അനിയന്ത്രിതമായ മൂത്രവാര്‍ച്ച അലട്ടുന്നുണ്ടോ?

ഇന്‍റര്‍നാഷണൽ കോണ്ടിനൻസ്  സൊസൈറ്റിയുടെ വ്യാഖ്യാന പ്രകാരം ഒരു വ്യക്തിയുടെ ശുചിത്വം, സാമൂഹിക ജീവിതം എന്നിവയെ സാരമായി ബാധിക്കുന്ന വിധത്തില്‍ ഉണ്ടാവുന്ന ഇച്ഛാപൂര്‍വകമല്ലാത്ത മൂത്ര വാര്‍ച്ചയെയാണ് യൂറിനറി ഇന്‍കോണ്ടിനന്‍സ് അഥവാ അനിയന്ത്രിത മൂത്ര വാര്‍ച്ച എന്ന് പറയുന്നത്. ഇത് ഒരു രോഗമായോ രോഗലക്ഷണമായോ കാണപ്പെടാം. പലപ്പോളും ഈ അവസ്ഥ വ്യത്യസ്ഥ ഘടകങ്ങള്‍ ഉള്ളതും കൃത്യമായ നിദാനം വിവരിക്കാന്‍ കഴിയാത്തതുമായ രീതിയില്‍ ആണ് ഉണ്ടാവുന്നത്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഈ രോഗം കാണപ്പെടുന്നത്. 40 വയസ് കഴിഞ്ഞ 40 ശതമാനം സ്ത്രീകളില്‍ വരെ ഇത് ഉണ്ടാവാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

  • ഇന്‍ഫെക്ഷന്‍
  • മാനസിക ദൗര്‍ബല്യം
  • ശരീര ചലനം അനുവദിക്കാത്ത സന്ധിവാതം,പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ 
  • അമിത മൂത്രോല്പാദനം 
  • അമിത ശരീരവണ്ണം
  • പ്രമേഹം 

മുതലായ കാരണങ്ങള്‍ കൊണ്ട് ഈ അവസ്ഥ ഉണ്ടാവാം.   

ആറുതരത്തിലുള്ള ഇന്‍കോണ്ടിനന്‍സ് ആണുള്ളത്;

1. സ്ട്രെസ് ഇന്‍കോണ്ടിനന്‍സ് (Stress Incontinence): ചിരി, തുമ്മല്‍, ചുമ, പടികള്‍ കയറുന്നത് എന്നിവകൊണ്ട് അടിവയറ്റില്‍ ഉണ്ടാവുന്ന സമ്മര്‍ദം മൂലം മൂത്രവാര്‍ച്ച ഉണ്ടാവുന്നു. മൂത്രസഞ്ചിക്കുള്ളിലെ മര്‍ദ്ദം മൂത്രനാളിയുടെ സ്വാഭാവിക പ്രതിരോധത്തെ മറികടക്കുമ്പോള്‍ ആണ് ഈ അവസ്ഥ ഉണ്ടാവുന്നത്. പെല്‍വിക് പേശികളുടെ ബലക്ഷയം ഇതിനൊരു സഹായകനിദാനം ആണ്. 

2. അര്‍ജ്ജ് ഇന്‍കോണ്ടിനന്‍സ്  (Urge incontinence): മൂത്രം ഒഴിക്കാനുള്ള തിടുക്കം ആണ് ഇതിന്റെ ലക്ഷണം. അതായത് സ്വാഭാവിക മൂത്രവേഗം അനുഭവപ്പെടും വരെ മൂത്രം പിടിച്ച് നിര്‍ത്താന്‍ കഴിയാത്ത അവസ്ഥ.

3. മിക്സഡ്‌ ഇന്‍കോണ്ടിനന്‍സ് (Mixed incontinence): മേല്പറഞ്ഞ രണ്ട് അവസ്ഥകളും ഒരുമിച്ച് കാണപ്പെടുന്നു. 

4. ഓവര്‍ഫ്ലോ ഇന്‍കോണ്ടിനന്‍സ് (Overflow incontinence): തുടരെയുള്ള മൂത്രവാര്‍ച്ചയോടൊപ്പം പൂര്‍ണമല്ലാത്ത മൂത്രപ്രവൃത്തി.

