ചിന്തിക്കൂ..മുറിച്ച് തളളും മുന്‍പ്!

ആമുഖം

ആന്ദ്രേ വെസ്സാലിയസ്സിന്റെ 1543ല്‍ പ്രസിദ്ധീകരിക്കപ്പെട്ടDe Fabrica1 എന്ന ഗ്രന്ഥമാണ് ശരീരഘടനാസംബന്ധിയായ ഒട്ടേറെ അറിവുകള്‍ ശാസ്ത്രലോകത്തിന് സംഭാവന ചെയ്തത്. അവിടെ നിന്ന് ശരീരഘടനാ ശാസ്ത്രവും (Anatomy), ശരീരധര്‍മ്മശാസ്ത്രവും (Physiology), വളരെയധികം പുരോഗമിച്ചു. ഇന്നത്തെ അറിവനുസരിച്ച് ശാസ്ത്രം എല്ലാ കാര്യങ്ങളും മനസ്സിലാക്കി വിശദീകരിക്കുന്നു. പക്ഷേ 50 കൊല്ലം കണ്ണിനെപ്പറ്റി മാത്രം പഠിച്ചതിനു ശേഷവും ഇനിയുമേറെ പഠിച്ചാല്‍ മാത്രമേ കാഴ്ച്ചയെ പറ്റി വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ എന്ന വൈദ്യശാസ്ത്രകാരന്‍റെ പരിമിതി അനാട്ടമിയുടെയും ഫിസിയോളജിയുടെയും കാര്യത്തില്‍ നിലനില്‍ക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.

Vestigial Organs

Vestigial Organs (പൂര്‍ണ്ണവളര്‍ച്ചയെത്താത്ത അവയവങ്ങള്‍) എന്നത് നിലവില്‍ പ്രത്യേക ധര്‍മ്മമില്ലാത്തതും, പൂര്‍വികരില്‍ പ്രവര്‍ത്തനക്ഷമവുമായിരുന്ന അവയവങ്ങളാണ്. ഇത് പരിണാമസിദ്ധാന്തത്തിന്‍റെ ഏറ്റവും വലിയ ഒരു തെളിവായി കണക്കാക്കാം. മനുഷ്യരിലെന്നപോലെ ഇത്തരം അവയവങ്ങള്‍ മറ്റ് ജീവികളിലും കാണാന്‍ സാധിക്കും. മനുഷ്യരില്‍ ഇത്തരം അവയവങ്ങളെ മൂന്നായി തരംതിരിക്കാം-

1. ഘടനാപരം (Related to structure or anatomy)

2. ചേഷ്ടാപരം (Related to behaviour)

3. തന്മാത്രികം (Related to molecules)

ഘടനാപരമായിട്ടുള്ള തിരിവിനുള്ളില്‍ Appendix 2ഗുദാസ്ഥി (Coccyx), തലയോട്ടിക്കുളളിലെ പൊള്ളയായ ഭാഗം (Sinus), ഗളഗ്രന്ഥി (Tonsil), കണ്ണിന്‍റെ ഉള്ളിലെ ചെറിയ കണ്‍പോള (Plica Semilunaris), പുറത്തെ ചെവി (External Ear), അണപ്പല്ല് (Wisdom teeth) എന്നിവ ഉള്‍പ്പെടും.

ചേഷ്ടാപരമായ വിഭജനത്തില്‍ പ്രധാനമായും രോമാഞ്ചം (Horripilation- Goosebumps), ചെറിയ കുഞ്ഞുങ്ങള്‍ അവരുടെ കൈവിരലുകളുപയോഗിച്ച് മുറുകെ പിടിക്കുന്നത് (Palmar grasp), എന്നിവ ഉള്‍ക്കൊള്ളുന്നു.

തന്‍മാത്രികമായ തരംതിരിവില്‍ പ്രധാനമായും കപടജനിതക അടയാളങ്ങള്‍ (Pseudogenes) ആണ് ഉള്‍പ്പെടുന്നത്.

