Lifestyle

The Ten Wholesome Leaves: How this Kerala Tradition Can Protect you during Karkkitaka Month

പത്തില

പത്തിലക്കറി, കർക്കിടകം, ആയുർവേദം ഇവയൊക്കെ കേൾക്കുമ്പോൾ ഓ..., ഇതൊക്കെ 'Old Generation' കഥകൾ എന്ന് പറഞ്ഞ് ഒഴിവാക്കാൻ വരട്ടെ. ഇതിലൊക്കെ എന്തെങ്കിലും കാര്യമുണ്ടോ എന്നും ഇതിനെ എങ്ങനെ 'New Generation' രീതിയിൽ കൈകാര്യം ചെയ്യാമെന്നും ഒന്ന് നോക്കിയാലോ...

എന്താണ് കർക്കിടകവും ആയുർവേദവും തമ്മിൽ? 

പത്തിലക്കറികൾ മരുന്ന്കഞ്ഞി പോലുള്ളവ ഈ കര്‍ക്കിടക കാലത്ത് മാത്രം ഇത്രയധികം പ്രചാരം നേടുന്നത് എന്തുകൊണ്ടാണ് എന്നെല്ലാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നമ്മുടെ ശരീരവും അതു പോലെ തന്നെ നമ്മുടെ ആരോഗ്യവും പ്രധാനമായും ഭക്ഷണത്തിൽ നിന്നുണ്ടായതാണ്. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ആഹാരത്തിന്‍റെ സാരവും ശൈശവത്തില്‍ മുലപ്പാലും പിന്നീടങ്ങോട്ട് നാം സ്വയമേവയും ആഹാരത്തിലൂടെ ദേഹബലവും രോഗപ്രതിരോധനത്തിനുള്ള 'ബലവും' ആര്‍ജിക്കുന്നു.  ഇതേ നാണയത്തിന്‍റെ മറുവശമെന്നോണം നാം കഴിക്കുന്ന ആഹാരത്തിൽ നിന്നു തന്നെയാണ് പല രോഗങ്ങളും ഉണ്ടാകുന്നത്. തെറ്റായ ആഹാരം ശരീരബലം കുറയ്ക്കുന്നതിനോടൊപ്പം ശരീരത്തിന് പുറത്തുള്ള രോഗാണുക്കളെ ചെറുത്തു നിൽക്കുവാനുള്ള നമ്മുടെ ക്ഷമതയും (immunity) കുറയ്ക്കുന്നു.

ആധുനികതയുടെ കോട്ടയ്ക്കുള്ളില്‍ ഒളിച്ചിരുന്നാലും മനുഷ്യന് പ്രകൃതിയില്‍ നിന്നും വേര്‍പെട്ട് ജീവിക്കാനാവില്ല. പ്രകൃതിയില്‍ വരുന്ന മാറ്റങ്ങള്‍ മനുഷ്യ മനസ്സിനെയും ശരീരത്തെയും സ്വാധീനിക്കുന്നു. ആയുര്‍വേദ വീക്ഷണത്തില്‍ കര്‍ക്കിടകം ശരീരബലം കുറഞ്ഞിരിക്കുന്ന കാലഘട്ടം എന്നതു കൊണ്ടും ശരീരത്തിലെ ധാതുക്കളുടെ പുനരുദ്ധാരണം നടക്കുന്ന കാലഘട്ടം എന്നതുകൊണ്ടും ആരോഗ്യപരമായ ശ്രദ്ധ പതിവിലും അധികമായി കൊടുക്കേണ്ട കാലമാണ്. അതിന് പ്രത്യേകമായ വർഷകാല ചര്യകൾ ആയുർവേദത്തിൽ പറയുന്നുണ്ട്.

എന്താണ് പത്തിലക്കറി

കേരള പാരമ്പര്യമനുസരിച്ച് കർക്കിടകത്തിലെ ഒരു ഭക്ഷണരീതിയാണ് പത്തിലകറി. ഇതിനായി പ്രത്യേക ദിവസവും ഉണ്ട്- "മുപ്പെട്ടു വെള്ളി, മുപ്പെട്ടു ചൊവ്വ". എന്നാൽ ഇതിൻറെ പുറകിൽ എന്താണെന്ന് നോക്കാം..

