Women's Health & Ayurveda

Women's Health Is A Social Responsibility

സ്ത്രീയുടെ ആരോഗ്യം ഒരു സാമൂഹിക ഉത്തരവാദിത്വമാണ്

‌സ്ത്രീകളുടെ ആയുസ്സ് പൊതുവിൽ തന്നെ പുരുഷൻമാരുടേതിനെ  അപേക്ഷിച്ച് കൂടുതൽ ആണെങ്കിലും അവരുടെ ജീവിതനിലവാരം അത്രതന്നെ മികച്ചതല്ല എന്ന് വേണം കരുതാൻ. ഒരു മധ്യവർഗ കുടുംബത്തെ പരിഗണിച്ചാൽ; അവരുടെ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകൾ, ജോലിസ്ഥലത്തും മറ്റും നിലനിൽക്കുന്ന വിവേചനം, 18-35 പ്രായത്തിനിടയിൽ സ്വന്തം ആരോഗ്യത്തിൽ കാണിക്കുന്ന ശ്രദ്ധക്കുറവ്, ഗർഭകാലത്തും പ്രസവശേഷവും ആർത്തവവിരാമതോടനുബന്ധിച്ചും സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടുണ്ടാകുന്ന മാനസിക പിരിമുറുക്കം ഇവയൊക്കെ പ്രശ്നങ്ങൾക്ക് ആക്കംകൂട്ടുന്നു.

സ്ത്രീകളിലെ പ്രധാന ആരോഗ്യപ്രശ്നങ്ങൾ  

ആഗോളതലത്തിൽ സ്ത്രീകൾ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങൾ പരിശോധിച്ചാൽ ഹൃദ്രോഗം, ക്യാൻസർ, സ്ത്രീരോഗങ്ങൾ, ഗർഭകാല പ്രശ്നങ്ങൾ, വിഷാദം, പ്രമേഹം, വിളർച്ച,  മൂത്രാശയ അണുബാധ, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഇവയെല്ലാം മുൻപന്തിയിൽ നിൽക്കുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ സ്ത്രീകളെ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ന് 12 സ്ത്രീകളിൽ ഒരാൾക്കെങ്കിലും സ്തന അണ്ഡാശയ ഗർഭാശയഗള അർബുദം ബാധിക്കുന്നുണ്ട്. അതുപോലെ പുരുഷന്മാരിൽ 6% വർധനവാണ് പ്രമേഹത്തിൽ കാണിക്കുന്നതെങ്കിൽ സ്ത്രീകളിൽ 13% വരെ വർദ്ധനവ് കാണിക്കുന്നു.

ഇതിനൊക്കെപ്പുറമേ ഗർഭകാലത്തും പ്രസവത്തോടനുബന്ധിച്ചും ഏറെ ശാരീരിക മാനസിക പ്രശ്നങ്ങൾ സ്ത്രീകൾ അനുഭവിക്കുന്നുണ്ട്. പ്രസവശേഷം കണ്ടു വരുന്ന നടുവേദന, ഫിസ്റ്റുല, വിഷാദം ഇവയൊക്കെ പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളായി മാറാറുണ്ട്.

സ്ത്രീകളുടെ ആരോഗ്യവും സാമൂഹിക ചുറ്റുപാടുകളും 

സമൂഹത്തിന്‍റെ ചുമതലയാണോ സ്ത്രീയുടെ സംരക്ഷണം? 

സ്ത്രീകൾ നേരിടുന്ന ഇത്തരം അനാരോഗ്യകരമായ അവസ്ഥയ്ക്ക് ഒരു പരിധിവരെ കാരണം നമ്മുടെ സാമൂഹിക ചുറ്റുപാടുകളാണ്.  വികസ്വര വികസിത രാജ്യങ്ങളിലെ സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടന പുറത്തുവിട്ട പത്തു പ്രധാന വെല്ലുവിളികൾ അഥവാ പ്രശ്നങ്ങൾ നാം ഒന്ന് വിലയിരുത്തേണ്ടതാണ്. 

പുകയില ഉപയോഗം 

 യുവതികളിൽ വർധിച്ചുവരുന്ന പുകയില ഉപയോഗമാണ് ഇവയിലൊന്ന്. പുകയില ഉപയോഗം ശീലമായ സ്ത്രീകൾക്ക് ഇതിൽ നിന്ന് പിന്തിരിയാൻ ഉള്ള മാനസിക ബലം പുരുഷന്മാരെ അപേക്ഷിച്ച് കുറവാണെന്നാണ് വിലയിരുത്തൽ. 

