Daily Tips

Brush your Teeth, the Ayurveda Way

കൈ കഴുകാന്‍ പഠിച്ചു. ഇനി പല്ലുതേക്കാന്‍ പഠിക്കാം!

പുല്ല് ചവച്ചോ, മരകമ്പിന്മേൽ പല്ലു കോർത്തോ, പാറയിൽ ഉരച്ചോ ഒക്കെ മൃഗങ്ങൾ തങ്ങളുടെ ദന്തസംരക്ഷണം നടത്തി പോരുന്നു. കൃത്രിമ ഭക്ഷണങ്ങളോ, മധുരമോ  ഇല്ലാത്ത പക്ഷം അതൊക്കെ തന്നെ അവർക്ക് ധാരാളം. ഉയർന്ന ജീവിയായ മനുഷ്യനിലേക്കു ഇതെത്തുമ്പോൾ ഒരു ചിട്ടയും സമയക്രമവും അതിനു കൈവരിക്കുന്നു.

ഉണർന്നശേഷം ശോധനാദി കർമ്മങ്ങൾക്കു പുറകെ ദന്തശുദ്ധി വരുത്തലാണ് മാനവ സംസ്കാരം. അതിനായി പല നിറവും ആകൃതിയും ഉള്ള ബ്രഷും പേസ്റ്റും ഒക്കെ ഇന്നവൻ ഉപയോഗിക്കുന്നു. ഓരോ ബ്രഷിന്‍റെയും പരമാവധി കാലാവധി ഒരുമാസമാണ്, കാരണം നിത്യേന അതിൽ ബാക്ടീരിയയും മറ്റു കീടാണുക്കളും പെരുകുന്നുണ്ട്. മാത്രമോ വർധിച്ച തോതിലുള്ള പാഴ് പ്ലാസ്റ്റിക്കും.

ആയുര്‍വേദ ടൂത്ത്ബ്രഷ്- 100% നാച്ചുറല്‍ 


ആയുർവേദം അനുശാസിക്കുന്ന പല്ലുതേപ്പ് ഈ ആശങ്കകളൊക്കെയും ദൂരീകരിക്കുന്നതാണ്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്നതും പ്രകൃതിക്കു ലവലേശം കോട്ടമില്ലാത്തതുമായ ബ്രഷുകൾ സ്വയം ഉണ്ടാക്കി പല്ലു തേക്കാം. ചവർപ്പും, കയ്പ്പും, എരിവും അടങ്ങുന്ന എരുക്ക്, പേരാൽ, കരിങ്ങാലി, വേപ്പ് എന്നിവയുടെ തളിർക്കൊമ്പുകൾ തങ്ങളുടെ ചെറുവിരലിന്‍റെ വണ്ണമുള്ളത് ചതച്ചു കൊണ്ടു ബ്രഷുണ്ടാക്കാം. ഓരോ പല്ലും പ്രത്യേകമായി മോണക്കു ചതവുണ്ടാകാത്ത രീതിയിൽ തേക്കണം. മാവില ചവച്ചു കൊണ്ടു പല്ലു തേക്കുന്ന രീതി കേരളത്തിൽ പണ്ടുണ്ടായിരുന്നു. "പഴുത്ത മാവിലകൊണ്ടു പല്ലുതേച്ചാൽ പുഴുത്ത പല്ലും കവടിക്കുതുല്യം" എന്ന ഒരു ചൊല്ല് തന്നെയുണ്ട് മലയാളത്തിൽ.

പല്ലുതേക്കൽ അല്പം ശ്രമകരവും, ശ്രദ്ധയോടെ ചെയ്യണ്ടതുമാകയാൽ ദഹനക്ഷയം, ഛര്‍ദ്ദി, ചുമ, ശ്വാസംമുട്ട്, പനി എന്നിവയുള്ളവർ ഇതു ചെയ്യേണ്ടതില്ല. 20 തവണയോളം ശുദ്ധജലം കൊണ്ട് കുലുക്കുഴിഞ്ഞാൽ പല്ലുതേപ്പിന്‍റെ ഗുണം ഏറെക്കുറെ കിട്ടും.

എന്തിനാണ് പല്ലു തേക്കുന്നത്?

നാവിന് തിരിച്ചറിയാൻ കഴിയുന്ന ആറു രസങ്ങൾ അഥവാ രുചികളാണുള്ളത് (മധുരം, പുളി, ഉപ്പു, ചവർപ്പ്, കയ്പ്പ്, എരിവ്). ഇവ ഓരോന്നും വ്യക്തമായി തിരിച്ചറിയാൻ കഴിയുക, വായ്നാറ്റം അകറ്റുക, വായ, നാവു രോഗങ്ങൾ നശിക്കുക, വായ്ക്കകത്തു അഴുക്കു പറ്റി പിടിച്ചിരിക്കുന്ന പോലുള്ള തോന്നൽ ഇല്ലാതാക്കുക, വായക്കു ലഘുത്വം തോന്നുക ഇതൊക്കെ പല്ലുതേപ്പിന്‍റെ ഗുണങ്ങളാണ്.

