COVID19

Prevention of Pandemics through Ayurveda

പകർച്ച വ്യാധി പ്രതിരോധം ആയുർവേദത്തിലൂടെ


എന്താണ് പകർച്ചവ്യാധി?

ലോക വ്യാപകമായി മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ്-19 എന്ന കൊറോണ വൈറസ് ബാധ, കേരളത്തിൽ അങ്ങിങ്ങായി നിലനിൽക്കുന്ന കുരങ്ങു പനി, പക്ഷിപ്പനി, 2018-ലെ നിപ വൈറസ് ബാധ ഇവയൊക്കെ പകർച്ചവ്യാധികളുടെ ഉദാഹരണങ്ങൾ ആണ്. പകർച്ചവ്യാധികൾ വ്യാപകമായ ഈ സന്ദർഭത്തിൽ ഇവ എന്താണെന്നും എങ്ങനെ പകരുമെന്നും, എന്താണ് പ്രതിരോധ മാർഗ്ഗങ്ങൾ എന്നും പൊതു സമൂഹം അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.


മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് സ്പർശനത്തിലൂടെയോ ശരീര സ്രവങ്ങളായ ഉമിനീർ, നാസസ്രവം, വിയർപ്പ്, രക്തം, കഫം മുതലായവയുടെ സമ്പർക്കത്തിലൂടെയോ അല്ലെങ്കിൽ രോഗവാഹകങ്ങളായ കൊതുകുപോലുള്ള കീടങ്ങളിലൂടെയോ അതുമല്ലെങ്കിൽ വവ്വാൽ, എലി പോലുള്ള ജീവികളുടെ സ്രാവങ്ങളിലൂടെയോ പകർച്ച വ്യാധികൾ സമൂഹത്തിത്തിൽ വ്യാപിക്കാം. ഹസ്‌തദാനം ആലിംഗനം, ലൈംഗിക ബന്ധം എന്നിവയിലൂടെയും വ്യാധി പകർച്ച ഉണ്ടാകാം. അണുബാധയുള്ള വസ്തുവിനയോ പ്രതലത്തെയോ സ്പർശിക്കുന്നത് മൂലം പകർച്ച സംഭവിക്കാം. ഇതിനെല്ലാം ഉപരി വായുവിലൂടെയും വെള്ളത്തിലൂടെയും രോഗ പകർച്ച ഉണ്ടാകാം..!!


ഇവിടെയാണ് ആയുർവേദത്തിന് പ്രസക്തി. ആയുർവേദ സ്വസ്ഥവൃത്തം സദ് വൃത്തം ഇവ സമൂഹത്തിൽ പാലിക്കപ്പെട്ടാൽ ഒരു പരിധിവരെ പകർച്ച വ്യാധികളുടെ ഭീകരാവസ്ഥയെ വ്യക്‌തിതലത്തിലും സമൂഹതലത്തിലും കുറക്കാൻ സാധ്യമാണ്.


പകർച്ച വ്യാധികൾ എങ്ങിനെയാണ് തരം തിരിച്ചിരിക്കുന്നത്?

രോഗ വ്യാപനത്തിൻ്റെയും, രോഗകാരണമായ അണുജീവികളുടെയും, പകർച്ചമാർഗ്ഗങ്ങളുടെയും, ലക്ഷണങ്ങളുടെയും ഘടകങ്ങളെ ആസ്പദപ്പെടുത്തിയാണ് പകർച്ചവ്യാധികൾ തരം തിരിച്ചിരിക്കുന്നത്

ഉദാഹരണത്തിന് ഇന്ന് ലോകമെമ്പാടും ഭീതി സൃഷ്ടിച്ചു അട്ടഹസിക്കുന്ന Covid 19 കൊറോണ വൈറസ്ബാധ ശാരീരിക സമ്പർക്കം മൂലം പകരുന്ന വൈറസ് ബാധയാണ്. ജലദോഷ പനി അതായതു ഫ്ലൂ ആണ് ലക്ഷണം.


പകർച്ച വ്യാധികളെ കുറിച്ച് ആയുർവ്വേദം എന്ത് പറയുന്നു?

ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ചരക സംഹിതയുടെ വിമാനസ്ഥാനം മൂന്നാം അധ്യായം ജനപഥോധ്വംസനീയത്തിൽ പകർച്ച വ്യാധികളെ കുറിച്ചും അതിനു വേണ്ടി എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും, വൈദ്യ സമൂഹത്തിനു വേണ്ട തയ്യാറെടുപ്പുകളെ കുറിച്ചും വിശദമായി പരാമർശിച്ചിട്ടുണ്ട്. ഇതിൽ പറഞ്ഞ കാര്യങ്ങൾ ഇന്നും പ്രസക്തമാണ്. പ്രത്യേകിച്ചും ഇന്നത്തെ കൊറോണ വൈറസ് രോഗ കാലഘട്ടത്തിൽ. ദേശം, സമൂഹം, കാലം വായു, ജലം, പ്രകൃതി ഇവയിൽ ഏതെങ്കിലും ഒന്നോ ഒന്നിൽ കൂടുതൽ ഘടകങ്ങളോ ദുഷിച്ചാൽ പകർച്ച വ്യാധികൾ ഉണ്ടാവുകയും അത് വ്യാപിച്ചു ജനപഥത്തെ ഒന്നാകെ നശിപ്പിക്കുകയും ചെയ്യും എന്ന് ഈ അധ്യായത്തിൽ പറയുന്നു. പകർച്ച വ്യാധികളെ ചെറുക്കാൻ ഉള്ള മാർഗങ്ങളെ വൈദ്യൻ അറിയണമെന്നും അതിനു വേണ്ടി ഫലപ്രദമായ മരുന്നുകൾ കരുതി വെക്കണം എന്നും നിർദേശിക്കുന്നുണ്ട്. ഈ വ്യാധികൾ സമൂഹത്തിൽ എല്ലാ രീതിയിലും നഷ്ടം വിതക്കുന്നതു കൊണ്ടാണ് പകർചവ്യാധികളെ ജനപദോധ്വംസനം എന്ന് വിളിക്കുന്നത്.


എങ്ങനെയും പകർച്ച വ്യാധികൾ പിടിപെടാതെ ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിരോധം. ഒട്ടു മിക്ക പകർച്ച വ്യാധിളും പ്രത്യേകിച്ച്  വൈറസ് ബാധകൾ സെൽഫ് ലിമിറ്റിങ് ആണ്. ഈ ബാധ ഉള്ള സമയത്തു രോഗ പ്രതിരോധ ശേഷി കുറഞ്ഞു, വേറെ അനുബന്ധ അണുബാധകൾ അതായതു സെക്കന്ററി  ഇൻഫെക്ഷൻ വരാതെ നോക്കണം. ഇതിനൊക്കെ നല്ല ആരോഗ്യം, നല്ല സ്വാഭാവിക രോഗ ക്ഷമത്വം ഇവ അത്യാവശ്യമാണ്. ഇത് ആയുർവേദത്തിലൂടെ സാധ്യമാണ്. രോഗാണു വ്യക്തിയുടെ ശരീരത്തിൽ പ്രവേശിച്ച് രോഗ പ്രതിരോധ ശക്തിയെ തോൽപ്പിച്ച് അടയിരിക്കൽ കാലം അതായതു ഇൻക്യൂബേറ്റിങ് പീരീഡ് കഴിഞ്ഞു ശക്തിപ്രാപിച്ചു ലക്ഷണങ്ങൾ വ്യക്തമാക്കും.