ലൈംഗിക ചൂഷണം 

ഏതാണ്ട്  71 ശതമാനത്തോളം സ്ത്രീകൾ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഉറ്റവരിൽ നിന്ന് തന്നെ ലൈംഗികമായി ചൂഷണം നേരിട്ടവരാണ്. അഞ്ചു സ്ത്രീകളിൽ ഒരാളെങ്കിലും പതിനഞ്ചു വയസ്സിനുള്ളിൽ തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെടുന്നു. ശാരീരികമായി നേരിടുന്ന മുറിവുകൾ മുതൽ ഉദ്ദേശിക്കാതെയുള്ള ഗർഭധാരണം, ഗുരുതരമായ അണുബാധ, ലൈംഗികരോഗങ്ങൾ തുടങ്ങി നീണ്ടുനിൽക്കുന്ന മാനസികപ്രശ്നങ്ങളിലേക്ക് വരെ കൊണ്ടെത്തിക്കാൻ കെൽപ്പുള്ളവയാണ് ഇത്തരം സാഹചര്യങ്ങൾ.

കൗമാരക്കാരായ അമ്മമാർ 

കൗമാരക്കാരായ അമ്മമാരുടെ എണ്ണം ലോകത്തുടനീളം പ്രതിവർഷം 16 ലക്ഷമെന്നാണ് വിലയിരുത്തൽ. പൂർണ്ണ വളർച്ച എത്തുന്നതിനു മുമ്പുള്ള ഗർഭധാരണവും പ്രസവവും അമ്മയുടെയും കുഞ്ഞിന്‍റെയും ശാരീരിക മാനസിക ആരോഗ്യത്തിന് ഒരുപോലെ അപകടം തന്നെ.

ശ്വാസകോശ രോഗങ്ങൾ 

ശ്വാസകോശരോഗങ്ങൾ പുരുഷൻമാരെ അപേക്ഷിച്ച് 50 ശതമാനം വരെ വർധനവാണ് സ്ത്രീകളിൽ കാണിക്കുന്നത്. അടുക്കളയിലെ പുക ശ്വസിക്കുന്നവരിൽ വീടിന് പുറമെയുള്ളവരെ അപേക്ഷിച്ച് ശ്വാസകോശരോഗങ്ങൾ കൂടുതലെന്നാണ് കണ്ടെത്തൽ. 

താരതമ്യേന ഏറെ സുരക്ഷിതമായ സംസ്ഥാനത്തിരിക്കുന്നതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ വിഷയങ്ങൾ നമ്മിൽ പലരെയും അത്ഭുതപ്പെടുത്തുന്നതും നമുക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ളതും ആകാം. സാംസ്കാരികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളിൽ ഇതെല്ലാം ഇപ്പോഴും നില നിൽക്കുന്ന ചിത്രമാണ്. ഇന്നും ആർത്തവ സമയത്ത് വ്യക്തിശുചിത്വം പാലിക്കുന്നതിനു വേണ്ട ചുറ്റുപാടുകൾ ഇല്ലാത്ത എത്രയോ സ്ത്രീകൾ  ഭാരതത്തിൽ തന്നെ ഉണ്ട്..!