5. ഫങ്ക്ഷണല്‍ ഇന്‍കോണ്ടിനന്‍സ് (Functional incontinence): ശാരീരികമോ മാനസികമോ ആയ കാരണങ്ങളാല്‍ ഉണ്ടാവുന്ന മൂത്രവാര്‍ച്ച.

6. റിഫ്ലക്സ് ഇന്‍കോണ്ടിനന്‍സ് (Reflex incontinence): മസ്തിഷ്ക-നാഡീ സംബന്ധിയായ രോഗങ്ങള്‍ മൂലം മൂത്രസഞ്ചിയിലെ പേശികള്‍ക്ക് ചുരുക്കം സംഭവിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന മൂത്രവാര്‍ച്ച. മൂത്രസഞ്ചി നിറയുന്നത്തിന്‍റെ സന്ദേശം മസ്തിഷ്കത്തില്‍ എത്താതിരിക്കുന്നതാണ് കാരണം.

ഇന്‍കോണ്ടിനന്‍സ് സ്ത്രീകളില്‍

ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവവിരാമം, ഗര്‍ഭാശയ ശസ്ത്രക്രിയകള്‍ എന്നിങ്ങനെയുള്ള സ്ത്രീകളില്‍ മാത്രം ഉണ്ടാവുന്ന ജീവിത സാഹചര്യങ്ങള്‍ മൂത്രാശയത്തെയും അതിന്‍റെ ചുറ്റുമുള്ള പേശികളെയും ദുര്‍ബലമാക്കുന്നു. ഇതിന്‍റെ ഫലമായി മൂത്രവേഗം അനുഭവപ്പെടും വരെ മൂത്രം പിടിച്ച് നിര്‍ത്താനുള്ള കഴിവ് നഷ്ടപ്പെടുകയും അനിയന്ത്രിതമായ മൂത്രവാര്‍ച്ച  ഉണ്ടാവുകയും ചെയ്യുന്നു.

മേല്പറഞ്ഞവയില്‍ സ്‌ട്രെസ് ഇന്‍കോണ്ടിനന്‍സ്, അര്‍ജ്ജ് ഇന്‍കോണ്ടിനന്‍സ് എന്നിവയാണ് സ്ത്രീകളില്‍ അധികം കണ്ടുവരുന്നത്. പ്രസവ ശേഷം 33 ശതമാനം സ്ത്രീകളില്‍ ഇത് ഉണ്ടാവാനിടയുണ്ട്. സിസേറിയന് വിധേയരാവുന്ന സ്ത്രീകളെക്കാള്‍ സ്വാഭാവിക പ്രസവം നടക്കുന്ന സ്ത്രീകള്‍ക്ക് ഇന്‍കോണ്ടിനന്‍സ് ഉണ്ടാവാനുള്ള സാധ്യത രണ്ട് മടങ്ങാണ്.

വയസിന്റെ സ്വാധീനം    

ഏകദേശകണക്ക് പ്രകാരം ലോകത്ത് 60 വയസ് കഴിഞ്ഞവരില്‍ 35 ശതമാനം ആളുകള്‍ക്ക്  ഈ പ്രശ്നം ഉണ്ട്.  60 വയസ് കഴിഞ്ഞ 3 സ്ത്രീകളില്‍ ഒരാള്‍ക്ക് എന്ന നിലയിലും രോഗസാധ്യതയുള്ളതായി ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതേ പ്രായത്തിലുള്ള പുരുഷന്മാരില്‍ 17 ശതമാനം എന്നതാണ് കണക്ക്. കുട്ടികളില്‍ താരതമ്യേന സാധ്യത കുറവാണെങ്കിലും 5 ശതമാനം വരെ ഇന്‍കോണ്ടിനന്‍സ് ഉണ്ടാവാം.

ചികിത്സ

മരുന്നുകള്‍, ശസ്ത്രക്രിയ എന്നിവ മിക്കവാറും രോഗികളില്‍ ആവശ്യമായി വരാറില്ല. അതിനാല്‍ തന്നെ പ്രാധാന്യമര്‍ഹിക്കുന്നത് ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളും വ്യായാമവുമാണ്. 

