കോവിഡും കേരളത്തിലെ ആയുർവേദ മേഖലയും

കഴിഞ്ഞ കുറച്ചു നാളുകളായി കോവിഡ് എന്ന മഹാമാരി ആയുർവേദ രംഗത്ത് ചില ചടുലമായ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്നതായി മനസ്സിലാക്കുവാൻ സാധിക്കും.

സാമ്പത്തിക രംഗത്തെ തിരിച്ചടികൾ എല്ലാ മേഖലകളെയും പോലെ ഇവിടെയും പ്രതിഫലിച്ചു എന്ന വസ്തുത നിലനിൽക്കെ ചില സന്തോഷകരവും പ്രോത്സാഹജനകവുമായ കാര്യങ്ങളും ഈ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മഹാമാരിയെ പേടിച്ച് നിൽക്കാതെ ജനങ്ങള്‍ക്ക്‌ ചെയ്യാൻ കഴിയുന്ന സഹായങ്ങൾ എത്തിക്കുവാൻ കൂട്ടായ ചില പരിശ്രമങ്ങൾ കാണാൻ സാധിച്ചു.

അവയിൽ എടുത്ത് പറയേണ്ടുന്ന ചിലതുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും മുൻകാലങ്ങളെ അപേക്ഷിച്ച് സമാനതകളില്ലാത്ത പിന്തുണ ലഭിക്കുകയുണ്ടായി. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സംസ്ഥാന ആരോഗ്യ മന്ത്രിയും പല അവസരത്തിലും ആയുർവേദത്തിന്‍റെ മാഹാത്മ്യം എടുത്തു പറയുകയുണ്ടായി. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ (AMAl)-യും സർക്കാർ ആയുർവേദ വിഭാഗവും സംയുക്തമായി പ്രതിരോധ മരുന്ന് വിതരണത്തിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. ആയുർരക്ഷാ ക്ലിനിക്കുകളുടെ തുടക്കവും യാഥാർത്ഥ്യമായി.

ഈ അവസരത്തിൽ വിവിധ മാനസിക സംഘർഷത്തിൽ പെട്ടവർക്കു കൈത്താങ്ങായി ഫോണിലൂടെ കൗൺസിലിങ്ങ് നടത്തുന്നതിന് ആയുർവേദ വിദഗ്ധർ വലിയ പ്രവർത്തനം നടത്തി.

കാലോചിതവും ജനോപകാരപ്രദവുമായ ചില കണ്ടു പിടിത്തങ്ങൾക്കും ആയുർവേദ മേഖല സാക്ഷിയായി. അവയിൽ പ്രധാനം കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ശുദ്ധി എന്ന പേരിലുള്ള ആയുർവേദ സാനിറ്റൈസറിന്‍റെ ആവിർഭാവമായിരുന്നു. പിന്നീട്  പങ്കജകസ്തുരി പോലെയുള്ള കമ്പനികളും ഇതേ രൂപത്തിലുള്ള ഉൽപന്നം വിപണിയിലെത്തിച്ചു. മറ്റൊരു കണ്ടുപിടിത്തമായിരുന്നു ആയുർവേദ മാസ്കിന്‍റെ ഉത്പാദനം. തികച്ചും ജനനൻമയ്ക്ക് ഉതകുന്നതായിരുന്നു തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിലെ പ്രഫസറായ Dr. ആനന്ദ് ഈ മാസ്ക്കിന്‍റെ കണ്ടുപിടുത്തലുടെ നടത്തിയത്.

സോഷ്യൽ മീഡിയയിൽ ആയുർവേദത്തിന് ഈ അവസരത്തിൽ ഗണ്യമായ സ്വീകരണമാണ് ലഭിച്ചത്. വ്യത്യസ്തവും നൂതനവുമായ ആശയങ്ങളുമായി പുതിയ ഗ്രൂപ്പുകളും പേജുകളും വീഡിയോകളും ഫേസ്ബുക്കിലും വാട്സപ്പിലും യുട്യൂബിലും മറ്റ് സോഷ്യൽ മീഡിയകളിലും ആയുർവേദത്തെ പുത്തൻ ഉണർവോടെ സജീവമാക്കി നിർത്തി. അവയിൽ പ്രധാനമായി ആയുര്‍വേദ കമ്മ്യൂണിറ്റി (ayurvedacommunity.org), ചുക്കുകാപ്പി മുതലായ പേജുകൾ ആയുർവേദ രംഗത്തുള്ളവരുടെ മാത്രമല്ല സാധാരണ ജനങ്ങളുടെയും ശ്രദ്ധ നേടുന്നതിൽ വിജയിച്ചു.

കൊവിഡ്‌ ചികിത്സാരംഗത്തെ അയിത്തം ഇനിയും അവസാനിച്ചിട്ടില്ലെങ്കിലും ജനോപകാരപ്രദമായ പല പ്രവർത്തനങ്ങളും കാഴ്ചവയ്ക്കാൻ ആയുർവേദ മേഖലയ്ക്ക് കഴിഞ്ഞു എന്ന് നിസ്സംശയം പറയാം. ഈ പുത്തൻ ഉണർവ്  ആയുർവേദ മേഖലയെ തീർച്ചയായും ഇനിയും ഉയരങ്ങളിലെക്ക് നയിക്കും.


About author

Dr. Ranchand K.

Chief Consultant Physician- Kottakkal Arya Vaidya Sala, Karukappally, Ernakulam


Scroll to Top