തേൻ ഷുഗര്‍ കൂട്ടുമോ?

ഗുരുവായൂരമ്പലത്തിൽ തൊഴുതു  മടങ്ങുന്ന വഴി ഞങ്ങൾ ഒരു ഹോട്ടലിൽ കയറിയതാണ്. ഭക്ഷണം ഓർഡർ ചെയ്ത കൂട്ടത്തിൽ  അച്ഛൻ വെയിറ്ററോട് പറഞ്ഞു " അഞ്ചു ചായ, അതിൽ ഒന്ന് without ". 

ഇങ്ങനെ "without ചായകളുടെ" ഓർഡറുകൾ ഹോട്ടലിലിന്‍റെ മുക്കിലും മൂലയിലും കേൾക്കുന്നുണ്ടായിരുന്നു.

 വീട്ടിൽ വിരുന്നുകാർ ആരെങ്കിലും വന്നാലും ചായയോ കാപ്പിയോ തയാറാക്കുമ്പോൾ "മധുരം കുഴപ്പമില്ലല്ലോ അല്ലെ " എന്നൊരു ചോദ്യം പതിവാണ്.

നിങ്ങൾക്കറിയാമോ ഈ ലോകത്ത്‌ 65 വയ്യസിനു മുകളിലുള്ളവരിൽ അഞ്ചിൽ ഒരാൾ പ്രമേഹരോഗിയാണ്. 2019ലെ  കണക്കനുസരിച്ച് ലോകത്താകമാനമുള്ള മുതിർന്ന ആളുകളിൽ (20  -79  വയസ്സ് ) 463 മില്യൺ ആളുകൾ പ്രമേഹബാധിതരാണ്.

പ്രമേഹത്തെ 'ആഢ്യരോഗം' എന്നൊരു പേരിൽ കൂടി ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. പണ്ടുകാലങ്ങളിൽ കൂടുതലായും ധനികരായ ആളുകളിൽ, ജീവിത സൗകര്യങ്ങൾ കൂടുമ്പോൾ ഉണ്ടാകുന്ന നിഷ്‌ക്രിയത്വം, അമിതമായ ഭക്ഷണം മുതലായവ പ്രമേഹം ഉണ്ടാക്കാൻ കാരണം ആയതുകൊണ്ട് അത് ആഢ്യന്മാരുടെ രോഗമായിത്തീർന്നു. (NB : ആഢ്യന്മാരല്ലാത്തവർക്കും, ജനിതകമായും പ്രമേഹം വരാം എന്നും ആയുർവേദത്തിൽ പറയുന്നു.) ഇന്ന് ജീവിതത്തിലെ തിരക്കുകളും ടെക്നോളജിയുടെ വളർച്ചയുമെല്ലാം കൊണ്ട് എന്തും ഞൊടിയിടയിൽ സാധിക്കാനുള്ള നെട്ടോട്ടത്തിൽ പ്രമേഹവും മാറുന്ന ജീവിതശൈലികൾ കൊണ്ടുണ്ടാകുന്ന ഒരു രോഗമായിക്കഴിഞ്ഞു.  