ഭക്ഷണം

എരിവ് കൂടിയ ആഹാരങ്ങള്‍ അര്‍ജ്ജ് ഇന്‍കോണ്ടിനന്‍സിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ എരിവിന്‍റെ ഉപയോഗം കുറയ്ക്കണം. അമ്ലത്വം ഉള്ള ഫലങ്ങളായ ഓറഞ്ച്, നാരങ്ങ എന്നിവയുടെ അമിത ഉപയോഗം രോഗം വഷളാക്കാന്‍ ഇടയാക്കും. ചോക്ലേറ്റ്, കാപ്പി എന്നിവയില്‍ അടങ്ങിയ കഫീന്‍ മൂത്രസഞ്ചിയെ അസ്വസ്ഥമാക്കും. ഇവയുടെ ഉപയോഗം കുറയ്ക്കണം.

ജലപാനം

ദിവസം കുടിക്കുന്ന വെള്ളത്തിന്‍റെ അളവില്‍ കുറവുണ്ടാവാതെ നോക്കണം. കുറഞ്ഞത് 2 ലിറ്റർ  വെള്ളമെങ്കിലും കുടിക്കണം. മറ്റെന്തെങ്കിലും രോഗങ്ങളുള്ള ആളുകള്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഈ അളവില്‍ വ്യത്യാസം വരുത്താം.

ശരീര വണ്ണം കുറയ്ക്കല്‍ 

അമിത വണ്ണം ഇന്‍കോണ്ടിനന്‍സ് ഉണ്ടാവാനുള്ള ഒരു പ്രധാനകാരണമാണ്. പേശികളുടെ ബലക്ഷയം, അടിവയറ്റിലെ മര്‍ദ്ദം എന്നിവയ്ക്ക് അമിതവണ്ണം കാരണമാണ്. അതിനാല്‍ തന്നെ വണ്ണം കുറയ്ക്കുന്നത് ഒരു പ്രതിരോധ മാര്‍ഗമായും രോഗമുള്ളവരില്‍ ചികിത്സാരീതിയായും അവലംബിക്കാം.

ബ്ലാഡര്‍ ട്രെയിനിംഗ്

സമയാനുബന്ധിയായ മൂത്രപ്രവൃത്തി(timed voiding) എന്ന മാര്‍ഗം സാധാരണ ഉപയോഗിക്കുന്നു.ഡോക്ടറുടെ നിര്‍ദേശപ്രകാരം മൂത്രവേഗം ഉണ്ടാവുന്നതിന് നിശ്ചിതസമയം മുന്‍പ് മൂത്രമൊഴിക്കാന്‍ ശീലിക്കുന്ന രീതിയാണിത്. തുടര്‍ന്നും ഇതേ നിശ്ചിതസമയം പാലിക്കണം. വളരെ ഫലപ്രദമായ ഒരു ചികിത്സാരീതിയാണിത്.

പെല്‍വിക് മസില്‍ വ്യായാമങ്ങള്‍

പെല്‍വിക് ഫ്ലോര്‍ പേശികളെ ബലപ്പെടുത്തുന്ന കേഗല്‍ വ്യായാമം ആണ് ഇവയില്‍ പ്രധാനം. ഇടുപ്പെല്ലിനു ചുറ്റും അതിന് ബലം നല്‍കുന്ന പേശികളെ ഈ വ്യയാമത്തിലൂടെ സ്ഥിരതയുള്ളതാക്കാന്‍ കഴിയും. തന്മൂലം മൂത്രാശയത്തിന്റെ തടസമില്ലാത്ത പ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം ലഭിക്കുന്നു. 

ആയുര്‍വേദത്തില്‍ എന്ത് ?

മൂത്രാശയ സംബന്ധിയായ രോഗങ്ങളെ ആയുര്‍വേദത്തില്‍ മൂത്രകൃഛ്രം, മൂത്രാഘാതം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ത്രിമര്‍മ്മങ്ങളില്‍ ഒന്നായ വസ്തിക്ക്‌ (മൂത്രസഞ്ചി) ഉണ്ടാവുന്ന ആഘാതത്തിന്‍റെ ഫലമായി 13 തരം മൂത്രാഘാതങ്ങള്‍ ഉണ്ടാവുന്നു. ഇവയില്‍ “വസ്തി കുണ്ഡലം ” എന്ന രോഗം ആണ് ഇന്‍കോണ്ടിനന്‍സുമായി കൂടുതല്‍ സാമ്യം ഉള്ളത്. ശാരീരിക ആയാസങ്ങള്‍ കാരണം മൂത്രാശയത്തിനു സ്ഥാനഭ്രംശം സംഭവിക്കുകയും തുടരെ തുടരെ  അല്പാല്പമായി  മൂത്രവാര്‍ച്ച ഉണ്ടാവുകയും ചെയ്യുന്നു. വാതദോഷപ്രധാനമായ ഒരു അവസ്ഥയാണിത്. 

