മദ്യാസക്തിക്ക് ഒരു ലോക്‌ഡൗണ്‍ 

"മദ്യം മദ്യം സർവ്വത്ര

തുള്ളി കുടിപ്പാനില്ലത്രേ !"

ഇതാണ് ഒരു ശരാശരി മദ്യപാനിയുടെ ലോക്‌ഡൗൺ കാലത്തെ മനോവികാരം.

മദ്യം എന്നാൽ ‘മദത്തെ ഉണ്ടാക്കുന്നത്’ എന്നർത്ഥം. സൗഹൃദത്തിൻ്റെ  പേരിലാണ് പലരും മദ്യം രുചിച്ചു തുടങ്ങുന്നത്. അവരിൽ ഒരു വിഭാഗം ഒരു ഘട്ടം കഴിയുമ്പോൾ അതിനെ പാടേ ഉപേക്ഷിക്കുന്നു. മദ്യത്തിനോടുള്ള അധികമായ ആസക്തി അവരിലില്ല എന്നതാണ് വസ്‌തുത. എന്നാൽ ഇത് ഉപേക്ഷിക്കാൻ കഴിയാത്ത അടുത്ത വിഭാഗമാണ് മദ്യാസക്തിയുള്ളവർ. ചുരുക്കിപ്പറഞ്ഞാൽ കൗമാരക്കാർ, ജോലി സംബന്ധമായി പിരിമുറുക്കം അനുഭവിക്കുന്നവർ, സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും സ്വസ്ഥത നഷ്ടപ്പെട്ടവർ  ഇവരിലൊക്കെയാണ് ഈ പ്രവണത കണ്ടുവരാറുള്ളത് . 

പൗരാണിക ഗ്രന്ഥങ്ങളിലും ആയുർവേദ സംഹിതകളിലും പറയപ്പെടുന്നത് മദ്യത്തിന്‍റെ ശരിയായ ഉപയോഗം (പ്രത്യേക വിധിപ്രകാരം) അമൃതിന് സമമാണെന്നും മറിച്ചായാൽ വിഷമാണെന്നുമാണ്. അതായത് ഒരു വ്യക്തിയെ ശാരീരികമായും മാനസികമായും ബൗദ്ധികമായും നശിപ്പിക്കാൻ കഴിയുന്ന ഒരു വജ്രായുധമായി തെറ്റായ മദ്യപാനം മാറാമെന്നർത്ഥം . ഇതിന്‍റെ ലക്ഷണങ്ങളിലേക്ക് കടന്നു ചെന്നാൽ തികച്ചും വ്യക്ത്യധിഷ്ഠിതമാണെന്ന് മനസ്സിലാകും. ആയുർവേദശാസ്ത്രപ്രകാരം ഇത് ത്രിദോഷങ്ങളുടെയും താളം തെറ്റിക്കുന്നു. പുഴക്കരയിൽ നിൽക്കുന്ന ഒരു വൃക്ഷത്തെ എപ്രകാരമാണോ കാറ്റ് ഇളക്കിമറിക്കുന്നത് അപ്രകാരമാണ് മദ്യം ഒരു വ്യക്തിയെ നശിപ്പിക്കുന്നത് എന്നാണ് ആചാര്യമതം. മിഥ്യാബോധം, ഭയം, ദേഷ്യം, ഉറക്കമില്ലായ്മ, സംശയരോഗം, വിരക്തി, ആത്‍മഹത്യ പ്രവണത ഇതെല്ലാം ഇത്തരക്കാരിൽ അവസ്ഥാനുസാരേണ കാണാവുന്നതാണ്. കൂടാതെ കരൾ രോഗങ്ങൾ, ആഗ്നേയഗ്രന്ഥി രോഗങ്ങൾ, വൃക്ക രോഗങ്ങൾ തുടങ്ങിയവയും കാണാവുന്നതാണ് . 

ചികിത്സാപരമായി ചിന്തിച്ചാൽ സ്വമേധയാ ഇത്തരം ആസക്തികളിൽ നിന്നും തനിക്ക്  പിന്മാറണം എന്ന തീരുമാനമാണ് ഒരു വ്യക്തിയിൽ ആദ്യം ഉടലെടുക്കേണ്ടത്. തീർച്ചയായും ഒരു വിഭാഗം ആളുകൾക്ക് മറ്റു ചികിത്സകൾ ഒന്നും ഇല്ലാതെ തന്നെ കൗൺസിലിംഗിലൂടെയും ശരിയായ ആഹാരവിഹാരങ്ങളിലൂടെയും ഇത്തരം ആസക്തികളിൽ നിന്ന് മുക്തി നേടാവുന്നതാണ്. ആന്തരിക അവയവങ്ങളിലേക്ക് രോഗം ബാധിച്ചവരും ഭയപ്പെടേണ്ടതില്ല. ഉത്തമനായ ഒരു വൈദ്യന്‍റെ സഹായത്താൽ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സചെയ്തും മേൽപ്പറഞ്ഞ രീതികളിലൂടെയും യോഗ, പ്രാണായാമം പോലുള്ള വ്യായാമമുറകളിലൂടെയും മനസ്സിനെയും ശരീരത്തെയും വരുതിയിലാക്കി നല്ലൊരു ജീവിതചര്യ കെട്ടിപ്പടുക്കുന്നത് വഴി പൂർണമായും മദ്യാസക്തിയിൽ നിന്ന് മുക്തമാകാവുന്നതാണ്.