ലക്ഷണങ്ങളുടെ തീവ്രത രോഗിയുടെ വയസ്സ്, ആരോഗ്യ സ്ഥിതി, പ്രമേഹം പോലുള്ള അനുബന്ധ രോഗങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. ആയുർവേദ ദിനചര്യ, കാലാനുസൃതമായ ഋതുചര്യ, സമൂഹ പെരുമാറ്റചട്ടം നിർദേശിക്കുന്ന സദ് വൃത്തം ഇവയൊക്കെ കൃത്യമായി അനുഷ്ഠിച്ചാൽ ബലവത്തായ സ്വാഭാവിക രോഗ പ്രതിരോധ ശക്തി ഉണ്ടാവുകയും രോഗത്തെ ചെറുക്കാനും ഇനി ഉണ്ടായാൽ തന്നെ ലക്ഷണങ്ങളുടെ തീവ്രത കുറക്കാനും വേഗം തന്നെ  ആരോഗ്യം പ്രാപിക്കാനും സാധ്യമാകും. രോഗാവസ്ഥയിൽ ലഘുവായ പോഷകമൂല്യമുള്ള ആഹാരം, ലക്ഷണങ്ങൾക്കുള്ള ചികിത്സ, പൂർണ വിശ്രമം എന്നിവ ആവശ്യമാണ്.


ഇമ്മ്യൂണിറ്റി വർദ്ധിയ്ക്കാനുള്ള മരുന്നുകൾ ആയുർവേദത്തിൽ ധാരാളമുണ്ട്. 80-ൽ പരം ആയുർവേദ മരുന്നുകളുടെ ഇമ്മുണോമോഡുലേഷൻ  ഗുണം  ആധുനിക ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അശ്വഗന്ധം, ത്രിഫല ഇവയൊക്കെ അതിൽ ഉൾപ്പെടുന്നു. പിന്നെ നേരത്തെ പറഞ്ഞ പോലെ ആയുർവേദ ജീവിത ശൈലി, യോഗാഭ്യാസം ഇവയൊക്കെ വ്യധിക്ഷമത്വം കൂട്ടാനും ആരോഗ്യം മെച്ചപ്പെടാനും  ഉത്തമമാണ്. ഉദാഹരണത്തിനു ഇപ്പോൾ നമുക്ക് കടുത്ത വേനലാണ്. ആദാന കാലമാണ് ഈ സമയത്തു ശരീര ബലം കുറഞ്ഞിരിക്കും. ബലവർദ്ധനത്തിനായി രണ്ടു നേരം കുളിക്കുക, മലർ, കഞ്ഞിവെള്ളം, മല്ലി, ചുക്ക്, കരിങ്ങാലി ഇവ ഇട്ടു തിളപ്പിച്ച് വെള്ളം ധാരാളം കുടിക്കുക.


വേപ്പില, നാല്പാമരം പോലെ ഉള്ള മരുന്നുകൾ ആവശ്യമെങ്കിൽ കുളിക്കുന്ന വെള്ളത്തിൽ ചേർക്കുക. പുളിയില്ലാത്ത മോര്, പാൽ, മലർ, കുത്തരി കഞ്ഞി, ചക്ക, മാങ്ങാ, ചാമ്പക്ക പോലുള്ള പഴങ്ങൾ ഇവ കഴിക്കുന്നത് നല്ലതാണ്. എരിവും പുളിയും ഒഴിവാക്കണം. പശുവിൻ നെയ്യ് ഉപയോഗിക്കണം. ചോറ് നന്നായി വേവണം. പേരക്ക, കൂവളം, നെല്ലിക്ക, മുത്തിൾ ഇങ്ങനെയുള്ള തളിർ ഇലകൾ മോരിൽ അരച്ചുകലക്കി  ഉപയോഗിക്കാം. നന്നാറി ശർക്കര ചേർത്ത് ജ്യൂസ് ഉണ്ടാക്കി കഴിക്കാം. ഇപ്പോഴത്തെ സഹാഹര്യത്തിൽ ചുക്ക്, തിപ്പലി, ചിറ്റമൃത്, കറുവപ്പട്ട, മല്ലി ഇട്ടു വെള്ളം തിളപ്പിച്ച് വാങ്ങി വെക്കുമ്പോൾ അര സ്പൂൺ മഞ്ഞൾ പൊടിയും, കുറച്ചു തുളസിയിലയും ഇട്ടു അടച്ചു വെച്ച് ആറിയ ശേഷം ചെറു ചൂടോടെ ഇടയ്ക്കിടയ്ക്ക് കുടിക്കാം.