ഇതിന്‍റെ പ്രധാന ചികിത്സ “ഉത്തര വസ്തിയാണ്‌”. ഔഷധസിദ്ധമായ നെയ്യ്, തൈലം എന്നിവ ജനനേന്ദ്രിയത്തിലൂടെ പ്രയോഗിക്കുന്ന ചികിത്സാരീതിയാണിത്. ഇതിനോടൊപ്പം മൂത്രാശയ രോഗങ്ങള്‍ക്ക് സാധാരണയായി ഉപയോഗിക്കുന്ന ഞെരിഞ്ഞില്‍, ചന്ദനം, രാമച്ചം, നീര്‍മാതളം, തഴുതാമ, കന്മദഭസ്മം എന്നിവ വിവിധ ഔഷധകല്പനകളുടെ രൂപത്തില്‍ വൈദ്യ നിര്‍ദേശപ്രകാരം ഉപയോഗിക്കാം.

യോഗയുടെ മഹത്വം

ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യവും ഊര്‍ജവും നല്‍കുന്ന ഒന്നാണ് യോഗ. ഇതിനോടൊപ്പം പ്രാണായാമം, ധ്യാനം, ധാരണം എന്നിവ നാഡികള്‍ക്ക് ബലവും മനസിന്‌ ഏകാഗ്രതയും നല്‍കുന്നു. അമിതമായ ശാരീരികായാസം, അധികം പാര്‍ശ്വഫലങ്ങള്‍ എന്നിവയില്ലാത്തതിനാല്‍ യോഗയുടെ സ്വീകാര്യത വര്‍ദ്ധിക്കുന്നു. യോഗയില്‍ ഏറെ പ്രാധ്യാന്യമുള്ള മറ്റൊന്നാണ് യോഗാസനങ്ങള്‍. ഓരോ ശരീരഭാഗങ്ങള്‍ക്കും, അവയവങ്ങള്‍ക്കും, പേശികള്‍ക്കും ബലവും സ്ഥിരതയും നല്‍കുന്ന രീതിയില്‍ വിവിധങ്ങളായ ആസനങ്ങളുണ്ട്. 

ഉത്കടാസനം, ത്രികോണാസാനം, പാര്‍ശ്വകോണാസാനം, വീരഭദ്രാസനം, പശ്ചിമോത്ഥാനാസനം എന്നിവ പെല്‍വിക് പേശികളെയും അതോടൊപ്പം മൂത്രസഞ്ചി, ഉദരപേശികള്‍ മുതലായ ഭാഗങ്ങളെയും ബലപ്പെടുത്തും. ഒരു യോഗ വിദഗ്ദ്ധന്‍റെ ശിക്ഷണത്തില്‍ ഇവ പഠിച്ച് ദിവസവും അഭ്യസിക്കുന്നത് വളരെ ഉത്തമമാണ്. ഇതോടൊപ്പം ദിവസവും രാവിലെ സൂര്യനമസ്കാരം ചെയ്യുന്നതും ഫലപ്രദമാണ്. 

അനിയന്ത്രിതമായ മൂത്രവാര്‍ച്ച മറച്ചുവയ്ക്കാതെ യഥാസമയം ആവശ്യമായ ചികിത്സ തേടണം. ഈ രോഗവുമായി ബന്ധപ്പെട്ട ശാരീരിക-മാനസിക സങ്കീര്‍ണതകള്‍ ഇതുവഴി ഒഴിവാക്കാം.


About author

Dr. Yadu Gopan

BAMS, MD (Ay) Assistant professor, Department of Kayachikitsa, SGES’s Dr. N. A. Magadum Ayurvedic Medical College, Hospital and Research Centre, Ankali, Belagavi, Karnataka vp.yadugopan@gmail.com


Scroll to Top