന്റെ വിളർച്ച മാറ്റുന്നതിനും അമിതവണ്ണം കുറയ്ക്കുന്നതിനും തുവര സഹായിക്കുന്നു. രക്തസമ്മർദ്ദത്തിന്റെ അളവ് കൃത്യമായി നിലനിർത്താനും ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനും മികച്ചതാണ് തുവര .

എള്ള്

പ്രോട്ടീൻ കുറവുമൂലമുണ്ടാകുന്ന എല്ലാത്തരം രോഗങ്ങൾക്കും എള്ള് പരിഹാരമാണ്. കുഞ്ഞുങ്ങളിൽ ബുദ്ധി വികാസത്തിനും എല്ലുകളും പല്ലുകളും ബലമുള്ളതാക്കാനും എള്ള് നല്ലതാണ്.സ്ത്രീകളിലെ വിളർച്ചയ്ക്കും ആർത്തവ സംബന്ധമായ മിക്ക പ്രശ്നങ്ങൾക്കും പ്രത്യുല്പാദനക്ഷമത കൂട്ടാനും എള്ള് ഗുണകരമാണ്‌. ഇതിലടങ്ങിയിരിക്കുന്ന സിങ്ക് ചർമ്മത്തിന്റെ സ്നിഗ്ദ്ധത കൂട്ടുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. ഒരു ഗ്ലാസ് പാലിൽ ഉള്ളതിനേക്കാൾ കാൽസ്യം ഒരു പിടി എളളിലടങ്ങിയിട്ടുണ്ട്.

മുതിര

ഗുണസമ്പുഷ്ടമാണെങ്കിലും ഇന്നും തീൻമേശയിൽ അത്രയധികം പ്രാധാന്യം ലഭിക്കാത്ത ഒന്നാണ് മുതിര. കലോറി കുറവും നാരുകളുടെ സാന്നിധ്യവും ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. സ്ത്രീകളിൽ അർത്തവനാശം, PCOD അവസ്ഥകളിൽ ഉപയോഗിക്കുന്ന കുലത്ഥാദി കഷായത്തിൽ മുതിരയും എള്ളും അടങ്ങിയിരിക്കുന്നു .വാതം കൊണ്ടുള്ള സന്ധിവേദനകൾ, ഉപ്പൂറ്റി വേദന ഇവയിൽ മുതിരക്കിഴി ഫലപ്രദമാണ്.

ഉഴുന്ന്

പ്രോട്ടീനും നാരുകളും വൈറ്റമിനുകളും ധാരാളമുള്ള ഉഴുന്നിൽ ഫാറ്റ്, കൊളസ്ട്രോൾ ഇവ പൊതുവെ കുറവാണ്. ശുക്ല വർദ്ധനവിനും ധാതുഷ്ടിയ്ക്കും ഉഴുന്ന് മികച്ചതാണ്. കഫ വർദ്ധനവു ണ്ടാക്കുന്നതിനാൽ അമിതോപയോം നല്ലതല്ല.

ചണമ്പയർ

കഷായ രസവും മധുര രസവുമുള്ളതാണ്.ചണമ്പയർ വെറ്റില നീരിൽ അരച്ച് സേവിക്കുന്നത് വാതരോഗ ശമനമാണ്.

എന്തുകൊണ്ട് ധവധാന്യങ്ങൾ?

ഒരേ തരം ധാന്യങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്നത് അതിലില്ലാത്ത പോഷകളുടെ അപര്യാപ്തതയ്ക്ക് വഴിവെക്കുന്നു. വ്യത്യസ്ത തരം ധാന്യങ്ങൾ യോജിപ്പിച്ച് ഉപയോഗിക്കുന്ന രീതിയാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്.ഇവിടെയാണ് നവധാന്യങ്ങൾ പ്രാധാന്യമർഹിക്കുന്നത്. ഇതൊരു multi grain magical remedy ആയി പ്രവർത്തിക്കുന്നു .ഒൻപത് വ്യത്യസ്ത തരം ധാന്യങ്ങൾ ചേരുമ്പോൾ ശരീരത്തിന്റെ വളർച്ചയ്ക്കും പോഷണത്തിന്നും രോഗപ്രതിരോധത്തിനും ആവശ്യമായ എല്ലാ ഘടകങ്ങളും ഇതിലൂടെ ലഭിക്കുന്നു. കലോറി കുറഞ്ഞ് പ്രോട്ടീൻ സമ്പുഷ്ടമായതിനാൽ അമിതവണ്ണമുള്ളവർക്ക് ധൈര്യമായി ഉപയോഗിക്കാം. കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ഉത്തമമാണ്. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. 