എവിടെ, എങ്ങനെ ഇടപെടാം 

സ്ത്രീകളുടെ ആരോഗ്യത്തിനു ഊന്നൽ നൽകുക എന്നതിനർത്ഥം പുരുഷന്മാരുടെ ആരോഗ്യത്തിനു പ്രാധാന്യമില്ലെന്നതല്ല. മറിച്ചു രണ്ടു കൂട്ടരുടെയും ആവശ്യങ്ങൾ വ്യത്യസ്തങ്ങളാണ് എന്നു മനസിലാക്കുകയും അവർക്ക് കൂടുതൽ ഊഷ്മളമായും ഊർജസ്വലമായും ജീവിക്കുന്നതിനും പ്രവർത്തിക്കുന്നതിനും വേണ്ട സാഹചര്യങ്ങൾ ഒരുക്കുക എന്നുള്ളതുമാണ്. ഇന്റർനാഷണൽ വിമൻസ് ഹെൽത്ത്‌ ആക്ഷൻ ഡേ ആയി May 28 ആചരിക്കുമ്പോൾ അതിലെ action എന്ന വാക്ക് കൊണ്ട് 'നടപ്പിൽ വരുത്തുക' (implement) എന്നാണുദ്ദേശിക്കുന്നതെന്നു മുന്‍ UN on right to health വിദഗ്ധന്‍ ആയ പോള്‍ ഹണ്ട് എടുത്തുപറഞ്ഞിട്ടുണ്ട്. ആരോഗ്യത്തിനുള്ള അവകാശം (right  to health) നിയമങ്ങളിൽ ഒതുങ്ങേണ്ടവയല്ല, കുടുംബങ്ങൾ, ആശുപത്രികൾ, മറ്റു ആരോഗ്യരക്ഷ സംവിധാനങ്ങൾ എല്ലാം വഴി പ്രാവർത്തികമാക്കുമ്പോഴാണ് അതു സാർത്ഥകമാകുന്നത്. 

ബോധവൽക്കരണം ആണ് ആദ്യ പടി. അതു കുടുംബങ്ങളിൽ നിന്നാരംഭിക്കുകയും വേണം. അടിച്ചമർത്തപ്പെടേണ്ടവരോ പൊതിഞ്ഞു വയ്ക്കപ്പെടേണ്ടവരോ അല്ല സ്ത്രീകൾ. അവരുടെ സ്വത്വത്തെ തിരിച്ചറിഞ്ഞു അവരുടെ കഴിവുകളും താത്പര്യങ്ങളും സംരക്ഷിക്കുന്നതിനും ആത്‌മവിശ്വാസം നിലനിർത്തുന്നതിനും വേണ്ട ചുറ്റുപാടുകൾ ഉണ്ടാവുകയാണ് വേണ്ടത്. 

പൊതുവിൽ തന്നെ multi tasking and planning ability കൂടുതൽ ഉള്ളവരാണ് സ്ത്രീകൾ. പക്ഷെ അമിതമായി മഹത്വവത്ക്കരിക്കാതെ എല്ലാ മേഖലകളിലും അവർക്ക് കൈ കടത്തുന്നതിന് വേണ്ട ഇടം നൽകേണ്ടതുണ്ട്. സ്ത്രീകളുടെ ജോലികളെന്നു കണക്കാക്കി വന്നിട്ടുള്ള വസ്ത്രമലക്കൽ, പാചകം, കുട്ടികളെ നോക്കൽ ഇവയെല്ലാം ആൺ പെൺ ഭേദമില്ലാതെ ചെയ്യുവാൻ ചെറുപ്പം മുതൽക്ക് തന്നെ ഇരുകൂട്ടരും പരിശീലിക്കപ്പെടേണ്ടതുണ്ട്. 

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യക്ഷേമകാര്യങ്ങൾക്ക് ഭാരതത്തിലെ മാറി വരുന്ന സർക്കാരുകൾ പ്രത്യേക ശ്രദ്ധയും കരുതലും നൽകുന്നുണ്ട്. കായിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ, പ്രതിരോധ, ഭരണകാര്യ മേഖലയിൽ അടക്കം ഉന്നത രംഗത്ത് പ്രവർത്തിക്കാനും മികച്ച സംഭാവനകൾ നൽകുവാനും സ്ത്രീകൾക്ക് ഇന്ന് സാധിക്കുന്നു എന്നുള്ളത് ഇത്തരം നല്ല മാറ്റങ്ങളുടെ  തെളിവാണ്. 

അന്താരാഷ്ട്രതലത്തിൽ ലോകാരോഗ്യസംഘടന 2016-2030 കാലയളവിൽ  സ്ത്രീകളുടെയും കൗമാരക്കാരുടെയും  കുട്ടികളുടെയും  സുസ്ഥിരമായ വികസനത്തിനും ആരോഗ്യത്തിനും വേണ്ട അനേകം പദ്ധതികൾ നിർദേശിച്ചിട്ടുണ്ട്. 