നമുക്കറിയാം കുറെ ദിവസങ്ങളായി ലോക്‌ഡൗൺ കാരണം വീടുകളിൽ തന്നെ കഴിയുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. അതിനാൽ കുടുംബപ്രശ്നങ്ങളുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചു വരുന്നത് നമുക്ക് കാണാം. ഒരു പരിധി വരെ മദ്യത്തിന്‍റെ ദൗർലഭ്യം മൂലമുള്ള സാമൂഹിക പ്രത്യാഘാതമാണിത്. ഇത്തരം സന്ദർഭങ്ങളിൽ കുടുംബത്തിന്‍റെ പരിപൂർണ്ണ പിന്തുണ ഇവരിൽ തങ്ങൾ ഒറ്റക്കല്ല എന്ന തോന്നൽ ജനിപ്പിക്കുകയും അതുവഴി നഷ്ടപ്പെട്ടെന്നു കരുതിയ ജീവിതം തിരിച്ചു പിടിക്കാൻ സാധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ വീടുകളിൽ സ്നേഹാന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞാൽ നമ്മൾ വിജയിച്ചു. ഈശ്വര വിശ്വാസം ഉള്ളവരാവുക, കാരണം പ്രാർത്ഥനയോളം മനസ്സിന് ശാന്തി ലഭിക്കുന്ന മറ്റൊരു ഔഷധവും ലോകത്തില്ല. കുടുംബാംഗങ്ങൾ ഒന്നിച്ച്‌ ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുക, കുറച്ചു നേരമെങ്കിലും ഒന്നിച്ചിരുന്ന് വിശേഷങ്ങൾ പറയുക, നല്ല പുസ്‌തകങ്ങൾ വായിക്കുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുക, കൃത്യമായി വ്യായാമം ചെയ്യുക വഴി ലോക്‌ഡൗൺ കാലത്തെ പിരിമുറുക്കത്തിൽ നിന്ന് മനസ്സിനും ശരീരത്തിനും ഒരു പുത്തനുണർവ് നൽകാനും ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള മനോബലം സ്വായത്തമാക്കാനും നമുക്ക് സാധിക്കും.

മറ്റൊരു പ്രധാനപ്പെട്ട വസ്തുത ഈ സാംക്രമിക രോഗത്തിന്‍റെ കാലഘട്ടത്തിൽ സാമൂഹിക അച്ചടക്കം പാലിക്കുക എന്നതാണ്. സർക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിർദേശങ്ങൾ കൃത്യമായി പാലിക്കുക. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം വീട് വിട്ട് പുറത്തിറങ്ങുക. മദ്യം ലഭ്യമല്ലാത്ത ഈ സാഹചര്യത്തിൽ അരിഷ്ടാസവങ്ങൾ വാങ്ങാൻ ആളുകൾ കൂടിയതാണ് ഇപ്പോഴത്തെ മറ്റൊരു വിശേഷം. അരിഷ്ടങ്ങളിൽ മദ്യം ചേർത്തിട്ടുണ്ട് എന്ന തെറ്റായ ധാരണ ആണ് ഇതിനു വഴിയൊരുക്കിയിരിക്കുന്നത്. ഓരോ രോഗിയുടെയും രോഗത്തിന്‍റെയും ശരീര ബലത്തിന്‍റെയും അടിസ്ഥാനത്തിൽ വൈദ്യ നിർദ്ദേശപ്രകാരം 25 മുതൽ 30 മില്ലി വരെ രണ്ടോ മൂന്നോ നേരമാണ് അരിഷ്ടം സേവിക്കാനുള്ള വിധി. അതിൽ കൂടിയ അളവിൽ ഉപയോഗിച്ചാൽ  ഇവ ശരീരത്തിൽ വിപരീതമായ പ്രതിപ്രവർത്തനങ്ങൾ ഉണ്ടാക്കും. ആയുർവേദ മരുന്നുകൾ ലഹരിയല്ലെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. ലഹരിക്ക് വേണ്ടി മറ്റു മാർഗ്ഗങ്ങൾ അന്വേഷിച്ചു പോകുമ്പോൾ അത് ഒരു നാടിന് തന്നെ വിപത്തായി മാറും എന്ന് വിസ്മരിക്കരുത്. ഒരു വ്യക്തി നന്നായേലേ ഒരു കുടുംബം നന്നാവൂ. ഒരു കുടുംബം നന്നായേലേ ഒരു സമൂഹം നന്നാവൂ എന്നുള്ള വസ്തുത മറക്കാതെ ഈ മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടാൻ ശ്രമിക്കാം.


About author

Dr. Shinas B. S.

P. G. Scholar, Dept.of Pancakarma, K.V.G Ayurveda Medical College and Hospital, Sullia


Scroll to Top