ചരിത്രം

1890ല്‍ ഡാര്‍വിന്‍ എഴുതിയ 'Decent Man and Selection in Relation to Sex' എന്ന പുസ്തകം ആദ്യമായി വെസ്റ്റീജിയല്‍ അവയവങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. ജൈവഘടികാരത്തെ നിയന്ത്രിക്കുന്നു എന്ന് ശാസ്ത്രം കണ്ടുപിടിച്ച ‘Pineal gland ' ഉള്‍പ്പെടെ ഇന്ന് കൃത്യമായി ധര്‍മ്മം നിര്‍വ്വചിച്ച പലതും അദ്ദേഹം ഉപയോഗക്ഷമമല്ലാത്ത ഗണത്തിലാണ് ഉള്‍പ്പെടുത്തിയത്. 1893ല്‍ Robert Wiedesheim ഇത്തരത്തിലുള്ള 86 അവയവങ്ങളെ മനുഷ്യ ശരീരത്തില്‍ അടയാളപ്പെടുത്തി. ഇവയെല്ലാം ഡാര്‍വിന്‍റെ പ്രകൃതിനിര്‍ദ്ധാരണം3, അതിജീവന സിദ്ധാന്തം4 എിവയുടെ ആധികാരിക തെളിവുകളായിരുന്നു. കാലക്രമത്തില്‍ ഈ എണ്ണം (86) കൂടിയും കുറഞ്ഞും വന്നു. സ്വാഭാവിക ധര്‍മ്മങ്ങള്‍ കണ്ടെത്തിയപ്പോള്‍ നിലവില്‍ എണ്ണം ആദ്യം സൂചിപ്പിച്ചത്രയായി കുറഞ്ഞു. പുതിയ പരീക്ഷണ നിരീക്ഷണങ്ങളനുസരിച്ച് നമ്മള്‍ ഉപയോഗക്ഷമമല്ലെന്ന് വിചാരിക്കുന്ന അവയവങ്ങള്‍ക്ക് ഭാവിയില്‍ കൃത്യമായ സ്വാഭാവിക ധര്‍മ്മങ്ങള്‍ നിര്‍വചിച്ചു കൂടായ്കയില്ല. 1958 വരെ Pineal gland അത്തരത്തില്‍ ഉപയോഗക്ഷമമല്ലെന്ന് വിശ്വസിച്ചിരുന്ന ഒരു അവയവമാണ്.

അവയവ, സ്വഭാവ, തന്മാത്ര വിശേഷങ്ങളെ ഒന്ന് പരിചയപ്പെടാം. അതിനുശേഷം Vestigeal Organs നെ മുറിച്ച് കളയേണ്ട ആവശ്യമുണ്ടോ എന്ന് ചര്‍ച്ച ചെയ്യാം.

Appendix 

ഘടനാപരമായി വേര്‍തിരിക്കുമ്പോള്‍ appendix (ഏറ്റവുമധികം മുറിച്ചു കളയുന്ന അവയവം) പഴയകാലത്ത് സസ്യ ഘടകമായ cellulose ദഹിപ്പിക്കുന്ന ധര്‍മ്മം നിര്‍വ്വഹിച്ചു വന്നിരുന്നു. ആഹാര ശീലങ്ങളിലെ വ്യതിയാനം ഒരു പരിധി വരെ ഈ അവയവത്തെ ഉപയോഗക്ഷമമല്ലാത്തതാക്കി മാറ്റി എന്ന് വിചാരിക്കേണ്ടി വരും.