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മൂലമുണ്ടാകുന്ന രോഗമാണ് പ്രമേഹം. ടൈപ്പ്-1 എന്നും ടൈപ്പ്-2 എന്നും രണ്ട് തരം പ്രമേഹം ഉണ്ട്. ടൈപ്പ്-1 ഒരാളിൽ ജനിതകമായുണ്ടാകുന്നതും ടൈപ്പ്-2 ജീവിതശൈലി കൊണ്ടും വ്യായാമമില്ലായ്മ, അമിതമായ ആഹാരം, സമയം തെറ്റിയുള്ള ആഹാരശീലം, മാനസിക സമ്മർദ്ദം, പുകവലി മുതലായ കാരണങ്ങളെക്കൊണ്ടുണ്ടാകുന്നതും ആണ്.  ഏതുതരം പ്രമേഹത്തിലായാലും മധുരത്തിന്‍റെ ഉപയോഗം കുറക്കുക തന്നെ വേണം. മധുരപ്രിയരായവർക്ക് ഈ രോഗം പിടിപെട്ടാൽ ഭക്ഷണത്തിൽ മധുരം കുറക്കുന്നത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം കൂടിയാണ്. പഞ്ചസാരയ്ക്ക് പകരം മറ്റേതെങ്കിലും മധുര പദാർത്ഥങ്ങളെ ആശ്രയിക്കാൻ കഴിയുമോ എന്ന് പലരും ചിന്തിച്ചേക്കാം. ഇത്തരത്തിൽ തേൻ പ്രമേഹരോഗത്തിൽ ഉപയോഗിക്കാൻ കഴിയുമോ എന്ന് നോക്കാം. 

പ്രകൃതിദത്തമായി തേൻ ഉണ്ടാകുന്നതെങ്ങനെ?

Apis mellifera എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന തേനീച്ചകൾ പലതരം പൂക്കളിൽ നിന്നും ശേഖരിക്കുന്ന തേൻ 'crop' എന്ന പേരിലുള്ള ആമാശയത്തോടു ചേർന്നുള്ള സഞ്ചി പോലുള്ള ശരീരഭാഗത്തു താത്കാലികമായി ശേഖരിക്കുന്നു. കൂട്ടിൽ  തിരിച്ചെത്തുമ്പോൾ ഇങ്ങനെ ശേഖരിച്ചിരിക്കുന്ന തേൻ മറ്റൊരു തേനീച്ചയുടെ വായിലേയ്ക്ക് regurgitation (തികട്ടൽ) വഴി പകർന്നു നൽകുകയും ചെയ്യുന്നു. ഇതിനകം തേനീച്ചയുടെ ക്രോപ്പിനുള്ളിലുള്ള എന്‍സൈമുകളുടെ പ്രവർത്തനം കൊണ്ട് പൂന്തേനുകളിൽ ഉള്ള സുക്രോസ് എന്ന കോമ്പൗണ്ട് ഷുഗർ രാസമാറ്റം വന്നു സിമ്പിൾ ഷുഗറുകളായ ഫ്രക്ടോസും ഗ്ലൂക്കോസും ആയി മാറുന്നു. Regurgitation  വഴി  തേനീച്ചകളിൽ നിന്ന് തേനീച്ചകളിലേക്കു കൈമാറി അവസാനം കൊഴുപ്പുള്ള ഒരു ദ്രവമായി അത് കൂട്ടിനുള്ളിൽ ശേഖരിക്കപ്പെടുന്നു. തേനീച്ചകളുടെ ഒരു ഭക്ഷണ ശേഖരമാണ് തേൻ.

തേനിന്‍റെ പോഷകമൂല്യം

തേനിൽ 38% ഫ്രക്ടോസും 31% ഗ്ലൂക്കോസും 17% ജലവും 7% മാൾട്ടോസും ഉണ്ട്. ഇതുകൂടാതെ തയാമിൻ, റൈബോഫ്ളാവിൻ, വിറ്റാമിൻ -ബി6,   വിറ്റാമിൻ -ബി12, വിറ്റാമിൻ- സി, വിറ്റാമിൻ - എ, വിറ്റാമിൻ - ഡി, വിറ്റാമിൻ - കെ മുതലായവയും അയേൺ, മഗ്നീഷ്യം, കോപ്പർ, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നീ മിനറലുകളും അടങ്ങിയിരിക്കുന്നു. തേനിൽ അസ്കോർബിക് ആസിഡ്, ഫ്ളാവാനോയിഡുകൾ എന്നീ ഘടകങ്ങൾ ഉള്ളതുകൊണ്ട് തേൻ നല്ലൊരു ആന്റ്റി- ഓക്സിഡന്റ്റ് കൂടിയാകുന്നു.