മഴക്കാലം എന്നത് ജൂണിൽ തുടങ്ങി ഓഗസ്റ്റ് വരെ ആണല്ലോ. ജൂലൈ പകുതി മുതൽ ഓഗസ്റ്റ് പകുതി വരെയുള്ള കർക്കിടകം മലയാള മാസം അനുസരിച്ച് കൊല്ലവസാനം ആണ്. കൃഷി പ്രധാന വരുമാന മാർഗമായിരുന്ന കേരളത്തിലെ പഴമക്കാർ ധാരാളം മഴ ലഭിക്കുന്ന ഈ മാസം വിശ്രമത്തിനായി ഉപയോഗിച്ചു. ഈ സമയം അവർ വരുംനാളുകളിലേക്കുള്ള ആരോഗ്യ സമ്പാദനത്തിനായും ശ്രദ്ധിച്ചിരുന്നു. ആ കാലത്ത് തങ്ങളുടെ തന്നെ തൊടികളിലുള്ള ഇലച്ചെടികൾ കഴിക്കുന്നത് വർഷകാലത്തെ അസുഖങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ ഉതകുമെന്നു അവർ മനസ്സിലാക്കി അതൊരു ചര്യയായി കൂടെ കൂട്ടി. 

എന്നാൽ ഇന്നത്തെ ജീവിത രീതികളും എല്ലാ കാലവും എല്ലാ തരം ആഹാര സാധനങ്ങളുടെ ലഭ്യതയും ഇത്തരം രീതികളെ പുറംതള്ളിക്കളയുന്നുണ്ടോ? അതിനാൽ തന്നെ നമ്മുടെ ശരീരബലവും അതായത് രോഗപ്രതിരോധ ശക്തിയും കർക്കിടകത്തിൽ വീണ്ടെടുക്കാൻ സാധിക്കാതെ പോകുന്നുണ്ടോ?

ഇന്നത്തെ കാലത്ത്, അതായത് രോഗങ്ങൾക്ക് മരുന്ന് ഇല്ലാതിരിക്കുകയും അവയെ ശരീരബലം കൊണ്ട് ചെറുത്തു നിർത്തുക മാത്രമേ ചെയ്യാനാകൂ എന്ന രീതിയിൽ അസുഖങ്ങൾ വരികയും ചെയ്യുന്ന ഈ കാലത്ത്, ഇങ്ങനെയുള്ള ചര്യകൾ നിലനിർത്തേണ്ടത് ആവശ്യമാണ്. 

ഇവയ്ക്ക് ചെലവ് ഇല്ല എന്ന് മാത്രമല്ല നമ്മുടെ തൊടികളിൽ ഈ സമയത്ത് സുലഭവുമാണ്. അതിനായി ആദ്യം പത്തിലകൾ ഏതൊക്കെയാണെന്ന് നോക്കാം.

പത്തിലകൾ

1. താള്


2. തകര


3. തഴുതാമ


4. ചേമ്പില


5. പയറില


6. ചേനയില


7. കുമ്പളം


8. മത്തൻ


9. കൊടിത്തൂവ


10. ചീര


ഓരോ സ്ഥലത്തിന് അനുസരിച്ച് ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലയിടങ്ങളിൽ  മുകളിൽ പറഞ്ഞ പത്തെണ്ണത്തിൽ ചിലതിനു പകരം താഴെ പറയുന്നവ ഉപയോഗിക്കുന്നു.

  • മുള്ളൻ ചീര
  • നെയ്യുണ്ണി
  • കൂവളത്തില
  • വട്ടത്തകര
  • കീഴാർനെല്ലി
  • വെള്ളരി
  • പൊന്നാങ്കണ്ണി

പത്തിലയുടെ ഔഷധഗുണങ്ങൾ

Vitamin A മുതൽ K വരെ ഈ ഇലകളിൽ അടങ്ങിയിരിക്കുന്നു. Minerals, Antioxidants ഇവയും ധാരാളമായി ഉണ്ട്. Folic Acid കലവറയാണ് ഓരോ ഇലയും. ഇത് ക്യാൻസറിനെ വരെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ഗർഭിണികളിൽ ഗർഭസ്ഥ ശിശുവിൻറെ വളർച്ചയ്ക്ക് Folic Acid വളരെയധികം ആവശ്യമാണ്.

ചീരയിലടങ്ങിയിരിക്കുന്ന ഇരുമ്പ് വിളർച്ചയെ കുറയ്ക്കുന്നു. പയറില, താള് ഇവ ദഹനം വർദ്ധിപ്പിക്കുന്നു. കുമ്പളത്തില രക്തശുദ്ധിക്ക് നല്ലതാണ്. തഴുതാമ മൂത്ര വർദ്ധനവിനെ സഹായിക്കുന്നു, ഒപ്പം നീരിനെ കുറക്കുകയും ചെയ്യുന്നു. ശരീരധാതുക്കളുടെ പുനരുദ്ധാരണത്തിന് തഴുതാമക്ക് പ്രത്യേക പങ്കുണ്ട്.