ഉപയോഗരീതി

നവധാന്യങ്ങൾ പല രീതിയിൽ ഉപയോഗിക്കാം. ഇപ്പോൾ നവ ധാന്യങ്ങൾ ഒരുമിച്ച് ഒരു പായ്ക്കറ്റിൽ മാർക്കറ്റിൽ ലഭ്യമാണ്.ഇവവേവിച്ച് പച്ചക്കറികളോടൊപ്പം സാലഡുകളായി പയോഗിക്കാം. കൂടാതെ നവധാന്യ കഞ്ഞി കർക്കടകമാസത്തിൽ ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്.പൊടിച്ച് ഉപയോഗിക്കുമ്പോൾ ഓരോന്നും പ്രത്യേകം വെയിലത്ത് വച്ച് ഉണക്കി പൊടിച്ച് സൂക്ഷിക്കുന്നു.ഇത് ഉപയോഗിച്ച് കുറുക്ക്, ഇഡ്ഡലി, ദോശ ഇവയൊക്കെ ഉണ്ടാക്കാം. നവധാന്യക്കുറുക്ക് ആറുമാസം മുതലുള്ള കുഞ്ഞുങ്ങൾക്ക് കൊടുക്കാം.

നവധാന്യകഞ്ഞി

 1. നവര അരി - 1/2 കപ്പ്
 2. ഗോതമ്പ് നുറുക്ക് - 1 tsp
 3. എള്ള് - I tsp
 4. ചെറുപയർ - 2 tsp
 5. ഉലുവ, മുതിര, വൻപയർ, കടല പരിപ്പ്, മുത്താറി - 1 tsp
 6. ശർക്കര - ആവശ്യത്തിന്
 7. ഉപ്പ് - 1/4 tsp
 8. തേങ്ങാപ്പാൽ-1 കപ്പ്
 9. ജീരകം - 1/2 tsp
 10. നെയ്യ് - ആവശ്യത്തിന്

ചെറുപയർ, ഉലുവ, മുതിര, വൻപയർ, കടലപ്പരിപ്പ്, മുത്താറി ഇവ തലേ ദിവസം വെള്ളത്തിലിട്ട് കുതിർക്കുക. അതിനു ശേഷം നവര അരി, ഗോതമ്പ് നുറുക്ക് ,എള്ള് ഇവ ചേർത്ത് വേവിച്ച് അതിലേക്ക് ശർക്കരയും ഉപ്പും ജീരകം പൊടിച്ചതും ചേർത്ത് നന്നായി വെന്തു കഴിയുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് പാത്രം ഇറക്കി വെക്കാം. ചെറു ചൂടിൽ അൽപം നെയ്യ് ചേർത്ത് ഉപയോഗിക്കാം. 

കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന വിധത്തിൽ പായസം, ബിരിയാണി എന്നിങ്ങനെയൊക്കെയും നവധാന്യങ്ങൾ ഉപയോഗിക്കാം.

നവധാന്യങ്ങൾ - വാസ്തു -ജ്യോതിഷം

നവധാന്യങ്ങൾ ഓരോന്നും ഓരോ ദേവതയുടെ പ്രതീകമായും സങ്കൽപിക്കപ്പെടുന്നു.

നെല്ല് - ചന്ദ്രൻ

ഗോതമ്പ് -സൂര്യൻ

കടല - ചൊവ്വ

ചെറുപയർ - ബുധൻ

ചണമ്പയർ - വ്യാഴം

തുവര - ശുക്രൻ

എള്ള്-ശനി

മുതിര -കേതു

ഉഴുന്ന് -രാഹു

ഈ ദേവതകളുടെ പൂജയ്ക്ക് അവയെ പ്രതിനിധീകരിക്കുന്ന ധാന്യങ്ങൾ ഉപയോഗിക്കുന്നു. ക്ഷേത്രങ്ങളിൽ വിശേഷ പൂജകൾക്ക് ഇവ മുളപ്പിക്കുകയും മുളയറയിൽ സൂക്ഷിക്കുകയും ചെയ്യാറുണ്ട്. കലശപൂജകൾക്കും നവധാന്യങ്ങൾ ഉപയോഗിക്കുന്നു. വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയിൽ നവധാന്യങ്ങൾ മുളപ്പിക്കാറുണ്ട്. പുതുതായി നിർമ്മിക്കുന്ന ഗൃഹത്തിലേയ്ക്ക് ദമ്പതികൾ നവധാന്യവുമായി പ്രവേശിക്കുന്ന ചടങ്ങുണ്ട്. നവരാത്രി ദിവസങ്ങളിൽ ഓരോ ദിവസം വൈകുന്നേരവും നവധാന്യങ്ങളിലൊന്നു വീതം പാകം ചെയ്യുന്നു. കാർഷികോത്സവമായ വിഷുവിനു ശേഷം നവധാന്യങ്ങൾ വിതയ്ക്കുന്ന പതിവ് ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്.ഇതിനെല്ലാം പുറമെ ശ്മശാനഭൂമിയെ കൃഷിഭൂമിയാക്കി മാറ്റുന്നത് നവധാന്യം വിതച്ചു കൊണ്ടാണ് .ഓരോ വിത്തിലും ഒരു ജീവൻ ഉറങ്ങിക്കിടപ്പുണ്ട്. പ്രാണന്റെ മിടിപ്പു പേറുന്ന ഇത്ര ചെറിയ വിത്ത് ഇല്ല തന്നെ.


About author

Dr. Manju P. S.

Consultant physician- Viswabrahma Ayurveda Vaidyasala, Kottakal Arya Vaidya Sala, Adivadu branch, Kothamangalam manjups17@gmail.com


Scroll to Top