Coccyx (ഗുദാസ്ഥി)


മനുഷ്യരുടെ പൂര്‍വികരായി കണക്കാക്കുന്ന വാനരവര്‍ഗ്ഗത്തിലുള്ള വാലിന്‍റെ ഇന്നത്തെ രൂപമാണ് വാല്‍മുള്ള് എന്നു വിളിക്കുന്ന അവയവം. ഭ്രൂണാവസ്ഥയില്‍ 14 ആഴ്ചക്കും 22 ആഴ്ചയ്ക്കും ഇടയിലുള്ള സമയത്ത് ഈ അവയവം വാലായി തന്നെ കാണാന്‍ സാധിക്കും. ക്ഷതം പറ്റി ഒരു വര്‍ഷം കഴിഞ്ഞും വേദന കുറഞ്ഞില്ലെങ്കില്‍ ചികില്‍സയുടെ ഭാഗമായി കശേരുക്കളുടെ ഏറ്റവും താഴ്ഭാഗമായ ഈ അസ്ഥി ഛേദിച്ചുകളയാറുണ്ട്. 

ഘടനാപരമായ മറ്റുള്ള അവയവങ്ങള്‍

Sinus 


തലയോട്ടിയിലെ പൊള്ളയായ ഭാഗം (Sinus) വീക്കം സംഭവിച്ചാല്‍ (Sinusitis), ഉള്ളിലുളള കഫം വലിച്ച് കളയേണ്ടതായി വരാറുണ്ട്. 

Tonsilതൊണ്ടവീക്കം വരുമ്പോള്‍ ഗളഗ്രന്ഥി മുറിച്ചു കളയാറുണ്ട് (എപ്പോഴുമില്ല). 

Wisdom Teeth 


Wisdom Teeth (അണപ്പല്ല്), പണ്ടുകാലത്ത് സസ്യവിഭവങ്ങള്‍ ധാരാളം കടിച്ച് ചവച്ച് അകത്തേക്ക് വിടാന്‍ മനുഷ്യരെ സഹായിച്ചിരുന്നു. ഭക്ഷ്യശീലങ്ങളിലെ മാറ്റം കാരണം ഇന്ന് കൃത്യമായ കര്‍മ്മ നിര്‍വ്വഹണമില്ലാത്തതിനാല്‍ പലപ്പോഴും വേദന തോന്നുന്ന പല്ലുകള്‍ എടുത്തുകളയുകയാണ് പതിവ്. 

Plica Semilunaris 

പക്ഷികളില്‍ നിന്നുളള പരിണാമത്തിന്‍റെ ഭാഗമായി അവശേഷിക്കുന്ന അവയവമാണ് Plica Semilunaris. മനുഷ്യരില്‍ കണ്‍പോളയുള്ളതിനാല്‍ പ്രത്യേക കര്‍മ്മ നിര്‍വ്വഹണമില്ല ഈ അവയവത്തിന്. 

Darwin’s Tubercle 

Darwin’s Tubercle എന്ന് വിളിക്കുന്ന കുരങ്ങന്‍മാരുടെ പുറം ചെവിയിലുള്ള അവയവം നിശ്ചിത ശതമാനം മനുഷ്യരിലും കാണാന്‍ സാധിക്കും. പക്ഷേ മനുഷ്യര്‍ക്ക് തലതിരിക്കാനുള്ള ശേഷി അധികമായി ഉള്ളതുകൊണ്ട് ഈ അവയവം ഉപയോഗക്ഷമമല്ല.

ചേഷ്ടാപരമായ  ഉപയോഗക്ഷമത്വം

Goosebumps 


പൂര്‍വികജീവികളില്‍ സമ്മര്‍ദ്ദഘട്ടങ്ങളിലുണ്ടാകുന്ന രോമാഞ്ചം അവയ്ക്ക് കൂടുതല്‍ വലുപ്പം തോന്നിക്കാനും ഇരകളെയും ശത്രുക്കളെയും പേടിപ്പിക്കാനും സഹായിക്കുന്നു. 