നേത്ര ആരോഗ്യത്തിന് ഇലക്കറികൾ വളരെ നല്ലതാണ്, വിശേഷിച്ചും  പയറില, തകര തുടങ്ങിയവ.

നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന ഇലകൾ ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. അവ അമിതമായ കൊഴുപ്പിനെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

ഉപയോഗക്രമം

ഇനി ഇവയെ എങ്ങനെ ശരീരത്തിൽ എത്തിക്കാം എന്ന് നോക്കാം. ഇവയുടെ തളിരിലകൾ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. നിലവിൽ ഉള്ളതുപോലെ പത്തിലക്കറിയായി എല്ലാ ഇലകളും കൂടെ തോരൻ ആക്കി ഉപയോഗിക്കാം, അല്ലെങ്കിൽ ഓരോന്നായി ഓരോ ദിവസങ്ങളിൽ കറിവെച്ച് ഉപയോഗിക്കാം.

കർക്കിടകത്തിൽ ഉപയോഗിക്കാൻ പറ്റുന്ന മറ്റൊരു വിഭവമാണ് പത്രട. കുതിർത്ത അരി, കായം, വറ്റൽ മുളക്, ഇലുമ്പി പുളി, ഉപ്പ് ഇവ ചേർത്ത് അരച്ച് അടയാക്കി ചേമ്പിലയിൽ വെച്ച് മടക്കി ആവിയിൽ പുഴുങ്ങി എടുക്കുന്ന ഈ പലഹാരത്തിൽ ഇല അതിൻറെ ഗുണങ്ങൾ നഷ്ടപ്പെടാതെ കഴിക്കാൻ സാധിക്കുന്നു.

ആയുർവേദ സംഹിതകളിൽ ഒന്നായ ചരകസംഹിതയിൽ പ്രതിപാദിക്കുന്ന "പൂപലിക" എന്ന വിഭവം ഇലച്ചാറുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന അടയാണ്. ഇത് കുട്ടികളുടെ കൃമി ചികിത്സയിൽ ഉപയോഗിക്കുന്നു.

നമ്മൾ സ്ഥിരം പാകം ചെയ്യുന്ന ദോശ, ചപ്പാത്തി മുതലായവയുടെ മാവിൽ ഇലകൾ അരിഞ്ഞിട്ട് ഉപയോഗിക്കാം. വിവിധ തരം ഇലകൾ ഉപയോഗിച്ച് ചമ്മന്തികൾ, പലഹാരങ്ങൾ, കട്ലറ്റ്കൾ ഇവയും ഓരോരുത്തരുടെ മനോധർമ്മമനുസരിച്ച് ഉണ്ടാക്കാവുന്നതേയുള്ളൂ.

തഴുതാമ, ആടലോടകം, പനിക്കൂർക്ക, തുളസി ഇവയുടെ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാനായി ഉപയോഗിക്കുന്നത് അസുഖങ്ങൾ വരാതിരിക്കാൻ സഹായിക്കും.

നാം ഉണ്ടാക്കുന്ന പുലാവിലും ന്യൂഡിൽസിലും ഒക്കെ കുറേശ്ശെ ഈ ഇലകൾ ചേർക്കുകയോ, ഇലച്ചാറിൽ ഇവ പാകം ചെയ്യുകയോ ചെയ്യാം. അവ ഗുണകരമാണെന്ന് മാത്രമല്ല, കൂടുതൽ രുചികരവും ആണെന്ന് കാണാം. ഇങ്ങനെ കെട്ടിലും മട്ടിലും പുതുമ വരുത്തി നമുക്ക് ഇവയൊക്കെ New generation പരുവത്തിൽ കൊണ്ടുവരാം.

ഇത്രയൊക്കെ വ്യത്യസ്തമായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന രുചികരവും ഗുണകരവുമായ ഇലകളെ ഇനി വിട്ടു കളയണോ…

ഇനിയും വൈകാതെ ഇറങ്ങാം, നമ്മുടെ പറമ്പുകളിലേക്ക്…

മടങ്ങാം ആരോഗ്യപ്രദമായ ശീലങ്ങളിലേക്ക്, 

ആരോഗ്യകരമായ ജീവിതത്തിലേക്ക്…!


About author

Dr. Lini K. John

B.A.M.S Consultant Physician, Kottakkal AVS Agency, Chelari linilijoe@gmail.com


Scroll to Top