തേൻ പ്രമേഹശമനമാണോ? 

പഞ്ചസാരയ്ക്ക് പകരമായി പല പ്രമേഹരോഗികൾക്കും തേൻ ഉപയോഗിച്ച് വരുന്നുണ്ട്. യഥാത്ഥത്തിൽ തേനിന് പ്രമേഹത്തെ ശമിപ്പിക്കാൻ കഴിവുണ്ടെന്നത് ശരി തന്നെയാണ്. തേനിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ പ്രമേഹത്തെ കുറക്കാൻ സഹായിക്കുന്നു. സിങ്ക് ഇൻസുലിൻ നേരായ രീതിയിൽ ഉപയോഗിക്കാൻ ശരീരത്തിന് പ്രേരകമായി പ്രവർത്തിക്കുന്നു.  തേനിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് ഒരു സിമ്പിൾ ഷുഗർ അഥവാ മോണോസാക്കറൈഡ് ആണ്. ടേബിൾ ഷുഗർ അഥവാ പഞ്ചസാരയിലുള്ള സുക്രോസിനെ അപേക്ഷിച്ചു ഫ്രക്ടോസിന്റെ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ്. ഗ്ലൈസീമിക് ഇൻഡക്സ് കുറയുന്തോറും ഭക്ഷണ പദാർത്ഥങ്ങൾ രക്തത്തിലേക്കുള്ള ആഗിരണം വൈകുന്നു. ഇതുമൂലം രക്തത്തിൽ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുള്ള വ്യതിയാനങ്ങൾ ഉണ്ടാക്കാതെ ക്രമേണയുള്ള ആഗിരണത്തിന് പ്രേരകമാകുന്നു. ഇത് ഒരു പരിധി വരെ ടൈപ്പ്-2 ഡയബെറ്റിസിനെ ചെറുക്കാൻ സഹായിക്കുന്നു. 

ആയുർവേദത്തിൽ 'മധുവർഗ്ഗം' എന്ന പേരിൽ 8 തരത്തിലുള്ള തേനുകളും അവയുടെ ഗുണങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. തേൻ പ്രമേഹശമനം ആണെന്ന് ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. ഇതുകൂടാതെ പ്രമേഹരോഗത്തിൽ അനുവർത്തിക്കാൻ പറയുന്ന പഥ്യങ്ങളുടെ കൂട്ടത്തിലും തേൻ ഉപയോഗിക്കാൻ നിർദേശിക്കുന്നുണ്ട്. ആയുർവേദത്തിൽ ഏതൊരു പദാർത്ഥത്തിന്‍റെയും സ്വതസിദ്ധമായ രസം (taste), ഗുണം (properties), വീര്യം (ഉഷ്ണം/ശീതം),  വിപാകം (ദഹനത്തിന്‍റെ അവസാനഘട്ടത്തിൽ ഉണ്ടാകുന്ന രസം/taste), പ്രഭാവം (ഓരോ പദാര്‍ത്ഥങ്ങൾക്കും വിശേഷേണയുള്ള കർമ്മസിദ്ധി) എന്നിങ്ങനെയുള്ള ഘടകങ്ങളെ ആസ്പദമാക്കിയാണ് അത് ശരീരത്തിൽ എന്ത് മാറ്റം ഉണ്ടാക്കുന്നു എന്ന് അനുമാനിക്കുന്നത്. തേൻ മധുരരസവും അനുബന്ധമായി കാഷായരസത്തോടും കൂടിയതാണ്. രൂക്ഷ ഗുണവും താരതമ്യേന ലഘുവും (ദഹിക്കാൻ എളുപ്പവും) ശീതവീര്യത്തോടു കൂടിയതുമാണ്. കഷായരസം തേൻ പ്രമേഹശമനമാകാൻ കാരണമാകുന്നു. 