Palmar Grasp


ശിശുക്കള്‍ക്ക് അവരുടെ ഉള്ളംകൈ മടക്കിപ്പിടിച്ചാല്‍ (Palmar Grasp) അവരുടെ തന്നെ ശരീരത്തിന്‍റെ അത്രയും ഭാരം താങ്ങാനാവും. കുരങ്ങിന്‍റെ കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ മാതാപിതാക്കളുടെ രോമത്തില്‍ തൂങ്ങിപ്പിടിച്ച് കിടക്കാന്‍ Palmar Grasp സഹായിക്കുന്നു. ഇതിന്‍റെ ഒരു അവശേഷിപ്പ് മനുഷ്യശിശുക്കളില്‍ ഇന്നും നിലനില്‍ക്കുന്നു.

തന്‍മാത്രികമായ ഉപയോഗക്ഷമത്വം

പരിണാമാനന്തരമായി കൃത്യമായ ധര്‍മ്മമില്ലാത്ത ജീനുകളാണ് ഈ വിഭാഗത്തിലുള്ളത്. ഉചിതമായ മാംസ്യത്തിന്‍റെ (Appropriate Protein) അപര്യാപ്തത മൂലം കൃത്യമായ കര്‍മ്മ നിര്‍വ്വഹണം സാധ്യമാകില്ല എന്നതാണ് ഈ ജനിതകഘടകങ്ങളുടെ പ്രത്യേകത. 

മറ്റു ജീവികളില്‍..

പാമ്പുകളുടെ ഇടുപ്പെല്ല്, സര്‍പ്പത്തിന്‍റെ ചെറുകാലുകള്‍, പറക്കാനാകാത്ത പക്ഷികളിലെ ചിറകുകള്‍, ഇരുട്ടില്‍ മാത്രം ജീവിക്കുന്ന ജീവികളുടെ കണ്ണ്, കള്ളിച്ചെടിയുടെ ഇലകള്‍, തിമിംഗലത്തിന്‍റെ ഇടുപ്പെല്ല് എന്നിവ Vestigeal Organs-ന്‍റെ ഉദാഹരണങ്ങളാണ്.

മനുഷ്യ ശരീരത്തിലെ മറ്റ് ഉദാഹരണങ്ങള്‍

പുരുഷന്‍മാരിലെ മുലക്കണ്ണ്, ചില ചെറിയ പേശികള്‍, ഇക്കിള്‍ തുടങ്ങിയവ അപ്രധാന ഉദാഹരണങ്ങളായി ഗണിക്കാവുതാണ്.ചെവിയുടെ അരികിലുണ്ടാകുന്ന ദ്വാരം (Preauricular Sinus) വളരെ ചെറിയ ശതമാനം മനുഷ്യരില്‍ കാണുന്നതും പൂര്‍വീകമായി കൈവന്നതുമാണ്.

മുറിച്ചുകളയുന്ന അവയവങ്ങള്‍

ആന്ത്രവീക്കം (Appendicitis)

സ്ഥിതിവിവരകണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവുമധികം വയറുഭാഗത്തുണ്ടാകുന്ന വേദനയുടെ കാരണം ആന്ത്രവീക്കമാണ്. ഏറ്റവുമധികം ശസ്ത്രക്രിയച്ചെയ്യപ്പെടുന്ന അവയവവും അതുതന്നെ. പഴയ രീതിയിലെ ശസ്ത്രക്രിയയും, താക്കോല്‍ ദ്വാര ശസ്ത്രക്രിയയും ഒരു ശസ്ത്രക്രിയ വിദഗ്ദ്ധന്‍ പരിശീലിക്കുന്നത് അദ്യമായി ഈ അവയവത്തിലാണ്, കൂടുതലും. ‘പ്രയോജനമില്ലാത്ത’ ഈ അവയവമാണ് ശസ്ത്രക്രിയ വിദഗ്ദ്ധര്‍ ഏറ്റവുമധികം മുറിച്ചുകളയുന്നത്. ഇന്ത്യയിലെ ചില ഗവേഷക പഠനങ്ങള്‍ സൂചിപ്പിക്കുന്നത്536-40 ശതമാനം ആള്‍ക്കാരില്‍ ശസ്ത്രക്രിയ ആവശ്യമില്ലായിരുന്നു എന്നാണ്. ലോകത്തെ തന്നെ ഏറ്റവുമധികമുള്ള emergency surgery ഈ അവയവത്തിലാണ്11 -20 വയസ്സിനിടയിലുള്ള സ്ത്രീകളില്‍ നടത്തിയ ശസ്ത്രക്രിയകളില്‍ 66.76 ശതമാനം ആവശ്യമില്ലാത്തതായിരുന്നു എന്ന് ഒരു പഠനം വ്യക്തമാക്കുന്നു. 