സ്ത്രീകളുടെ ലൈംഗികവും പ്രത്യുല്‍പ്പാദനപരവുമായ ആരോഗ്യം, Cervical കാൻസറിന്‍റെ ചികിത്സയും പ്രതിരോധവും, കുടുംബാസൂത്രണം, ലൈംഗികവിദ്യാഭ്യാസം, ലൈംഗിക അവകാശം ഇവയൊക്കെ ലഭ്യമാക്കുകയെന്നത് ഇതിന്‍റെ പ്രാഥമിക നിർദേശങ്ങളിൽ  ഉൾപ്പെടുന്നു. 

Vulnerable groups (വിദ്യാഭ്യാസം കുറഞ്ഞവർ, ബാല വിവാഹം, ലഹരി ഉപയോഗം, ലൈംഗിക രോഗങ്ങളും ചൂഷണവും നിലനിൽക്കുന്ന വിഭാഗങ്ങൾ, കൗമാരക്കാരായ അമ്മമാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുകയും സ്ഥിരമായ വരുമാനമാർഗം ഇല്ലാത്തവരുമായ സ്ത്രീകൾ, വിവിധ ജോലിസംബന്ധമായ രോഗങ്ങൾക്ക് സാധ്യതയുള്ള കൂലിപ്പണിചെയ്യുന്നവർ) തിരിച്ചറിഞ്ഞു ഉചിതമായ ഇടവേളകളിൽ അവരുടെ ആരോഗ്യക്ഷേമകാര്യങ്ങൾ തിരക്കുകയും രേഖപ്പെടുത്തുകയും വ്രണപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊണ്ട് അവരുടെ ജീവിതം സുഗമമാക്കുക എന്നതും ആരോഗ്യസംവിധാനങ്ങളുടെ കർത്തവ്യമാണ്. 

ഏകരക്ഷാകർതൃത്വം ഏറ്റെടുക്കേണ്ടി വന്ന കൗമാരക്കാരായ അമ്മമാരെയും കുട്ടികളെയും അതുപോലെ ലഹരിമരുന്നിനടിമപ്പെട്ട സ്ത്രീകളെയും ലൈംഗികചൂഷണത്തിന് ഇരയായവരെയും പുനരധിവസിപ്പിക്കുകയും ആത്മവിശ്വാസത്തോടെ അവരെ  ജീവിതത്തിലേക്ക് മടക്കികൊണ്ടുവരികയും ചെയ്യുന്നതിനാവശ്യമായ rescue homes ആരോഗ്യസംവിധാനത്തിനു കീഴിൽ സദാ സജ്ജമായിരിക്കേണ്ടതുമുണ്ട്. 

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗിക ചൂഷണങ്ങൾ കൂടുന്നതിന് സമൂഹത്തിൽ നിലനിൽക്കുന്ന വികലമായ കാഴ്ചപ്പാടുകളും സുഭദ്രമല്ലാത്ത കുടുംബാന്തരീക്ഷവും ലഹരിമരുന്നുപയോഗവും ഒരു പരിധിവരെ കാരണമാണ്. കൗമാരപ്രായം മുതൽക്ക് ശരിയായ ലൈംഗികവിദ്യാഭ്യാസം നല്കുന്നതും സമൂഹമാധ്യമങ്ങൾ സെൻസർ ചെയ്തു പ്രക്ഷേപണം ചെയ്യുന്നതും ഒരു പരിധി വരെ പരിഹാരം ആയേക്കാം. അതുപോലെ ലഹരിമരുന്ന് പ്രയോഗങ്ങളെ വിലക്കുകയും കർശനമായി നേരിടുകയും ചെയ്യുക, അതിന് അടിപ്പെടാൻ സാധ്യതയുള്ള യുവജനങ്ങൾക്ക് reorientation നൽകി, അവർക്ക് താല്പര്യമുള്ളതും ക്രിയാത്മകവുമായ സാമൂഹ്യ നന്മയ്ക്ക് ഉതകുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക എന്നത് പ്രധാനമാണ്.

കൗമാരപ്രായം മുതൽ നിർബന്ധിത സാമൂഹ്യ സേവനം ഉറപ്പുവരുത്തുക. അവ സ്കൂളുകൾ മുഖേന മാത്രമല്ലാതെ കൂടുതൽ പരക്കെ നടപ്പിലാക്കുകയും  വേണ്ടരീതിയിൽ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും അനുമോദിക്കുകയും ചെയ്യേണ്ടതുണ്ട്. 