ഇതെങ്ങനെയെന്നു പറയുന്നതിന് മുമ്പ് ആയുർവേദം അടിസ്ഥാനമാക്കിയിരിക്കുന്ന പല തത്വങ്ങളിൽ ഒന്നായ പഞ്ചമഹാഭൂതങ്ങളെക്കുറിച്ചൊന്നു പറയാം. പ്രപഞ്ചത്തിൽ ഉള്ള ജീവനുള്ളവയും ഇല്ലാത്തവയുമായ എല്ലാ വസ്തുക്കളും പഞ്ചമഹാഭൂതങ്ങളെക്കൊണ്ട് നിർമ്മിതമാണ്. ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇവയാണ് പഞ്ചമഹാഭൂതങ്ങൾ. ഇവയുടെ ഏറ്റക്കുറച്ചിലുകളാണ് എല്ലാ വസ്തുക്കളെയും ഒന്നിനൊന്നു വ്യത്യസ്തമാക്കുന്നത്. കഷായ രസത്തിൽ പ്രധാനമായും ഭൂമി, വായു എന്നീ പഞ്ചമഹാഭൂതങ്ങൾ ഏറിയ തോതിൽ കാണുന്നു. പ്രമേഹരോഗിയിൽ അധികമായ മൂത്രവിസർജ്ജനം ഒരു പ്രധാന ലക്ഷണമാണ്.  'പ്രമേഹം' എന്ന വാക്കിന്‍റെ അർത്ഥം തന്നെ അധികമായി മൂത്രം ഒഴിഞ്ഞു പോകുന്നു എന്നാണ്. ഇത് വഴി ശരീരത്തിന് വേണ്ടതായ ധാതുക്കളും പോകുന്നതുകൊണ്ട് പ്രമേഹരോഗിയിൽ ധാതു ശോഷണം സംഭവിക്കുന്നു. അധികമായി പോകുന്ന ജലത്തെ തടഞ്ഞു നിർത്താൻ ഭൂമി സഹായിക്കുന്നു. ഇങ്ങനെ പ്രമേഹ സ്വഭാവത്തെ ചെറുക്കാൻ കഷായ രസം പ്രേരകമാകുന്നു. ഇത് കൂടാതെ തേനിന് സൂക്ഷ്മമായ മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കാനുള്ള കഴിവുള്ളതു കൊണ്ട് ശരീരത്തിലെ സ്രോതസ്സുകളിൽ (micro channels) ഉള്ള തടസ്സങ്ങളെ മാറ്റാനും അത് വഴി ശരീര കോശങ്ങളുടെ ശരിയായ പ്രവർത്തനത്തെ സഹായിക്കാനും സാധിക്കുന്നു. തേൻ ത്രിദോഷശമനം കൂടിയാണ്. പ്രമേഹരോഗികളിൽ ഉണ്ടാകാൻ സാധ്യതയുള്ള അണുബാധയെ ചെറുക്കാനും മുറിവുകൾ ഉണക്കാനും തേനിന് സാധിക്കും.  

തേനിലെ മായം എങ്ങനെ തിരിച്ചറിയാം 

പ്രകൃതിദത്തവും  ശുദ്ധവുമായ തേനാണ് പ്രമേഹത്തെ ശമിപ്പിക്കാൻ പ്രാപ്തമായത്‌. ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന എല്ലാ തേനും ശുദ്ധമാവണെന്നു നിർബന്ധമില്ല. പഞ്ചസാരപ്പാനിയോ ശർക്കരപ്പാനിയോ സാധാരണ തേനിൽ മായം ചേർക്കാൻ ഉപയോഗിച്ച് വരുന്നു. ഇത് അറിയാൻ രണ്ട് മാർഗ്ഗങ്ങൾ വീടുകളിൽ തന്നെ ചെയ്തു നോക്കാവുന്നതാണ്.  