കണ്ഠപിണ്ഡവീക്കം (Tonsillitis)

Appendicitis കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം സര്‍ജറി നടക്കുന്നത് Tonsillitis-ല്‍ ആണ്. കുട്ടികളില്‍ ഏറ്റവുമധികം ചെയ്യുന്ന ശസ്ത്രക്രിയ ഗളഗ്രന്ഥിയുടേതാണ്. Tonsil നീക്കം ചെയ്യുന്ന കുട്ടികളില്‍ നടന്ന പഠനങ്ങളില്‍7, അത്തരക്കാര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശ്വാസകോശാണുബാധ ഉണ്ടാകാനുള്ള സാധ്യത 2-3 മടങ്ങ് വര്‍ദ്ധിക്കുതായി കണ്ടെത്തി. ഈ പഠനത്തില്‍ adenoid ഗ്രന്ഥിയുടെ ഛേദനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഗുദാസ്ഥി (Coccyx)

പൃഷ്ഠഭാഗമിടിച്ച് വീഴുന്ന രോഗികളിലാണ് ഈ അസ്ഥിക്ക് ക്ഷതമേല്‍ക്കുന്നത്. സ്ഥാനഭ്രംശം സംഭവിച്ചാല്‍ മലദ്വാരത്തിലൂടെ വിരല്‍ കടത്തി അസ്ഥി സമസ്ഥിതിയിലാക്കാന്‍ സാധിക്കും. ഒരു കൊല്ലം കഴിഞ്ഞും വേദന മാറുന്നില്ലങ്കില്‍ ഈ അസ്ഥി ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യാറുണ്ട്. അത് നിര്‍ബന്ധമായി ചെയ്യുന്ന ഒന്നല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

സമീപകാല പഠന മുന്നേറ്റങ്ങള്‍

1) Appendix and Gut Flora

സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത് മുറിച്ചു കളയേണ്ടതായ അവയവങ്ങള്‍ മനുഷ്യശരീരത്തിലില്ല എന്നതാണ്. വന്‍കുടലിനുള്ളിലെ പ്രയോജനകരമായ, മനുഷ്യരെ സഹായിക്കുന്ന Bacteria (Gut Flora / Healthy Bacterial Colony) ഏറ്റവുമധികം കാണപ്പെടുന്ന ഒരു സ്ഥലമാണ് Appendix. മനുഷ്യരെ ബാധിക്കുന്ന പലതരം അണുബാധകള്‍ കൊണ്ടും, ആന്റീബയോട്ടിക് ഉപയോഗം മൂലവും വന്‍കുടലിലെ മിത്ര ബാക്ടീരിയകളുടെ സമൂഹത്തിന് നാശമുണ്ടായേക്കാം. അത് പൂര്‍വ്വസ്ഥിതിയിലെത്തിക്കാന്‍ appendix സഹായിക്കുതായാണ് ഗവേഷണ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്8. തലച്ചോര്‍ കഴിഞ്ഞാല്‍ ശരീര നിയന്ത്രണത്തിലും രോഗപ്രതിരോധശേഷിയിലും ഏറ്റവുമധികം മനുഷ്യരെ സഹായിക്കുന്നത് വന്‍കുടലിലെ Healthy Bacterial Colony ആണ്. ഇവയുടെ സുരക്ഷിത ആവാസവ്യവസ്ഥ എന്ന നിലയില്‍ appendix പ്രധാനമായി മാറുന്നു.