പല്ലുതേക്കുന്നതിൽ ചൂർണ്ണങ്ങൾക്ക് വലിയ സ്ഥാനമാണുള്ളത്. വായ കഫത്തിന്‍റെ സ്ഥാനവും പുലർകാലം കഫത്തെ കോപിപ്പിക്കുന്ന കാലവുമാണ്. അപ്പോൾ കഫത്തെ ഇല്ലായ്മ ചെയ്യുന്നതിനെ പറ്റി വേണം ആദ്യം കരുതാൻ. അതിനു ചൂർണ്ണമാണ് ഏറ്റവും നല്ലത്. ചെളിയിലോ മറ്റോ അല്പം മണൽ വാരിയിട്ടാൽ അതു പെട്ടെന്ന് ഉണങ്ങുകയും പെട്ടെന്ന് അടിച്ചു വാരി വൃത്തിയാക്കിക്കളയാനും സാധിക്കുന്നു. ഇതിനോട് തന്നെ പല്ലുതേപ്പിൽ ചൂർണങ്ങളെയും ഉപമിക്കാം. കഫത്തെ ചെളിയോട് ആചാര്യൻ ആദ്യം തന്നെ സാദൃശ്യപ്പെടുത്തിയിട്ടുമുണ്ട്.

കൃത്രിമമായ ടൂത്ത്പേസ്റ്റുകള്‍ക്ക് പകരം എന്ത്?


പൽപ്പൊടിയിൽ തേനും, ചുക്ക്- കുരുമുളക്- തിപ്പലി ഇവയുടെ ചൂർണ്ണവും ചേർത്തു തേക്കാം. അല്ലെങ്കിൽ നല്ലെണ്ണയും ഇന്ദുപ്പു പൊടിയും ചേർത്തും തേക്കാം, അതുമല്ലെങ്കിൽ ചെറുപുന്നയരി  ചേർത്തും പതിവായി തേക്കാം.

പൽപ്പൊടിയിൽ ചോക്ക് പൊടി ചേർക്കുന്നതും കണ്ടു വരുന്നുണ്ട്. അതു ചിലർക്കെങ്കിലും വായിൽ പൊള്ളലുണ്ടാക്കാം. പട്ട, ഗ്രാമ്പു, ഏലക്കായ എന്നിവ മിക്ക ചൂർണ്ണയോഗങ്ങളിലും കണ്ടു വരുന്നു. അവ വായ്ക്കു സുഗന്ധം നൽകും. കാവിമണ്ണ്‌ ചേർത്ത പാൽപ്പൊടി ഒരു പരിധി വരെ വായ്പുണ്ണിനെ ചെറുക്കും.

കടുക്ക, നെല്ലിക്ക, താന്നിക്ക അങ്ങനെയോ അല്ലെങ്കിൽ കരിച്ചു പൊടിച്ചതോ, അതിൽ ചെറുനാരങ്ങയുടെ പുറന്തോട് ചിരകി ഉണക്കി പൊടിച്ചതും ഇന്തുപ്പും ചേർത്താൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന നല്ലൊരു പൽപ്പൊടി ആയി.

മലയാളി ഒരിക്കലും മറക്കാത്ത ഉമിക്കരിയെ ഉപാസിച്ചവർ ഒരുക്കലും ദന്തഡോക്ടറെ കണ്ടിരുന്നില്ല. 1970 കളിൽ അന്തരാഷ്ട്ര ടൂത്ത്പേസ്റ്റ് കമ്പനികളുടെ കുപ്രചാരണത്തിൽ ഒരു വിഭാഗം പൂർണ്ണമായും ഉമിക്കരികൊണ്ടുള്ള പല്ലുതേപ്പു ഉപേക്ഷിച്ചു. എന്നാൽ ഇന്ന് ഉമിക്കരി, ആക്ടിവേറ്റഡ് ചാർക്കോൾ എന്ന പേരിൽ അവരുടെ പരസ്യങ്ങളിലൂടെ തിരിച്ചു വന്നു കൊണ്ടിരിക്കുന്നു. വിപണിയിൽ സാധാരണ ഉമിക്കരിയും ലഭ്യമാണ്. ധാന്യങ്ങളുടെ ഉമി കരിച്ചു അതിൽ ഇന്തുപ്പ് ചേർത്ത് ആയിരുന്നു നമ്മുടെ പൂർവികർ പല്ലു തേച്ചിരുന്നത്.

പല്ലുതേപ്പിന് ശേഷം ത്രിഫല കഷായം കൊണ്ടുള്ള മൗത്ത് വാഷും ആയുർവേദത്തിൽ കാണാം. ജീവിത വിജയത്തിന് കുറുക്കു വഴികൾ ഇല്ലാത്തതുപോലെ തന്നെ ആരോഗ്യ വിജയത്തിനും അതില്ല. അല്പമൊന്നു പരിശ്രമിച്ചു ആയുർവേദം അനുശാസിക്കുന്ന വഴിയേ ആരോഗ്യം ആഗ്രഹിക്കുന്നവർ സഞ്ചരിക്കണം.


About author

Dr. Aadith V.

Chief Physician- Ayurmitram, Kozhikode aadith.v@gmail.com


Scroll to Top