1 .  ഒരു കുപ്പിഗ്ലാസ്സിൽ ഒന്നോ രണ്ടോ ടീസ്പൂൺ തേൻ ഒഴിച്ചതിനു ശേഷം അതിലേക്കു വെള്ളം ഒഴിക്കുക. തേൻ അടിയിൽ തന്നെ കട്ടിയുള്ള ഒരു ലെയർ  ആയി പടരാതെ ഇരിക്കുന്നുണ്ടെങ്കിൽ അത് ശുദ്ധമായ തേൻ ആയിരിക്കാനാണ് സാധ്യത.

2. ശുദ്ധമായ തേൻ ഒരു തിരിയിൽ മുക്കി തീയിൽ കാണിച്ചാൽ അത് തുടർച്ചയായി കത്തുന്നത് കാണാം. മായം ചേർന്നതാണെങ്കിൽ ഈർപ്പത്തിന്‍റെ അംശം കൂടുന്നത് കൊണ്ട് പൊട്ടുന്ന ശബ്ദത്തോടെ തീ കെട്ടുപോകുന്നതാണ്.

തേൻ ശുദ്ധമാണോ എന്ന് അറിയാൻ ലാബിൽ ടെസ്റ്റ് ചെയ്യുന്ന പരാമീറ്ററുകൾ അതിലെ ജലാംശത്തിന്‍റെ അളവ് (Moisture  content), റെഡ്യൂസിങ്‌ ഷുഗർ,  നോൺ- റെഡ്യൂസിങ്‌ ഷുഗർ, pH  മുതലായവയാണ്‌. 

പ്രമേഹരോഗികൾ തേൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  • തേൻ പലതരം സസ്യങ്ങളിൽ നിന്ന് തേനീച്ചകൾ വഴി ശേഖരിക്കപ്പെടുന്നതായതു കൊണ്ടുതന്നെ അതിൻ്റെ രാസഘടന സങ്കീർണമാണ്. അതുകൊണ്ട് അത് വിഷമയമാകാനുള്ള സാധ്യത കൂടുതലാണ്. 
  • തേൻ ഒരു കാരണവശാലും ചൂടാക്കിയും ചൂടുള്ള പദാര്‍ത്ഥങ്ങളോട് കൂടിയും ഉപയോഗിക്കരുത്. ഇത് വിഷാംശത്തെ ഉണ്ടാക്കുന്നു. 
  • തേൻ ചൂട് വെള്ളത്തിലും ചായയിലും ചേർത്ത് പലരും ഉപയോഗിച്ച് കാണുന്നുണ്ട്. ഇത് ദോഷകരമാണ്. 
  • മിതമായ രീതിയിലും ആയുർവേദ ഔഷധങ്ങളുടെ കൂടെ വിധിച്ചിട്ടുണ്ടെങ്കിൽ അതിനൊപ്പം അല്പം മാത്രം ചേർത്തുപയോഗിച്ചാൽ  തേൻ ഗുണകരമാണ്. 
  • പഞ്ചസാരയ്ക്ക്  പകരമായി തേൻ ഉപയോഗിക്കുന്നത് അനുവദനീയമല്ല. അധികമായാൽ അമൃതും വിഷം എന്നാണല്ലോ. അതിനാൽ തേൻ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക.

ശുദ്ധമായ തേനിന്‍റെ ശരിയായ ഉപയോഗത്തോടൊപ്പം വ്യായാമ ശീലവും ചിട്ടയായതും ആരോഗ്യപരവുമായ  ജീവിതശൈലിയും കൊണ്ട് പ്രമേഹത്തെ ചെറുത്ത്‌ തോൽപ്പിക്കാം.


About author

Dr. Soumya K. R.

Assistant Professor, Dept.of Rasashastra & Bhaishajya Kalpana Alva’s Ayurveda Medical College, Moodbidri, Karnataka, drsoumya25@gmail.com


Scroll to Top