ഇതൊക്കെ ചെയ്‌താൽ രോഗം വരില്ല എന്നല്ല! ഇതിന്റെയൊക്കെ കൂടെ WHO-ലോക ആരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുള്ള ചിട്ടകൾ കൃത്യമായി പാലിക്കണം. വ്യക്തി ശുചിത്വം, ഹാൻഡ് hygiene, 3 അടി അകലം പാലിക്കൽ, Self Quarantine ഇവയെല്ലാം വളരെ പ്രധാനം ആണ്. ബ്രേക്ക് ദി ചെയിൻ വിജയിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും സമൂഹത്തിന്റെയും ആവശ്യമാണ്, ഉത്തരവാദിത്തമാണ്..!!


CORONA പ്രതിരോധം എന്നാൽ -:

C for clean your hands

O for Off from Gatherings

R for Raise your immunity

O for Only sick need to wear mask

N for No to handshake

A for Avoid Rumours


എന്നാണ്. ഇതിൽ റൈസ് യുവർ ഇമ്മ്യൂണിറ്റി എന്ന കാര്യത്തിൽ ആയുർവേദത്തിന്റെ പങ്ക് വലുതാണ്. ആയുർവേദ പ്രതിരോധ മരുന്നുകളെ കുറിച്ച് പറയുകയാണെങ്കിൽ ചുക്ക് പൊടിയും തേനും ശ്വാസ രോഗങ്ങൾ ഉള്ളവരിൽ നിത്യം ഉപയോഗിക്കാൻ നല്ലതാണ്. വിൽവാദി ഗുളിക ഇന്ദുകാന്തം കഷായം അമൃതോത്തരം കഷായം ഇങ്ങനെ ഒരു പാട് മരുന്നുകൾ ഉണ്ട് നാച്ചുറൽ ഇമ്മ്യൂണിറ്റി വർദ്ധിയ്ക്കാൻ. ഒരു അംഗീകൃത ബിരുദമുള്ള ആയുർവേദ ഡോക്ടറെ കണ്ടു അദ്ദേഹത്തിന്റെ നിർദേശാനുസരണം മാത്രം മരുന്നുകൾ കഴിക്കണം.


പ്രായമായവരും പല അസുഖങ്ങൾ ഉള്ളവരും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. ഇത് പറയുമ്പോൾ ഒന്ന് കൂടി ആവർത്തിക്കുന്നു; WHO Guidelines കൃത്യമായി പാലിക്കണം. രോഗ ലക്ഷണങ്ങൾ കണ്ടാൽ ദിശ helpline നമ്പറിൽ ബന്ധപ്പെടണം. അവിടുന്ന് കിട്ടുന്ന നിർദേശങ്ങൾ കൃത്യമായി അനുസരിക്കണം.


പകർച്ച വ്യാധി മാറിക്കഴിഞ്ഞാൽ ആയുർവേദ സാധ്യതകൾ എന്തൊക്കെയാണ്?

പകർച്ച വ്യാധി എന്നാൽ വ്യക്തിയും കുടുംബവും കടുത്ത സമ്മർദ്ദത്തിലൂടെ കടന്നു പോകുന്ന അവസ്ഥയാണ്. ബലം, ദഹനം ഇവ കുറയും. ക്ഷീണം ഉണ്ടാകും. ഈ അവസ്ഥ മാറാൻ ആയുർവേദ മരുന്നിലൂടെയും ചികിത്സയിലൂടെയും സാധ്യമാകും. മനസ്സ് ശാന്തവും ശരീരം പുഷ്ടിയുള്ളതും ആക്കാൻ ആയുർവേദത്തിന് സാധ്യമാണ്. ഒരു പകർച്ച വ്യാധിയിൽ നിന്ന് വേറൊരു രോഗാവസ്ഥയിലേക്കു വഴുതി വീഴാതെ കൈ പിടിച്ചു ഉയർത്താനുള്ള കൈത്താങ്ങാണ് ആയുർവ്വേദം!


About author

Dr. Valsaladevi K

BAMS FAGE YIC MBA, Senior Consultant and NABH Coordinator, Sakalya Ayurveda Kozhikode, Sarathy Ayurvedic Hospital, Aluva Samwarthika Ayurveda, Muvattupuzha. COO Sakalya Ayurveda Management Services


Scroll to Top