2) ഗളഗ്രന്ഥി (Tonsil)

രോഗപ്രതിരോധ ശേഷിയെ സഹായിക്കും എന്നതാണ് ഗളഗ്രന്ഥിയുടെ സവിശേഷത. തൊണ്ടയിലും ശ്വാസകോശത്തിലുമുണ്ടാകാന്‍ സാധ്യതയുള്ള അണുബാധയുടെ ആദ്യപ്രതിരോധം മൂന്ന് തരം tonsils (Pharyngeal-adenoid,  Palatine, Lingualആണ് ചെയ്യുന്നത്. 

3) വാല്‍മുള്ള് (Coccyx)

മലദ്വാരവും ജനനേന്ദ്രിയവുമായി സംബന്ധിച്ച് ഒട്ടനവധി പേശികള്‍, സ്‌നായു, അസ്ഥിബന്ധങ്ങള്‍ തുടങ്ങിയവ ഗുദാസ്ഥിയുമായി ബന്ധപ്പെട്ടിരിക്കുന്നു. Pelvic Floor Muscles ഭൂരിഭാഗവും വന്നു പിടിച്ചിരിക്കുന്നത് ഗുദാസ്ഥിയിലാണ്. തന്നെയുമല്ല നമ്മള്‍ ഇരിക്കുമ്പോള്‍ ബലവും സ്ഥിരതയും നല്‍കുന്നു ഈ അസ്ഥി. പൂര്‍വീകരില്‍ വാലിന്‍റെ ഉപയോഗം ചലനത്തിലെ ദിശാനിര്‍ണ്ണയവും സ്ഥൈര്യവുമാണല്ലോ.

ആയുര്‍വേദ സമീപനം

1) ആന്ത്രവീക്കം

വൈദ്യനിര്‍ദേശപ്രകാരമുള്ള പത്ഥ്യവും മരുന്നും ശീലിച്ചാല്‍ എല്ലാ ആന്ത്രവീക്കവും ശസ്ത്രക്രിയക്ക് വിധേയമാകേണ്ടതില്ല. ഉടനെ ശസ്ത്രക്രിയ വേണോ വേണ്ടയോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ ‘ALVARADO SCALE' എന്ന സൂചിക ഉപയോഗിക്കാം. അത്തരത്തില്‍ നിശ്ചയിച്ച് ഉടന്‍ ശസ്ത്രക്രിയ വേണ്ടായെന്നു കാണുന്ന രോഗികളില്‍ ആദ്യം വേണ്ടത് പത്ഥ്യനിര്‍ദ്ദേശമാണ്. പത്ഥ്യമെന്നത് ഒഴിവാക്കേണ്ട കാര്യമല്ല, നല്ല ശീലങ്ങളാണ്. 

[പത്ഥ്യത്തെ പറ്റി കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക: Click Here ]

രോഗം പെട്ടെന്ന് മാറുന്നതിനും, ഔഷധോപയോഗ കാലാവധി കുറയ്ക്കുന്നതിനും, രോഗം ആവര്‍ത്തിക്കാതിരിക്കാനും വേണ്ടത് ജീവിതശൈലി ക്രമീകരണമാണ്. എല്ലാ രോഗങ്ങളിലും, രോഗികളിലുമെന്നപോലെ വ്യക്തികേന്ദ്രീകൃതവും, രോഗകേന്ദ്രീകൃതവുമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് പ്രധാനമാണ്. അളവുകുറച്ച് പല സമയങ്ങളിലായി ഔഷധമിട്ട് സംസ്‌കരിച്ച പൊടിയരിക്കഞ്ഞി മാത്രമേ ആദ്യഘട്ടങ്ങളില്‍ ശീലിക്കാവൂ. ആയാസകരമായ കാര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വൈദ്യനിര്‍ദ്ദേശപ്രകാരമുള്ള ഔഷധസേവയില്‍ ഒരാഴ്ച കൊണ്ട് തന്നെ വേദന ശമിക്കും. വീണ്ടും അസുഖം വരാനുള്ള സാധ്യത മുന്നില്‍ കണ്ട് അടുത്ത ഘട്ടത്തില്‍ വ്യത്യാസപ്പെടുത്തിയ ഔഷധ സേവ തുടരേണ്ടതുണ്ട്. ഈ ഘട്ടത്തില്‍ മലബന്ധം ഒഴിവാക്കേണ്ട പത്ഥ്യാഹാര സേവയും മറ്റു ജീവിതശൈലി ക്രമീകരണവും വളരെ ശ്രദ്ധയോടും നിഷ്ഠയോടും തുടരണം. രണ്ടാം ഘട്ടത്തില്‍ നല്ല ഒരു ഇന്‍സ്ട്രക്റ്ററുടെ സഹായത്തോടെ യോഗയിലുള്ള ശീലിക്കാവുന്ന ആസനങ്ങളും ചെയ്യേണ്ടതാണ്.