ആരോഗ്യ സംവിധാനത്തിലും നിയമ വ്യവസ്ഥ പോലെ മറ്റ് അവശ്യ വിഭാഗത്തിലും ജോലിചെയ്യുന്ന സ്ത്രീകൾക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യവും പരിശീലനവും  നൽകേണ്ടതുണ്ട്.

പെൺകുട്ടികൾക്ക്  സമീകൃതാഹാരവും ഉറക്കവും വളരാനുള്ള ചുറ്റുപാടും നൽകുന്നതോടൊപ്പം 18 തികഞ്ഞാൽ കല്യാണം കഴിപ്പിക്കുക എന്ന കാഴ്ചപ്പാട് മാറി അവർക്ക് വളർന്നു ജോലി നേടാനും സ്വന്തം കാഴ്ചപ്പാടിൽ ഉറച്ചുനിൽക്കുന്നതിനുള്ള ചുറ്റുപാടുകൾ ആയതിനുശേഷം വിവാഹം കഴിക്കുവാനും ഉള്ള സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. ഗർഭകാലാരോഗ്യം നിലനിർത്തുന്നതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുടുംബാസൂത്രണം, കുട്ടികളെ വളർത്തുന്ന വിഷയങ്ങൾ, ഗർഭകാലത്തും പ്രസവശേഷവും സ്ത്രീകൾക്ക് സംഭവിക്കാവുന്ന മാറ്റങ്ങൾ, കണ്ടേക്കാവുന്ന രോഗങ്ങൾ എന്നിവയെ സംബന്ധിച്ച് കുടുംബത്തിൽ ഉള്ളവരെ പ്രത്യേകിച്ച് ഭർത്താവിനെ കൂടി ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഗർഭകാലത്തും പ്രസവശേഷവും ആർത്തവവിരാമത്തോടനുബന്ധിച്ചും സ്ത്രീകളുടെ ആരോഗ്യത്തിൽ ആയുർവേദ വിധിപ്രകാരം നൽകുന്ന ശ്രദ്ധയും പരിചരണവും ഉറപ്പുവരുത്തുന്നത് മധ്യവയസ്സിൽ കണ്ടുവരുന്ന പല രോഗങ്ങളെയും പ്രതിരോധിക്കാൻ ഒരു പരിധി വരെ സഹായകമാകും.

ആഹാരകാര്യങ്ങളിൽ നൽകുന്ന ശ്രദ്ധയ്ക്ക് പുറമേ കൃത്യമായ ഇടവേളകളിൽ വ്യായാമം-യോഗ-പ്രാണായാമം തുടങ്ങിയവ കൗമാരപ്രായം മുതൽക്കുള്ള സ്ത്രീകളെ നിർബന്ധിതമായി പരിശീലിപ്പിക്കുക. കായിക ക്ഷമത വർധിപ്പിക്കുന്നതിനു പുറമേ ഇതു അവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും പ്രമേഹം, അമിതവണ്ണം ഇവ നിയന്ത്രണ വിധേയമാക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാവും. 

സ്ത്രീക്കും പുരുഷനും ഒരുപോലെ തന്നെ ശാരീരികവും മാനസികവുമായ പരമാവധി ആരോഗ്യം നിലനിർത്തുന്നതിനുള്ള അവകാശമുണ്ട്. അതിനുവേണ്ടി അവരെ സജ്ജമാക്കുകയും സഹായിക്കുകയും ചെയ്യുക എന്നുള്ളതാണ് ലോകാരോഗ്യസംഘടന രാഷ്ട്രങ്ങൾക്ക് നൽകുന്ന നിർദ്ദേശം. അതിനായി അതത് രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുകയും വേണം. ഇവയ്ക്കെല്ലാം പുറമേ സ്ത്രീകളുടെ സുസ്ഥിരമായ വളർച്ചയ്ക്കും ആരോഗ്യത്തിനും സ്ത്രീകളുടെ തന്നെ ഉറച്ച മനോധൈര്യവും കൂടിയേ തീരൂ. എങ്കിൽ 2030 ഓടു കൂടിയെങ്കിലും നമുക്ക് ഈ ലക്ഷ്യം നേടിയെടുക്കാനാകുമെന്ന് നിസംശയം പറയാം.


About author

Dr. K. Rosni

MS (Ay)- Prasuti and Streerog. Chief Gynaecologist / SRD ayurveda nursing home drrosniks@gmail.com


Scroll to Top