2) ഗളഗ്രന്ഥിവീക്കം

കൃത്യമായ പത്ഥ്യാചരണവും വൈദ്യനിര്‍ദ്ദേശപ്രകാരമുള്ള ഔഷധസേവയും തൊണ്ടവീക്കത്തിന്‍റെ ശസ്ത്രക്രിയ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സഹായിക്കുന്നതാണ്. കുട്ടികളില്‍ tonsillitis  ഉണ്ടാകുന്നതുകൊണ്ട് മാതാപിതാക്കള്‍ പത്ഥ്യാചരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വളരെ പെട്ടെന്ന് അസുഖം കുറയാനും വീണ്ടും വരാതിരിക്കാനുമുള്ള ഔഷധം ആയുര്‍വേദ ശാസ്ത്രത്തിലുണ്ട്. അവസ്ഥയനുസരിച്ചുള്ള ചികിത്സയ്ക്ക് വൈദ്യനിര്‍ദ്ദേശം അത്യന്താപേക്ഷിതമാണ്. പത്ഥ്യാചരണം (നല്ല ശീലങ്ങള്‍) തുടര്‍ന്നും ശീലിക്കേണ്ടത് രോഗം വരാതിരിക്കാന്‍ സഹായിക്കും. വെള്ളം കവിള്‍കൊണ്ട് കുളിക്കുന്നതും, രാത്രി ഭക്ഷണം ദഹിച്ച ശേഷം ഉറങ്ങുന്നതും ഗുണകരമാണ്.

3) ഗുദാസ്ഥിക്ഷതം

ക്ഷതം പറ്റി വളരെ നാളുകള്‍ക്ക് ശേഷവും വേദന കുറഞ്ഞില്ലെങ്കില്‍ ആണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത്. ക്ഷതം പറ്റി ഉടനെ തന്നെ ആയുര്‍വേദ വിദഗ്ദ്ധനെ സമീപിച്ചാല്‍ വളരെ വേഗം സുഖപ്പെടുന്നതാണ്. ആദ്യഘട്ടത്തില്‍ കമിഴ്ന്നു കിടക്കുന്നതാണ് നല്ലത്. ഇരിക്കേണ്ട സമയത്ത് ഒരു Air Pillow ഉപയോഗിക്കാം. വളരെ അത്യാവശ്യത്തിന് ഇപ്പറഞ്ഞ രീതിയില്‍ ഇരിക്കാം. ആദ്യഘട്ടത്തില്‍ പഞ്ഞിയില്‍ നനച്ച് മുറിവെണ്ണ ഉപയോഗിക്കുകയും പിന്നീട് അടുത്ത ഘട്ടത്തില്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നത് വേദനകുറയുന്നതില്‍ പ്രധാനമാണ്. അസ്ഥി കൂടിച്ചേരുന്നതിനുള്ള പ്രത്യേക മരുന്നുകള്‍ ഉള്ളില്‍ കഴിക്കേണ്ട വിധിയും ഈ അസുഖത്തില്‍ പ്രധാനമാണ്. ആരംഭത്തില്‍ ചെയ്യുന്ന ചികിത്സയുടെ പ്രയോജനം പഴകിയ രോഗികളില്‍ കിട്ടിയില്ലെങ്കിലും Coccyx നീക്കം ചെയ്യാതെ വേദനയില്ലാതെ ദൈനംദിന കാര്യങ്ങള്‍ തുടരാനാവും, ആയുര്‍വേദ ചികിത്സയിലൂടെ.

അനുബന്ധ രോഗങ്ങള്‍

ഈ ഗണത്തില്‍ വരുന്നതല്ലെങ്കിലും അര്‍ശ്ശസ്സ്, പിത്താശയ സഞ്ചി, തൈറോയിഡ് ഗ്രന്ഥി തുടങ്ങിയ രോഗങ്ങളിലും ഛേദനം (മുറിച്ചു കളയല്‍) ചെയ്യുന്നതാണ്. ഛേദനത്തിനു ശേഷവും പ്രധാന രോഗങ്ങളുടെയും അനുബന്ധരോഗങ്ങളുടെയും പരിപൂര്‍ണ്ണമായ ശമനത്തിനും ആയുര്‍വേദ ചികിത്സ ഗുണം ചെയ്യും. അര്‍ശ്ശസ്സിലും, തൊണ്ടവീക്കത്തിലും ആയുര്‍വേദ അനുശസ്ത്ര പ്രയോഗം (Para Surgical Measuresവളരെയധികം ഫലപ്രദമാണ്. പരിപൂര്‍ണ്ണമായ സൗഖ്യവും ജീവിത നിലവാരവും ഉറപ്പുവരുത്തി, രോഗീസൗഹൃദമായതാണ് ആയുര്‍വേദ ശാസ്ത്രത്തിലെ അനുശസ്ത്രപ്രയോഗം.

ഉപസംഹാരം

ഇന്നത്തെ കാലത്ത് മുറിച്ചു കളയുന്ന അവയവങ്ങള്‍ എല്ലാം തന്നെ പലപ്പോഴും മുറിച്ചു കളയപ്പെടേണ്ടതല്ല. പക്ഷെ അത്യാവശ്യമുള്ള ഘട്ടങ്ങളില്‍ (ALVARADO SCALE ഏഴിനു മുകളില്‍) ശസ്ത്രക്രിയ ചെയ്യണം. വിദഗ്ദ്ധ വൈദ്യസേവനവും പത്ഥ്യാചരണവും നിശ്ചിത ശതമാനം ശസ്ത്രക്രിയ ഒഴിവാക്കാന്‍ ഉതകുന്നതാണ്. തുടര്‍പഠനങ്ങളില്‍ പല അവയവങ്ങള്‍ക്കും ഉപയോഗക്ഷമത കണ്ടെത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

'പ്രത്യക്ഷം ഹി അല്‍പ്പം, അപ്രത്യക്ഷം അനല്‍പ്പം'

അറിയാത്ത കാര്യങ്ങളാണ് കൂടുതലെന്ന് കോവിഡ് കാലം തെളിയിച്ചിരിക്കുകയാണല്ലോ.

References

  1. De Fabrica- De Humani Corporus Fabrica.
  2. വന്‍കുടലും ചെറുകുടലും ചേരുന്ന പ്രദേശം
  3. Theory of natural selection 
  4. Survival of the fittest
  5. J.Indian Med Associaton 2009 June;107(6):354,356-7 PMID-19886373(Pub Med .gov)  
  6. PMID27011482
  7. JAMA otolaryngol head Neck Sur.2018;144(7): 594-603.
  8. PMID 29614774, PMID 23322636


About author

Dr. Gikku Alias Benny

MS (Ay). Chief Consultant- Ayurvedic Centre Vettukattil Hospital, Muvatupuzha gabavc@gmail.com


Scroll to Top